ആദിവാസി യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ
കുത്തേറ്റ് മരിച്ച ബാലൻ (ഇടത്ത്), പ്രതി ജയൻ (വലത്ത്)
Monday, October 14, 2024 5:20 PM IST
തൊടുപുഴ: വെള്ളിയാമറ്റം പൂച്ചപ്രയില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ആദിവാസി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയില്‍. പൂച്ചപ്ര വാളിയംപ്ലാക്കല്‍ ബാലന് (കൃഷ്ണന് - 48) കുത്തേറ്റു മരിച്ച കേസില്‍ ബന്ധുവായ വാളിയംപ്ലാക്കല്‍ ജയനെ (33) ആണ് കുളമാവ് പോലീസിന്റെ സഹായത്തോടെ കാഞ്ഞാര്‍ എസ്ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നു രാവിലെ അറസ്റ്റ് ചെയ്തത്.
പൂച്ചപ്ര സ്കൂളിനു സമീപം ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ബാലനെ കുത്തിയ ശേഷം ഒളിവില്‍ പോയ ജയന് കുളമാവിനു സമീപം കോഴിപ്പള്ളിയിലെ കാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സംഭവ ദിവസം ഇവര്‍ രണ്ടുപേരും ഒന്നിച്ചു മദ്യപിച്ചതിനു ശേഷം പൂച്ചപ്രയിലൂടെ നടക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു.
പിന്നീട് പൂച്ചപ്ര സ്കൂളിന്റെ സമീപം കുത്തേറ്റ നിലയിലാണ് നാട്ടുകാര്‍ ബാലനെ കണ്ടത്. വിവരമറിഞ്ഞെത്തിയ കാഞ്ഞാര്‍ പോലീസ് ഇയാളെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഘം ചേര്‍ന്ന് മദ്യപിച്ചതിനു ശേഷം ബാലനും ജയനും കൂടിയാണ് നടന്നുപോയതെന്ന് നാട്ടുകാര്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇതെത്തുടര്‍ന്നാണ് ജയനായി നാട്ടുകാരുടെ സഹായത്തോടെ പോലീസ് അന്വേഷണം ആരംഭിച്ചത്. രണ്ട് ദിവസം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് പ്രതി പോലീസിന്റെ പിടിയിലായത്.
മാസങ്ങള്‍ക്കു മുമ്പും ബാലനെ ജയന് ആക്രമിച്ചിരുന്നു. അന്നു കാലിനു മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ബാലിന് ഏറെനാള്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് വീട്ടിലെത്തിയത്. പിന്നീട് വീണ്ടും ഇരുവരും സൗഹൃദത്തിലാകുകയായിരുന്നു.
ജയന് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കും. ബാലന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ശാന്തകുമാരിയാണ് ഭാര്യ. മക്കള്‍ ശാലിനി, അനന്ദു.