സ്ഥാനാര്‍ത്ഥിത്വം പാർട്ടി തന്ന അംഗീകാരമെന്ന് രാഹുൽ; ഉത്തരവാദിത്തം നിറവേറ്റുമെന്ന് രമ്യ
Tuesday, October 15, 2024 11:46 PM IST
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത് വലിയ കാര്യമായി കാണുന്നുവെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രിയങ്ക ഗാന്ധി പാർലമെന്റിലേക്ക് കാലെടുത്ത് വയ്ക്കുന്ന നിർണായക തെരഞ്ഞെടുപ്പാണിത്.
അങ്ങനെയൊരു ഉപതെരഞ്ഞെടുപ്പിൽ പാർട്ടി തന്നെ നിയോഗിച്ചതിൽ സന്തോഷമുണ്ടെന്നും രാഹുൽ പറഞ്ഞു. ഈ പ്രായത്തിനിടയ്ക്ക് പാര്‍ട്ടി തനിക്ക് നിരവധി അവസരങ്ങള്‍ തന്നിട്ടുണ്ട്. കാത്തലിക്ക് കോളജിലെ യൂണിറ്റ് കമ്മിറ്റി തൊട്ട് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ പദവി വരെ നിരവധിയായ അവസരങ്ങള്‍ നല്കി.
മുതിർന്ന നേതാക്കളുടെയെല്ലാം അനുഗ്രഹമുണ്ട്. പാലക്കാട് ജില്ലയിലെ നേതാക്കളുടെ പിന്തുണയുണ്ട്. പൊതുവിലുള്ള രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാണ്. ഈ തെരഞ്ഞെടുപ്പിലെ യഥാർഥ ട്രെൻഡ് സെറ്റ് ചെയ്യാൻ പോകുന്നത് ചേലക്കരയാകുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നാളിതുവരെ നിറവേറ്റിയ പോലെ നിറവേറ്റുമെന്ന് രമ്യ ഹരിദാസ് പറഞ്ഞു. ജനങ്ങൾ ആഗ്രഹിക്കുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും ചേലക്കരയിൽ വരാൻ പോകുന്നത്. അത് ഐക്യ ജനാധിപത്യ മുന്നണിക്ക് ഒപ്പമായിരിക്കുമെന്നും രമ്യ പറഞ്ഞു.