കാഷ്മീരിൽ അക്കൗണ്ട് തുറന്ന് എഎപി; ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകും
Tuesday, October 8, 2024 3:26 PM IST
ശ്രീനഗർ: ജമ്മുകാഷ്മീരിൽ പത്തുവർഷത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം അധികാരത്തിലേക്ക്. ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകുമെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള പറഞ്ഞു.
നാഷണൽ കോൺഫറൻസ് 40 സീറ്റിലും കോൺഗ്രസ് ആറുസീറ്റിലും ബിജെപി 29 സീറ്റിലും ലീഡു ചെയ്യുകയാണ്. എൻസിയുടെ ഒമർ അബ്ദുള്ള മത്സരിച്ച രണ്ടിടങ്ങളിലും വിജയം ഉറപ്പിച്ച് മുന്നേറുകയാണ്. അതിനിടെ സംസ്ഥാനത്ത് ആം ആദ്മി പാർട്ടി അക്കൗണ്ട് തുറന്നു.
ദോഡ മണ്ഡലത്തിൽ എഎപി സ്ഥാനാർഥി മെഹ്റാജ് മാലിക്ക് വിജയിച്ചു. ജമ്മുകാഷ്മീരിൽ വിജയിക്കാനായതിൽ അഭിമാനമുണ്ടെന്ന് അരവിന്ദ് കേജരിവാൾ പറഞ്ഞു. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി കുൽഗാമിൽ മത്സരിച്ച സിപിഎം സ്ഥാനാർഥി മുഹമ്മദ് യൂസഫ് തരിഗാമിയും വിജയിച്ചു.
മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളും പിഡിപി സ്ഥാനാർഥിയുമായ ഇൽത്തിജ മുഫ്തി ബിജ്ബിഹേര മണ്ഡലത്തിൽ പരാജയം സമ്മതിച്ചു. നാഷണൽ കോൺഫറൻസിന്റെ (എൻസി) ബഷീർ അഹമ്മദ് ഷാ വീരിയാണ് ഈ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്.