തീവ്രന്യൂനമർദവും ചക്രവാതച്ചുഴിയും: അതിശക്തമായ മഴയ്ക്കു സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
Monday, October 14, 2024 2:51 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ കനക്കാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്കും വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ചൊവ്വാഴ്ച മലപ്പുറം, കണ്ണൂർ ജില്ലകളിലും ബുധനാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും കോഴിക്കോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഇടിയോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത മൂന്നുമണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
അടുത്ത നാലു ദിവസത്തിനുള്ളിൽ രാജ്യത്ത് നിന്ന് കാലവർഷം പൂർണമായും വിടവാങ്ങാൻ സാധ്യതയുണ്ട്. അതേ ദിവസങ്ങളിൽ തന്നെ (ഒക്ടോബർ 15-16) തെക്ക് കിഴക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാൻ സാധ്യതയുണ്ട്.
മധ്യ അറബിക്കടലിൽ തീവ്രന്യുനമർദം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒമാൻ തീരത്തേക്ക് നീങ്ങി അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തികൂടിയ ന്യുനമർദമായി മാറാൻ സാധ്യതയുണ്ട്.
തീവ്രന്യുനമർദത്തിൽ നിന്ന് തെക്കൻ കേരളം വഴി കോമറിൻ മേഖല വരെ ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യുനമർദമായി ശക്തിപ്രാപിച്ചു. ചൊവ്വാഴ്ചയോടെ ശക്തികൂടിയ ന്യുനമർദമായി മാറി തുടർന്നുള്ള രണ്ടുദിവസം വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്ധ്രാ തീരത്തിന്റെ മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇവയുടെ ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.