ആത്മകഥ വിവാദം; ഇ.പി ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം നല്‍കിയേക്കും
Friday, November 15, 2024 8:43 AM IST
തിരുവനന്തപുരം: ആത്മകഥ വിവാദത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ഇന്ന് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം നല്‍കിയേക്കും. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ആദ്യമായിട്ടാണ് അദ്ദേഹം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്ത് എത്തുന്നത്.
ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പു ദിവസമാണ് ഇ.പി. ജയരാജന്റെ ആത്മകഥയുടെ ഉള്ളടക്കം എന്ന പേരില്‍ ചില വിവരങ്ങള്‍ പുറത്തുവന്നത്. ഇ.പി. ഇതിനെ പരസ്യമായി തള്ളിയിരുന്നു. നിലവില്‍ ഇ.പിയുടെ പ്രതികരണങ്ങള്‍ വിശ്വാസത്തിലെടുത്താണ് സിപിഎം മുന്നോട്ടു പോകുന്നതെങ്കിലും വിഷയത്തില്‍ അദ്ദേഹത്തോട് പാര്‍ട്ടി വിശദീകരണം തേടും.
സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ചചെയ്യാന്‍ സാധ്യതയുണ്ട്. എന്നാല്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ വിശദമായ പരിശോധന പാലക്കാട് ഉപതെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞശേഷമായിരിക്കും ഉണ്ടാവുക. ചേലക്കര വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ വിലയിരുത്തലുകളും യോഗത്തില്‍ ഉണ്ടാകും.
ജയരാജനൊപ്പം നില്ക്കുന്നു എന്ന രീതിയിലാണ് കഴിഞ്ഞദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വിഷയത്തിൽ പ്രതികരിച്ചത്. ആളുകള്‍ പുസ്തകം എഴുതുന്നതിനൊന്നും പാര്‍ട്ടിയോട് അനുവാദം വാങ്ങേണ്ട ആവശ്യമില്ലെന്നു പറഞ്ഞ ഗോവിന്ദന് ആത്മകഥ പ്രസിദ്ധീകരിക്കാന്‍ കൊടുത്തിട്ടില്ലെന്ന് ജയരാജന് തന്നെ പറഞ്ഞ സ്ഥിതിക്ക് പിന്നെ നിങ്ങള്‍ ഉണ്ടാക്കുന്ന ഗൂഢാലോചനയ്ക്ക് ഞങ്ങള്‍ എന്തിനാണ് ഉത്തരം പറയുന്നതെന്നും മാധ്യമങ്ങളോടു ചോദിച്ചിരുന്നു.
അതേസമയം, ഉപതെരഞ്ഞെടുപ്പ് ദിവസം ഉണ്ടായ വിവാദം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വിവാദം ചേലക്കരയില്‍ പ്രതിഫലിച്ചേക്കാമെന്ന വിലയിരുത്തലും പാര്‍ട്ടിക്കുള്ളിലുണ്ട്. പാലക്കാട്ടെ ഇടതു സ്ഥാനാര്‍ഥി സരിനെതിരായ പരാമര്‍ശങ്ങളും പുസ്തകത്തിലുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
യുഡിഎഫും ബിജെപിയും ഇത് പാലക്കാട്ട് സിപിഎമ്മിനെതിരേ ആയുധമാക്കുമെന്നു പാർട്ടി ആശങ്കപ്പെടുന്നുണ്ട്. ആത്മകഥാ വിവാദം പാലക്കാട് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം സിപിഎം ഗൗരവമായിത്തന്നെ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
ഇ.പി. ജയരാജന്റെ സ്വകാര്യ ശേഖരത്തിലെ ചിത്രങ്ങള്‍ പുസ്തകത്തിന്റെ ഭാഗമായതെങ്ങനെ എന്ന ചോദ്യങ്ങളുയരുന്നുണ്ട്. അതോടൊപ്പം ഉപതെരഞ്ഞടുപ്പ് ദിവസം തന്നെ പുസ്തകം പുറത്തുവന്നത് യാദൃശ്ചികമാണോ എന്ന സംശയവും ഉയരുന്നു. പുസ്തകത്തിലേതായി പുറത്തുവന്ന ഭാഗങ്ങളില്‍ ഇ.പി. സംഘടനാ പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ ഇതുവരെയുള്ള കാര്യങ്ങള്‍ അക്കമിട്ട് പറയുന്നുണ്ട്.
എന്നാല്‍ ഡിസി ബുക്സിന്റെ പേരില്‍ പ്രചരിക്കുന്ന പുസ്തകം തന്റേതല്ലെന്നാണ് ഇ.പി. പരസ്യമായി പറയുന്നത്. ഇതിനുപിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഡിസി ബുക്സിന് വക്കീല്‍ നോട്ടീസ് അയച്ച അദ്ദേഹം ഡിജിപിക്കു പരാതിയും നല്കി.
"കട്ടന്‍ ചായയും പരിപ്പുവടയും - ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതം' എന്ന തലക്കെട്ടുള്ള പുസ്തകത്തിന്റെ കവര്‍ചിത്രം ചൊവ്വാഴ്ച വൈകുന്നേരമാണ് ഡിസി ഫേസ്ബുക്കിലൂടെ പുറത്തുവന്നത്. പോസ്റ്റില്‍ ഇ.പിയെ ടാഗ് ചെയ്തിരുന്നു. എന്നാല്‍ രണ്ടു പ്രസാധകര് തന്നെ സമീപിച്ചെങ്കിലും ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് ജയരാജന് പറയുന്നത്.
ഉപതെരഞ്ഞെടുപ്പു ദിവസമായ ബുധനാഴ്ച രാവിലെ വിവാദം പ്രതിപക്ഷം ഉള്‍പ്പടെ ഏറ്റുപിടിച്ചതോടെ പുസ്തകത്തിന്റെ പ്രകാശനം സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവച്ചതായി ഡിസി പിന്നീട് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
നേരത്തെ, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു നടന്ന ഏപ്രില്‍ 26നും ഇ.പി. വിവാദത്തില്‍ നിറഞ്ഞിരുന്നു. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറെ കണ്ടു എന്ന ജയരാജന്റെ പ്രസ്താവന അന്ന് സിപിഎമ്മിനെയും എല്‍ഡിഎഫിനെയും പ്രരിരോധത്തിലാക്കിയിരുന്നു.