നസ്റല്ലയുടെ പിന്‍ഗാമി ഹാഷിം സഫിദീനും കൊല്ലപ്പെട്ടെന്ന് സൂചന
Saturday, October 5, 2024 9:56 PM IST
ബെയ്റൂട്ട്: കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന് നസ്റല്ലയുടെ പിന്‍ഗാമി ഹാഷിം സഫിദീനെ ഇസ്രായേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ സഫിദീനും കൊല്ലപ്പെട്ടെന്നാണ് സൂചന. നസ്റല്ലയുടെ അടുത്ത ബന്ധുവായിരുന്നു ഹാഷിം സഫിദീൻ.
ഹിസ്ബുള്ളയുടെ എക്സിക്യൂട്ടീവ് കൗൺസിൽ മേധാവിയായി പ്രവർത്തിക്കുകയായിരുന്നു. ഇറാനുമായി അടുത്ത ബന്ധവുമുണ്ട്. ഗാസ യുദ്ധം ആരംഭിച്ച ശേഷമുള്ള ഇസ്രായേലിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായാണ് ഹിസ്ബുള്ള മേധാവി ഹസൻ നസ്റല്ലയുടെയും ഹാഷിം സഫീദിന്റെയും വധത്തെ കണക്കാക്കുന്നത്.
അതേസമയം പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇസ്രായേലിന് നേരെ ഇറാഖിലെ ഗോലാൽ കുന്നിൽ നിന്നും ആക്രമണമുണ്ടായി. ഇറാന്റെ പിന്തുണയുള്ള ഇറാഖി സായുധസംഘടനയാണ് ആക്രമണം നടത്തിയത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.