മാലദ്വീപ് ഉറ്റസുഹൃത്തെന്ന് മോദി; ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന ഒരു നീക്കവും നടത്തില്ലെന്ന് മുയിസു
Monday, October 7, 2024 2:46 PM IST
ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് മാലദ്വീപ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം പുരാതനകാലം മുതൽ തുടങ്ങിയതാണ്. സമുദ്രരംഗത്തെ സുരക്ഷയടക്കം വിഷയങ്ങളിൽ ഇരുരാജ്യങ്ങളും സഹകരിച്ച് നീങ്ങും. മാലദ്വീപിലെ ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു.
അതേസമയം, ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന ഒരു നീക്കവും നടത്തില്ലെന്ന് മുഹമ്മദ് മുയിസു പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാലദ്വീപിന്റെ വിലമതിക്കാനാകാത്ത പങ്കാളിയും സുഹൃത്തുമാണ് ഇന്ത്യ. പരസ്പര ബഹുമാനത്തിന്റെയും പങ്കാളിത്ത താത്പര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ചയാണ് മുഹമ്മദ് മുയിസു ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി ഇന്ത്യയിലെത്തിയത്. നേരത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി മുയിസു കൂടിക്കാഴ്ച നടത്തിയിരുന്നു.