പിൻവലിഞ്ഞ് പ്രാദേശിക നിക്ഷേപകർ; തിരിച്ചടി
Monday, February 12, 2024 12:26 AM IST
ഓഹരി അവലോകനം / സോണിയ ഭാനു
സൂചികകൾക്കു വീണ്ടും തിരിച്ചടി നേരിട്ടതോടെ പുതിയ ബാധ്യതകളിൽനിന്നു പ്രാദേശിക നിക്ഷേപകർ അൽപ്പം പിൻവലിഞ്ഞ നിലയിലാണ്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വാങ്ങലുകാരായെങ്കിലും വിദേശ വിൽപ്പനയുടെ ആധിക്യം വിപണിക്കു താങ്ങാനായില്ല. സെൻസെക്സ് 490 പോയിന്റും നിഫ്റ്റി സൂചിക 71 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
തെരഞ്ഞെടുപ്പ് അടുത്തതോടെ വിപണിയിലെ ചാഞ്ചാട്ട സാധ്യതയേറി. വിദേശ ഓപ്പറേറ്റർമാർ ഏറെ പ്രതീക്ഷയോടെ നമ്മുടെ മാർക്കറ്റിനെ വിലയിരുത്തുന്നതിനാൽ തിരുത്തലുകൾക്കിടയിൽ വിപണിയുടെ അടിയൊഴുക്ക് അളക്കുകയാണവർ. തൊട്ടുമുൻവാരം സൂചിപ്പിച്ചപോലെ 21,200 റേഞ്ചിൽ പുതിയ ബയിംഗിനുള്ള സാധ്യതകളെയാണ് വിപണി ഉറ്റുനോക്കുന്നത്.
വിൽപ്പനനീക്കം
നിഫ്റ്റി സൂചിക 21,853 പോയിന്റിൽനിന്ന് 22,053 വരെ ഉയർന്നഘട്ടത്തിൽ ഉടലെടുത്ത വിൽപ്പന സമ്മർദത്തിൽ, 21,629ലേക്കു താഴ്ന്നെങ്കിലും ക്ലോസിംഗിൽ 21,782ലാണ്. ഈ വാരം 22,013ലും 22,118ലും ശക്തമായ പ്രതിരോധമുള്ളതിനാൽ ഓരോ മുന്നേറ്റത്തിലും പുതിയ വിൽപ്പനകൾക്ക് ഓപ്പറേറ്റർമാർ നീക്കം നടത്താം. അത്തരമൊരു സാഹചര്യമുണ്ടായാൽ 21,589-21,397ലേക്കും സാങ്കേതിക പരീക്ഷണങ്ങൾക്കിടയുണ്ട്.
സൂചികയുടെ മറ്റു സാങ്കേതികചലനങ്ങൾ വീക്ഷിച്ചാൽ സൂപ്പർ ട്രെൻഡ് സെല്ലിംഗ് മൂഡിൽ തുടരുന്പോൾ പാരാബോളിക്ക് എസ്എആർ, എംഎസിഡി തുടങ്ങിയവ ബുള്ളിഷാണ്. സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ ഓവർബോട്ടായി.
നിഫ്റ്റി ഫെബ്രുവരി ഫ്യൂച്ചർ 21,950ൽനിന്ന് 21,848ലേക്ക് ഇടിഞ്ഞു. വിപണിയിലെ ഓപ്പണ്‍ ഇന്ററസ്റ്റ് 132.6 ലക്ഷം കരാറുകളിൽനിന്ന് 132.1 ലക്ഷം കരാറായി. ഇക്കാര്യത്തിൽ നേരിയ കുറവു മാത്രമാണു സംഭവിച്ചത്. അതുകൊണ്ടുതന്നെ ഫ്യൂച്ചേഴ്സ് പൊസിഷനുകൾക്കു വ്യക്തമായ ദിശ കണ്ടെത്താനായിട്ടില്ല. നിഫ്റ്റി ഫ്യൂച്ചറിന് 20 ദിവസങ്ങളിലെ ശരാശരിയായ 21,800ൽ താത്കാലിക താങ്ങുണ്ട്.
സെൻസെക്സ് 72,085ൽനിന്ന് 72,478 വരെ ഉയർന്നു. ഈയവസരത്തിൽ മുൻനിര ഓഹരികളിലെ വിൽപ്പന സമ്മർദവും ലാഭമെടുപ്പുംമൂലം സൂചിക 71,200ലേക്കു തളർന്നെങ്കിലും വാരാന്ത്യം 71,595 പോയിന്റിലാണ്. ഈ വാരം മുന്നേറ്റത്തിനു ശ്രമിച്ചാൽ 72,982 റേഞ്ചിൽ പ്രതിരോധം തലയുയർത്താം. വിൽപ്പന സമ്മർദമുണ്ടായാൽ 71,704-70,813ൽ താങ്ങുണ്ട്.
വിറ്റഴിച്ച് വിദേശികൾ
വിദേശഫണ്ടുകൾ 6624.8 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഇതിനിടെ, അവർ 753.55 കോടി രൂപ നിക്ഷേപിച്ചു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 6936.31 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ ശേഖരിച്ചതിനൊപ്പം 1610.55 കോടി രൂപയുടെ വിൽപ്പനയും നടത്തി.
റിസർവ് ബാങ്ക് വായ്പാ അവലോകനത്തിൽ തുടർച്ചയായ ആറാം തവണയും പലിശനിരക്കിൽ മാറ്റം വരുത്തിയില്ല. 2008നു ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ഇടവേളയാണിത്. രൂപയുടെ മൂല്യം 82.88ൽനിന്ന് 83.03ലേക്കു ദുർബലമായി.
തിരുമ്പി വന്താച്ച്...
ക്രൂഡ്ഓയിൽ വിലയിൽ ശക്തമായ തിരിച്ചുവരവുണ്ടായി. ക്രൂഡ്ഓയിൽ ഫ്യൂച്ചറുകൾ ആറു ശതമാനത്തിലധികം ഉയർന്ന് ബാരലിന് 82.2 ഡോളറായി.
സ്വര്‍ണം മങ്ങും
രാജ്യാന്തര സ്വർണവില ട്രോയ് ഒൗണ്‍സിന് 2039 ഡോളറിൽനിന്ന് 2019ലേക്ക് ഇടിഞ്ഞശേഷം ക്ലോസിംഗിൽ 2024 ഡോളറിലാണ്. ചൈന ലൂണാർ പുതുവത്സരാഘോഷങ്ങളിലേക്കു തിരിഞ്ഞതിനാൽ ഈ വാരം ഡിമാൻഡ് മങ്ങും. യുഎസ് ഡോളർ സൂചിക കരുത്തുനേടിയതും അമേരിക്കൻ ഓഹരി സൂചികകൾ റിക്കാർഡ് നിലവാരത്തിൽ സഞ്ചരിക്കുന്നതും സ്വർണത്തിന്റെ തിളക്കം കുറയ്ക്കും.