തകർത്തടിച്ച് സച്ചിനും രോഹനും; പഞ്ചാബിനെതിരേ കേരളത്തിന് തകർപ്പൻ ജയം
Monday, October 14, 2024 3:47 PM IST
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരേ കേരളത്തിന് ആവേശകരമായ ജയം. തുമ്പയിൽ രണ്ടാമിന്നിംഗ്സിൽ പഞ്ചാബ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം 36 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു. അർധസെഞ്ചുറി നേടിയ സച്ചിൻ ബേബിയുടെയും തകർത്തടിച്ച രോഹൻ കുന്നുമ്മലിന്റെയും ബാറ്റിംഗാണ് കേരളത്തിന് ഒരുദിവസം ബാക്കിനില്ക്കെ വിജയം സമ്മാനിച്ചത്.
ചെറിയ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ക്യാപ്റ്റൻ സച്ചിൻ ബേബിയും (56) രോഹൻ കുന്നുമ്മലും (48) ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്. സ്കോർ 73 റൺസിൽ നില്ക്കെ രോഹൻ കുന്നുമ്മലിനെ നഷ്ടമായി. നാലു ഫോറും രണ്ടു സിക്സറും പറത്തി മികച്ച ഫോമിൽ നിന്ന രോഹനെ മായങ്ക് മാർക്കണ്ഡെ സ്വന്തം പന്തിൽ പിടിച്ചു പുറത്താക്കുകയായിരുന്നു.
പിന്നാലെയെത്തിയ ബാബ അപരാജിതിനെ (39) കൂട്ടുപിടിച്ച് സച്ചിൻ അതിവേഗം ലക്ഷ്യത്തിലേക്ക് ബാറ്റ് വീശി. അർധസെഞ്ചുറിക്കു പിന്നാലെ വിജയത്തിനു തൊട്ടരികെ സച്ചിൻ പുറത്തായി. സ്കോർ 148 റൺസിൽ നില്ക്കെ മൻജോത് സിംഗ് ചഹലിന്റെ പന്തിൽ അൻമോൽപ്രീത് സിംഗ് പിടിച്ചു പുറത്താക്കുകയായിരുന്നു.
തുടർന്ന് ക്രീസിൽ ഒന്നിച്ച അപരാജിതും സൽമാൻ നിസാറും (ഏഴ്) ചേർന്ന് കൂടുതൽ പരിക്കുകളില്ലാതെ കേരളത്തെ വിജയതീരത്തെത്തിച്ചു.
നേരത്തെ, അർധസെഞ്ചുറി നേടിയ പ്രഭ്സിമ്രാന് സിംഗിന്റെ (51) കരുത്തിലാണ് പഞ്ചാബ് ഭേദപ്പെട്ട വിജയലക്ഷ്യം മുന്നോട്ടുവച്ചത്. അർധസെഞ്ചുറി നേടിയ പ്രഭ്സിമ്രാന് സിംഗിന്റെ (51) കരുത്തിലാണ് പഞ്ചാബ് നൂറുകടന്നത്. 49 പന്തിൽ ഒരു സിക്സും ഏഴ് ഫോറും ഉൾപ്പെടുന്നതാണ് പ്രഭ്സിമ്രാന്റെ അർധസെഞ്ചുറി. 122 പന്തിൽ 37 റൺസെടുത്ത അൻമോൽപ്രീത് സിംഗ് ആണ് പഞ്ചാബ് നിരയിലെ രണ്ടാമത്തെ ടോപ് സ്കോറർ.
ഇവർക്കു പുറമേ 12 റൺസെടുത്ത നേഹൽ വധേര മാത്രമാണ് പഞ്ചാബ് നിരയിൽ രണ്ടക്കം കണ്ടത്. ഓപ്പണർ നമാൻ ധിർ (ഏഴ്), സിദ്ധാർഥ് കൗൾ (പൂജ്യം), കൃഷ് ഭഗത് (അഞ്ച്), മായങ്ക് മാർക്കണ്ഡെ (ഒമ്പത്), രമൺദീപ് സിംഗ് (പൂജ്യം), ഗുർനൂർ ബ്രാർ (ഒന്ന്) എന്നിവരെല്ലാം നിരാശപ്പെടുത്തി.
നാലു വിക്കറ്റ് വീതം വീഴ്ത്തിയ ആദിത്യ സർവതെ, ബാബ അപരാജിത്, രണ്ടു വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന എന്നിവരുടെ ബൗളിംഗ് പ്രകടനമാണ് പഞ്ചാബിനെ 142 റൺസിൽ ഒതുക്കിയത്. നേരത്തെ, പഞ്ചാബിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 194ന് എതിരേ കേരളം 179നു പുറത്തായിരുന്നു.
കേരളത്തിനായി ആദിത്യ സർവതെ 19 ഓവറിൽ 43 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റെടുത്തത്. ബാബ അപരാജിത് 15 ഓവറിൽ 35 റൺസ് വഴങ്ങി നാലു വിക്കറ്റ് സ്വന്തമാക്കി. ജലജ് സക്സേന 18.1 ഓവറിൽ 40 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിംഗ്സിൽ ജലജ് സക്സേനയും ആദിത്യ സർവതെയും അഞ്ചുവിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.