രണ്ടരമണിക്കൂർ നീണ്ട ചോദ്യംചെയ്യൽ; സിദ്ദിഖിനെ വിട്ടയച്ചു, വീണ്ടും ഹാജരാകാന്‍ നിര്‍ദേശം
Monday, October 7, 2024 2:07 PM IST
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ചോദ്യംചെയ്യലിന് ഹാജരായ നടൻ സിദ്ദിഖിനെ വിട്ടയച്ചു. രണ്ടരമണിക്കൂറാണ് സിദ്ദിഖിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്. മൊഴി രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കുകയാണുണ്ടായത്.
വാട്സ്ആപ്പ് രേഖകൾ ഹാജരാക്കാമെന്ന് നടന് അന്വേഷണ സംഘത്തിനു ഉറപ്പുനൽകി. ഈമാസം 12ന് വീണ്ടും ഹാജരാകാനും സിദ്ദിഖിന് നിർദേശം നൽകിയിട്ടുണ്ട്.
എന്നാല്‍ ബലാത്സംഗ കേസിൽ ഇന്ന് വിശദമായ ചോദ്യം ചെയ്യൽ നടന്നിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ചില രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സിദ്ദിഖ് ഹാജരാക്കിയില്ല. അക്കാര്യങ്ങള്‍ ചോദിച്ചതല്ലാതെ മൊഴിയെടുപ്പിലേക്ക് കടന്നിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.
ആദ്യം കമ്മീഷണർ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. എന്നാൽ അദ്ദേഹത്തെ സിറ്റി കൺട്രോൾ റൂമിലേക്ക് മാറ്റി. ഇവിടെയായിരുന്നു ചോദ്യം ചെയ്യൽ പൂർത്തിയാക്കിയത്. തുടർന്ന് മാധ്യമങ്ങളോട് പ്രതികരിക്കാതെ സിദ്ദിഖ് മടങ്ങുകയായിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദിഖ് അന്വേഷണ സംഘത്തിന് കത്തയച്ചിരുന്നു. അന്വേഷണവുമായി പൂർണമായി സഹകരിക്കും എന്നായിരുന്നു സിദ്ദിഖിന്റെ നിലപാട്. ഒരാഴ്ചത്തെ ഒളിവുജീവിതത്തിന് ശേഷം സുപ്രീംകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് സിദ്ദീഖ് പുറത്തുവന്നത്.
തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വച്ച് സിദ്ദിഖ് പീഡിപ്പിച്ചു എന്നാരോപിച്ചാണ് നടി പരാതി നൽകിയത്. തുടർന്ന് സിദ്ദിഖിനെതിരെ ബലാല്‍സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു.