രഞ്ജി ട്രോഫി: കേരളത്തിനെതിരെ ഹരിയാനയ്ക്ക് ബാറ്റിംഗ് തകർച്ച
Friday, November 15, 2024 6:04 PM IST
ലാഹിൽ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരായ മത്സരത്തിൽ ഹരിയാനയ്ക്ക് ബാറ്റിംഗ് തകർച്ച. മൂന്നാം ദിനത്തിലെ കളി നിർത്തുന്പോൾ ഒന്നാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 139 എന്ന നിലയിലാണ് ഹരിയാന.
നിഷാന്ത് സിന്ധുവും ജയന്ത് യാദവുമാണ് ക്രീസിൽ. നിഷാന്ത് 29 റൺസും ജയന്ത് ഒരു റണും എടുത്തിട്ടുണ്ട്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 291 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ ഹരിയാനയ്ക്ക് സ്കോര്‍ 38ല്‍ നില്‍ക്കെ ഓപ്പണര്‍ യുവരാജ് യോഗേന്ദർ സിംഗിന്റെ വിക്കറ്റ് നഷ്ടമായി. 20 റൺസാണ് താരം നേടിയത്.
നേടുമൻകുഴി ബേസിലാണ് യുവരാജ് സിംഗിന്റെ വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ ലക്ഷ്യ സുമന് ദയാലിനെ(21) ബേസില്‍ തമ്പി വീഴ്ത്തിയതോടെ ഹരിയാന പ്രതിരോധത്തിലായി.നായകൻ അങ്കിത് കുമാറും(27), എച്ച് ജെ റാണയും(17) ചേര്‍ന്ന് 32 റണ്‍സ് കൂട്ടുകെട്ടിലൂടെ സ്കോര്‍ 80ല്‍ എത്തിച്ചെങ്കിലും റാണയെ സല്മാന് നിസാര്‍ റണ്ണൗട്ടാക്കിയത് കളിയില്‍ വഴിത്തിരിവായി.
പിന്നാലെ ധീരു സിംഗ്(7) നിധീഷിന്റെ പന്തില്‍ പുറത്തായി. പൊരുതി നിന്ന ക്യാപ്റ്റന്‍ അങ്കിത് കുമാറിനെയും നിധീഷ് തന്നെ പുറത്താക്കിയതോടെ ഹരിയാന 95-5ലേക്ക് തകര്‍ന്നു.
സ്കോർ 125ൽ നിൽക്കെ കപിൽ ഹൂഡയും 137ൽ നിൽക്കെ സുമിത് കുമാറും പുറത്തായി. കേരളത്തിന് വേണ്ടി എം.ഡി.നിധീഷ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ബേസിൽ തന്പിയും ജലജ് സക്സേനയും എൻ. ബേസിലും ഓരോ വിക്കറ്റ് വീതം നേടി.
മൂന്നാം ദിനം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന കേരളം ഒന്നാം ഇന്നിംഗ്സില്‍ 291 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു.