പാലക്കാട്ടെ സ്ഥാനാര്‍ഥിത്വം: രാഹുലിനെതിരേ കരുനീക്കങ്ങള്‍
Monday, October 7, 2024 9:08 AM IST
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനായും ഡോ. പി.സരിന് വേണ്ടിയും പല നേതാക്കളും രംഗത്തെത്തിക്കഴിഞ്ഞു.
നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ഷാഫി പറമ്പില്‍ എംപി രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. സരിനായി പാലക്കാട്ടെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും രംഗത്തുണ്ട്.
അതിനിടെ, സരിന് ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കാണും. രാഹുലിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടേക്കും. സ്ഥാനാര്‍ഥിത്വം പിന്തുടര്ച്ചാവകാശം പോലെയാക്കരുത്. ജനാധിപത്യ മര്യാദ പാലിക്കണം എന്നാണ് സരിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.
പാലക്കാട് സിപിഎം വോട്ടുകള്‍ ലഭിക്കുന്നയാളെ സ്ഥാനാര്‍ഥിയാക്കണമെന്നും നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുല്‍ മത്സരിച്ചാല്‍ തിരിച്ചടിയാകുമെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, രാഹുലിന് ജില്ലയിലെ ഭൂരിഭാഗം നേതാക്കളുടെയും പിന്തുണയുണ്ടെന്നാണ് മറുവിഭാഗത്തിന്റെ വാദം. പാലക്കാട് മണ്ഡളത്തിൽ രാഹുല്‍ അണ്‍ഫിറ്റാണെന്നും കെ. മുരളീധരനെ മത്സരിപ്പിക്കണമെന്നുമാണ് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നത്.