ചിതയടങ്ങും മുൻപ് വിവാദം പാടില്ല; അവസാനം വരെ അർജുനായി നിലകൊണ്ടു: മനാഫ്
Thursday, October 3, 2024 4:50 PM IST
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് മരിച്ച അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. താൻ പണപ്പിരിവ് നടത്തിയിട്ടില്ല. പണപ്പിരിവ് നടത്തിയെന്ന് തെളിയിച്ചാൽ തന്നെ കല്ല് എറിഞ്ഞ് കൊന്നോളാൻ അദ്ദേഹം പറഞ്ഞു.അർജുന്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും. അവരോട് മാപ്പ് ചോദിക്കുന്നു. അർജുനെ കാണാതായ സ്ഥലത്ത് നിന്ന് തിരികെ വീട്ടിലെത്തിക്കണമെന്നാണ് ആഗ്രഹിച്ചത്. അത് സാധിച്ചു.
ചിതയടങ്ങും മുൻപ് വിവാദം പാടില്ല. ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല. ആരുടെയും മുന്നിൽ കൈനീട്ടേണ്ട സ്ഥിതി ഇപ്പോഴില്ല. ഏത് നിയമനടപടിയെയും സ്വാഗതം ചെയ്യുന്നുവെന്നും മനാഫ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ അർജുന്റെ ഫോട്ടോ വെച്ചിരുന്നു. കുടുംബം അതിൽ പരിഭവം പറഞ്ഞതോടെ അത് മാറ്റി. അർജുന്റെ കുടുംബത്തിന് വിഷമം ഉണ്ടാക്കുന്ന ഒന്നും ചെയ്യാൻ ഇല്ല.
എന്തെങ്കിലും ഉണ്ടായാൽ പെട്ടെന്ന് അറിയിക്കാൻ വേണ്ടിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. ലോറി ഉടമ മനാഫ് എന്നതാണ് എന്റെ മേൽവിലാസം. അത് തന്നെ യൂട്യൂബ് ചാനലിനും പേരിട്ടു. അർജുനെ കിട്ടിയ ശേഷം യൂട്യൂബ് ചാനൽ ഉപയോഗിച്ചിട്ടില്ലെന്നും മനാഫ് പറഞ്ഞു. താനും മുബീനും ഒരു ഉമ്മയുടെയും ഉപ്പയുടെയും മക്കളാണ്. മുബീനാണ് ലോറിയുടെ ആർസി ഓണർ.
ഇത് ഫാമിലി ബിസിനസാണ്. ഉപ്പ മരിച്ചതോടെ താനാണ് ഗൃഹനാഥൻ. തന്റെ കുടുംബം ഒറ്റക്കെട്ടാണെന്നും എല്ലാ പ്രവർത്തനങ്ങളും നടത്തിയത് സ്വന്തം കൈയിൽ നിന്ന് പണം ചെലവഴിച്ചാണെന്നും മനാഫ് പറഞ്ഞു. അർജുന് 75000 മാസം ശമ്പളം കിട്ടുന്നു എന്ന് പറഞ്ഞത് സത്യമാണ്. ചിലമാസം അതിലും കൂടുതലാണ്. ചില മാസം കുറവായിരിക്കും. ബത്ത ഉൾപ്പെടെ ഉള്ള തുക ആണത്.
അതിന് അർജുൻ ഒപ്പിട്ട ലെഡ്ജർ അടക്കം കണക്കുണ്ടെന്നും എന്നാൽ അതൊന്നും കൂടുതൽ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും മനാഫ് പറഞ്ഞു. അർജുന്റെ ബൈക്ക് തങ്ങൾ നന്നാക്കിയതല്ലെന്ന് മുബീൻ പറഞ്ഞു. ഓഫീസിൽ ബൈക്ക് വച്ചത് അർജുനായിരുന്നു. അർജുൻ ആവശ്യപ്പെട്ട പ്രകാരമാണ് ബൈക്ക് പണിക്ക് കൊണ്ടുപോയത്. അർജുനാണ് അതിനുള്ള പണം കൊടുത്തത്.
അല്ലാതെ തങ്ങൾ നന്നാക്കി എന്നത് തെറ്റായ പ്രചാരണമാണെന്നും മുബീൻ പറഞ്ഞു. അർജുൻ ആക്ഷൻ കമ്മിറ്റിയിലെ അംഗങ്ങൾ 250 രൂപ വിഹിതം ഇട്ടിരുന്നു. തിരുവനന്തപുരത്ത് പോകാൻ ആയിരുന്നു പണം. അതിനെ ആരും പണപ്പിരിവ് ആയി കണരുതെന്നും മനാഫ് ആവശ്യപ്പെട്ടു.