എടിഎം കവർച്ചാകേസ്: പ്രതികളെ നായ്ക്കനാലിലെത്തിക്കും, തെളിവെടുപ്പ് ഇന്ന്
Sunday, October 6, 2024 9:47 AM IST
തൃശൂർ: ജില്ലയിൽ മൂന്നിടത്തു നടന്ന എടിഎം കവർച്ചക്കേസിലെ പ്രതികളെ വിരലടയാള പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നു പ്രതികളുമായി തെളിവെടുപ്പു നടത്തും. ഹരിയാന സ്വദേശികളായ ഇർഫാൻ, സാബിർ ഖാൻ, ഷക്കീൻഖാൻ, മുബാറക്ക്, മുഹമ്മദ് ഇക്രാം എന്നിവരെയാണ് വിരലടയാളപരിശോധനയ്ക്കു വിധേയമാക്കിയത്.
റിപ്പോർട്ട് ലഭിച്ചാൽമാത്രമേ മറ്റ് കവർച്ചക്കേസുകളിൽ ഇവർക്കു ബന്ധമുണ്ടോയെന്നു വ്യക്തമാവുകയുള്ളൂ. ഇന്നു രാവിലെ പ്രതികളെ നായ്ക്കനാലിലെ എസ്ബിഐ എടിഎമ്മിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും.
അതിനിടെ പ്രതികൾ കവർച്ചയ്ക്കു കൊണ്ടുവന്ന ഗ്യാസ് കട്ടർ ഉൾപ്പെടെയുള്ളവ ഒളിപ്പിച്ച സ്ഥലത്തെക്കുറിച്ച് അന്വേഷണസംഘത്തിനു വിവരം ലഭിച്ചു.
സെപ്റ്റംബർ 26നാണ് മാപ്രാണം, നായ്ക്കനാൽ, കോലഴി എന്നിവിടങ്ങളിലെ എടിഎം തകർത്തു പ്രതികൾ 69. 43 ലക്ഷം രൂപ കവർന്നത്. നിലവിൽ അഞ്ചുദിവസമാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ കിട്ടിയിട്ടുള്ളത്. കവർച്ച ചെയ്ത പണം, പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ എന്നിവ കസ്റ്റഡിയിലെടുക്കാനും തുടർനടപടികൾ സ്വീകരിക്കും.