മലപ്പുറം പരാമർശം: മുഖ്യമന്ത്രിയെ രക്ഷിക്കാൻ സ്പീക്കർ രാഷ്ട്രീയം കളിച്ചു: കെ.സുധാകരന്
Monday, October 7, 2024 11:44 PM IST
തിരുവനന്തപുരം: മലപ്പുറം പരാമര്ശത്തിന്മേല് മുഖ്യമന്ത്രിക്ക് മറുപടി പറയാനില്ലാത്തിനാൽ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്.
അടിയന്തര പ്രമേയത്തിന് സമയം നിശ്ചയിച്ച ശേഷം അതിന് മുന്‍പായി സഭാനടപടികള്‍ വേഗത്തില്‍ തീര്‍ത്ത് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞ് നാളെ ചേരുമെന്ന് പ്രഖ്യാപിച്ച് സ്പീക്കർ ഒളിച്ചോടിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ രക്ഷിക്കാനായിരുന്നു സ്പീക്കറുടെ ഈ നടപടിയെന്നും കെപിസിസി പ്രസിഡന്റ് വിമർശിച്ചു.
സ്വര്‍ണ്ണക്കടത്ത്, വിദ്വേഷ പരാമര്‍ശം ഉള്‍പ്പെടെ കേരളം ചര്‍ച്ച ചെയ്യുന്ന വിവാദ വിഷയങ്ങളില്‍ ചോദ്യം ഉന്നയിക്കാനുള്ള പ്രതിപക്ഷത്തിന്റെ ജനാധിപത്യപരമായ അവകാശമാണ് സര്‍ക്കാര്‍ നിയമസഭയില്‍ നിഷേധിച്ചത്.
മലപ്പുറത്തെ മോശമായി ചിത്രീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ ബോധപൂര്‍വ്വമായ ശ്രമങ്ങളെ നിയമസഭയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ മനപൂര്‍വം പ്രശ്നം സൃഷ്ടിച്ചത് ഭരണപക്ഷമാണെന്നും സുധാകരൻ പറഞ്ഞു.