ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരണ സന്നദ്ധത അറിയിച്ച് ബ്രിട്ടൻ
Wednesday, March 22, 2023 7:23 PM IST
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് ബ്രിട്ടൻ. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനം ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആ മേഖലയിൽ ബ്രിട്ടനുമായി സഹകരണത്തിന് ധാരാളം സാധ്യതകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എജ്യൂക്കേഷൻ വേൾഡ് ഫോറം നടത്താൻ ഉദ്ദേശിക്കുന്നതായി ഡെപ്യൂട്ടി ഹൈക്കമ്മീഷണർ അറിയിച്ചു. അതിൽ സഹകരിക്കുന്ന കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പുമായും വൈസ് ചാൻസലർമാരുമായും ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.
സംസ്ഥാനത്തെ ഗ്രാഫീൻ സെന്റർ, ഇൻക്യുബേഷൻ സെന്റർ എന്നിവയിൽ ബ്രിട്ടൻ താൽപര്യം പ്രകടിപ്പിച്ചു. കേരളത്തിൽ സ്റ്റാർട്ടപ്പുകൾക്കും ഇന്നൊവേഷനുകൾക്കും മികച്ച പ്രോത്സാഹനം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും മികവുറ്റ സംസ്ഥാനമെന്ന നിലയിൽ ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ കേരളവുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും കേരള, കർണാടക ചുമതലയുള്ള ഡെപ്യൂട്ടി ഹൈക്കമ്മീഷണർ പറഞ്ഞു.