ചെറുകിട വ്യവസായങ്ങളുടെ ഓഹരിവിപണി പ്രവേശനത്തില്‍ കേരളത്തിനു മികച്ച സാധ്യത: വിദഗ്ധര്‍
Friday, April 19, 2024 11:15 PM IST
കൊച്ചി: ചെറുകിട വ്യവസായങ്ങളുടെ ഓഹരിവിപണി പ്രവേശനത്തില്‍ കേരളത്തിനുള്ളത് മികച്ച സാധ്യതയാണെന്ന് ഓഹരിവിപണി രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇന്‍ഫോപാര്‍ക്ക് സംഘടിപ്പിച്ച ടെക്സെന്സ് 2024 സമ്മേളനത്തിലാണ് ഓഹരിവിപണി വിദഗ്ധര്‍ കേരളത്തിന്റെ സാധ്യതകള്‍ അവലോകനം ചെയ്തത്.
ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് ഓഹരിവിപണിയിലേക്ക് പ്രവേശനം നടത്തുമ്പോള്‍ ഉണ്ടാകുന്ന ചെലവുകളില്‍ ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കുന്നത് കേരളമാണെന്ന് നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (എന്‍എസ്ഇ) യിലെ സീനിയര്‍ മാനേജര്‍ ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.
ഐപിഒ ചെലവിന്റെ 50 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു കോടി രൂപവരെയാണ് കേരളം സംരംഭകര്‍ക്ക് തിരികെ നല്‍കുന്നത്. നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് എസ്എംഇകള്‍ക്കായി ഓഹരിവിപണി പ്രവേശനത്തിനായി പ്രത്യേക സംവിധാനം നടത്തുന്നുണ്ട്.
സ്വകാര്യ നിക്ഷേപം മതിയാകാതെ വരുന്ന സാഹചര്യത്തില്‍ കമ്പനിയുടെ വളര്‍ച്ചയ്ക്കായി ധനസമാഹരണത്തിന് ഏറ്റവും പറ്റിയ മാര്‍ഗമാണ് ഓഹരിവിപണി പ്രവേശനമെന്നും അദ്ദേഹം പറഞ്ഞു.
ഓഹരിവിപണി പ്രവേശനത്തിന് കുറഞ്ഞത് രണ്ടുവര്‍ഷം മുമ്പെങ്കിലും സംരംഭകര്‍ മാനസികമായും സാമ്പത്തികമായും തയാറെടുക്കണമെന്ന് ഇന്‍ഡ്ഒറിയന്റ് ഫിനാന്‍ഷല്‍ സര്‍വീസസ് എംഡിയും സിഇഒയുമായ സൗമ്യ പാഥി പറഞ്ഞു.
വ്യവസായ സംരംഭ പ്രതിനിധികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഓഹരിവിപണിയിലൂടെ നിക്ഷേപം സമാഹരിക്കുന്നതിന്റെ വിശദാംശങ്ങള്‍ നല്‍കുന്നതിനായാണ് ഇന്‍ഫോപാര്‍ക്ക് ടെക്സെന്സ് പരിപാടി നടത്തിയത്.
വിവിധ കമ്പനികള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി 50ലധികം പ്രതിനിധികള്‍ പങ്കെടുത്തു. വിശിഷ്ടാതിഥികള്‍ക്ക് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ ഉപഹാരങ്ങള്‍ നൽകി.