അജിത് കുമാറിനെ വിളിച്ച് പട്ടില്‍ പൊതിഞ്ഞ ഒരു ശകാരമെങ്കിലും ചെയ്യണ്ടേ; മുഖ്യമന്ത്രിക്കെതിരേ സതീശൻ
Tuesday, October 8, 2024 4:30 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പറഞ്ഞിട്ടാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കാണാൻ പോയത് എന്നുള്ളതുകൊണ്ടാണ് അദ്ദേഹത്തിനെതിരേ അന്വേഷണത്തിന് നിര്‍ദേശം നല്‍കാത്തതെന്ന് വി.ഡി. സതീശൻ. ഈ ആരോപണം താനാണ് ആദ്യം ഉന്നയിച്ചതെന്നും സതീശൻ പറഞ്ഞു.
ഈ വിവരം കിട്ടി ഒരുമാസം കഴിഞ്ഞ് ശരിയാണോയെന്ന് നൂറ് ശതമാനം പരിശോധിച്ച ശേഷമാണ് ഒരാക്ഷേപമായി ഉന്നയിച്ചത്. ആദ്യം ബിജെപി പ്രസിഡന്റ് അക്കാര്യം നിഷേധിച്ചു. അജിത് കുമാര്‍ പാര്‍ട്ടിക്കാരനല്ലല്ലോ എന്നും അദ്ദേഹം ആര്‍എസ്എസ് നേതാവിനെ കണ്ടാലെന്താണ് കുഴപ്പമെന്നുമാണ് ചിലര്‍ ചോദിച്ചത്.
എന്തിനാണ് മുഖ്യമന്ത്രി ആര്‍എസ്എസ് നേതാക്കളെ കാണാന്‍ അജിത്ത് കുമാറിനെ പറഞ്ഞയച്ചത് എന്നാണ് ഞങ്ങളുടെ ചോദ്യം. മുഖ്യമന്ത്രി അറിയാതെയാണ് പോയതെങ്കില്‍ അജിത് കുമാറിനെ വിളിച്ച് പട്ടില്‍ പൊതിഞ്ഞ ഒരു ശകാരമെങ്കിലും ചെയ്യണ്ടേ.
ഡിജിപിയെ വിളിച്ച് ഇദ്ദേഹത്തെക്കുറിച്ച് അന്വേഷിക്കാന്‍ പറയണ്ടേ. പറഞ്ഞോ? എന്താ പറയാതിരുന്നത്?. എന്താണ് അന്വേഷണത്തിന് ഉത്തരവിടാതിരുന്നത്?. മുഖ്യമന്ത്രി പറഞ്ഞിട്ട് പോയതുകൊണ്ടാണ് അതൊന്നും ചെയ്യാതിരുന്നതെന്നും സതീശൻ വ്യക്തമാക്കി.