എഡിജിപിക്കെതിരായ നടപടി മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തനം: കെ.സുധാകരൻ
Sunday, October 6, 2024 10:42 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിയതിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനമാണ് നടത്തിയതെന്ന് അദ്ദേഹം പരിഹസിച്ചു.
ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കി സായുധ പോലീസ് ബറ്റാലിയന്റെ ചുമതല നിര്‍ത്തിക്കൊണ്ടാണ് അജിത് കുമാറിനോടുള്ള കരുതല്‍ മുഖ്യമന്ത്രി കാട്ടിയതെന്നും സുധാകരൻ വിമർശിച്ചു. ഇത് ശിക്ഷാനടപടിയെന്ന് വിശേഷിപ്പിക്കുന്നത് പോലും നാണക്കേടാണ്. ഒട്ടും ആത്മാര്‍ത്ഥമില്ലാത്ത നടപടിയാണ് സര്‍ക്കാരിന്റേത്.
നിമയസഭ തുടങ്ങുമ്പോള്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്ന് തടിതപ്പാനും പുകമുറ സൃഷ്ടിക്കാനും ചട്ടപ്പടി നടപടി മാത്രമാണിത്. പൂരം കലക്കിയത് ഉള്‍പ്പെടെ ഇതുവരെയുള്ള പ്രതിപക്ഷ ആരോപണം എല്ലാം പരോക്ഷമായി സമ്മതിക്കുന്നതാണ് എഡിജി പിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യമെന്നും കെ.സുധാകരന് പറഞ്ഞു.