അബ്ദുള്ള ഷഫീഖിനും ഷാന്‍ മസൂദിനും സെഞ്ചുറി; പാക്കിസ്ഥാൻ കൂറ്റൻ സ്കോറിലേക്ക്
Monday, October 7, 2024 7:11 PM IST
മുള്‍ട്ടാന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാൻ കൂറ്റൻ സ്കോറിലേക്ക് നീങ്ങുന്നു. ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുന്പോൾ പാക്കിസ്ഥാൻ നാലുവിക്കറ്റ് നഷ്ടത്തിൽ 328 റൺസ് എന്ന നിലയിലാണ്. 35 റണ്‍സോടെ സൗദ് ഷക്കീലും റണ്ണൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാന് നസീം ഷായുമാണ് ക്രീസില്‍.
ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (151) ഓപ്പണര്‍ അബ്ദുള്ള ഷെഫീഖ് (102) എന്നിവരുടെ സെഞ്ചുറിയാണ് പാക്കിസ്ഥാന് മികച്ച അടിത്തറ ഒരുക്കിയത്. സെഞ്ചുറി നേടിയതിന് പിന്നാലെ 184 പന്തില്‍ 102 റണ്‍സെടുത്ത അബ്ദുള്ള ഷഫീഖിനെ ഗസ് അറ്റ്കിന്സണ് പുറത്താക്കി. തൊട്ടു പിന്നാലെ 177 പന്തില്‍ 151 റണ്‍സടിച്ച ക്യാപ്റ്റൻ ഷാന്‍ മസൂദിനെ ജാക് ലീച്ചും പുറത്താക്കി.
13 ഫോറും രണ്ട് സിക്സും അടക്കമാണ് ഷാന്‍ മസൂദ് 151 റണ്‍സടിച്ചത്. ബാബര്‍ അസം 30 റൺസ് നേടി. ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിന്സണ് രണ്ടും ക്രിസ് വോക്സും ജാക് ലീച്ചും ഒരു വിക്കറ്റ് വീതം വീഴ്ത്തി. ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടിൽ നടന്ന പരമ്പര തോറ്റതിന്റെ നാണക്കേടുമായാണ് പാക്കിസ്ഥാൻ ഇംഗ്ലണ്ടിനെ നേരിടുന്നത്.