പ്രതിഷേധിച്ചവർക്കെതിരേ കലാപാഹ്വാനം നടത്തിയതിനുള്ള മറുപടിയാണ് കോടതി വിധിയെന്ന് മുഹമ്മദ് ഷിയാസ്
Thursday, October 10, 2024 1:56 AM IST
കൊച്ചി : മുഖ്യമന്ത്രിയുടെ രക്ഷാ പ്രവർത്തന പരാമർശത്തിൽ ഏതറ്റംവരേയും പോകുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജനാധിപത്യപരമായി പ്രതിഷേധിച്ചവർക്കെതിരേ കലാപാഹ്വാനം നടത്തിയതിനുള്ള മറുപടിയാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. നവകേരള സദസിലെ രക്ഷാ പ്രവർത്തന പരാമർശത്തിലാണ് കോടതി നടപടി സ്വീകരിച്ചത്. എറണാകുളം സിജെഎം കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
എറണാകുളം സെൻട്രൽ പോലീസ് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശിച്ചിട്ടുള്ളത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പരാതിയിലാണ് നടപടി. പരാമർശം കുറ്റകൃത്യം തുടരാനുള്ള പ്രേരണയാണെന്ന് ഹർജിയിൽ പറയുന്നു.
നവകേരള സദസിനിടെ പലയിടങ്ങളിലായി മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. എന്നാൽ ഇതിനെ ഡിവൈഎഫ്ഐ പ്രവർത്തകരും പോലീസും നേരിടുന്ന സാഹചര്യമുണ്ടായി.
പിന്നാലെ ഇത് രക്ഷാപ്രവർത്തനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തന്റെ വാഹനത്തിന് മുന്നിലേക്ക് ചാടിയവരേ ഡിവൈഎഫ്ഐ പ്രവർത്തകർ രക്ഷിക്കുകയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.