സെഞ്ചുറിയുമായി ഷാൻ മസൂദ്, സെഞ്ചുറിക്കരികെ അബ്ദുള്ള ഷെഫീഖ്; ഇംഗ്ലണ്ടിനെതിരേ പാക്കിസ്ഥാന് തകർപ്പൻ തുടക്കം
Monday, October 7, 2024 3:42 PM IST
മുള്‍ട്ടാന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് മികച്ച തുടക്കം. ആദ്യം ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാൻ നിലവിൽ ചായയ്ക്കു പിരിയുമ്പോൾ ഒന്നാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയിലാണ്.
സെഞ്ചുറിയുമായി പുറത്താകാതെ നില്ക്കുന്ന ക്യാപ്റ്റന്‍ ഷാന്‍ മസൂദിന്റെയും (130) സെഞ്ചുറിക്കരികെ നില്ക്കുന്ന ഓപ്പണര്‍ അബ്ദുള്ള ഷെഫീഖിന്റെയും (94) ബാസ്ബോൾ ശൈലിയിലുള്ള ബാറ്റിംഗ് കരുത്തിലാണ് പാക്കിസ്ഥാൻ മികച്ച സ്കോറിലെത്തിയത്. നാലു റൺസെടുത്ത സയിം അയൂബിന്റെ വിക്കറ്റാണ് ആതിഥേയർക്കു നഷ്ടമായത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാന് എട്ടു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. ഗസ് അറ്റ്കിൻസണിന്റെ പന്തിൽ ജാമി സ്മിത്തിന് പിടികൊടുത്ത് അയൂബ് മടങ്ങി. പിന്നാലെ ക്രീസിൽ ഒരുമിച്ച അബ്ദുള്ള ഷെഫീഖും ഷാൻ മസൂദും ചേർന്ന് ഇംഗ്ലണ്ടിനെ തലങ്ങും വിലങ്ങും പ്രഹരിക്കുകയായിരുന്നു.
142 പന്തിൽ 11 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടുന്നതാണ് മസൂദിന്റെ ഇന്നിംഗ്സ്. അതേസമയം, 161 പന്തിൽ 10 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെയാണ് 94 റൺസെടുത്തത്.