ലോകം കാതോര്‍ക്കുന്ന വൈറ്റ്ഹൗസ് പ്രസ് റൂം
Friday, October 11, 2024 12:03 AM IST
വാഷിംഗ്ടണ്‍ ഡിസിയില്‍നിന്ന് പി.ടി. ചാക്കോ
പത്രസമ്മേളനത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പഠിക്കുന്ന ആളാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. അധികാരത്തിലിരിക്കുമ്പോള്‍ മോദിയും ബൈഡനും നടത്തിയത് ഒരേയൊരു പത്രസമ്മേളനം. അധികാരമൊഴിയാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ കഴിഞ്ഞ അഞ്ചിനായിരുന്നു ബൈഡന്റെ അപ്രതീക്ഷിത പത്രസമ്മേളനം.
തുറമുഖസമരം പിന്‍വലിക്കുകയും കൂടുതല്‍ തൊഴിലവസരം ഉണ്ടായതിന്റെ റിപ്പോര്‍ട്ട് പുറത്തുവരുകയും ചെയ്ത പശ്ചാത്തലത്തില്‍ പ്രസന്നവദനനായിരുന്നു അദ്ദേഹം. സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രാജ്യം കരകയറിയെന്നും ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്ഘടനയെന്ന പദവി അമേരിക്ക നിലനിര്‍ത്തിയെന്നും ബൈഡന് പറഞ്ഞു.
വൈറ്റ്ഹൗസ് സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് ദീപിക സ്പെഷല്‍ കറസ്പോണ്ടന്റ് (യുഎസ്എ) എന്ന നിലയില്‍ പ്രസ് റൂം കാണാന്‍ അവസരം ലഭിച്ചത്. വൈറ്റ്ഹൗസിലെ ഒന്നാം നിലയില്‍ പ്രസിഡന്റിന്റെ ഓവല്‍ ഓഫീസ്, കാബിനറ്റ് റൂം എന്നിവയ്ക്ക് അടുത്താണ് ജെയിംസ് എസ്. ബ്രാഡി പ്രസ് ബ്രീഫിംഗ് റൂം.
1981ല്‍ അന്നത്തെ പ്രസിഡന്റ് റൊണാള്‍ഡ് റീഗനെ വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍വച്ച് വെടിവച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന പ്രസ് സെക്രട്ടറി ജെയിംസ് എസ്. ബ്രാഡിക്ക് ഗുരുതരമായ പരിക്കേറ്റു. ദീര്‍ഘകാലം വീല്‍ ചെയറില്‍ കഴിഞ്ഞശേഷം 2014ല്‍ മരണമടഞ്ഞു. ആദരസൂചകമായി വൈറ്റ്ഹൗസിലെ പ്രസ് ബ്രീഫിംഗ് മുറിക്ക് അദ്ദേഹത്തിന്റെ പേരാണു നല്‍കിയത്.
കേവലം 49 സീറ്റുകള്‍ മാത്രമാണ് മുറിയിലുള്ളത്. തലങ്ങും വിലങ്ങുമായി ഏഴു സീറ്റുകള്‍ വീതം. പ്രമുഖ മാധ്യമങ്ങളുടെ പേരുകള്‍ സീറ്റില്‍ എഴുതിവച്ചിട്ടുണ്ട്. ഇവര്‍ക്ക് സ്ഥിരമായും ബാക്കിയുള്ളവര്‍ക്ക് ഊഴമനുസരിച്ചും പത്രസമ്മേളനത്തില്‍ പങ്കെടുക്കാം.
500 അംഗങ്ങളുള്ള വൈറ്റ്ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷനാണ് ഇതിന്റെ നിയന്ത്രണം. കരീന്‍ ഷോംപിയാണ് ബൈഡന്റെ പ്രസ് സെക്രട്ടറി. അവരാണ് പതിവായി പത്രസമ്മേളനം നടത്തുന്നത്.
പ്രസ് സെക്രട്ടറിയാകുന്ന ആദ്യത്തെ കറുത്ത വംശജ, ആദ്യത്തെ ട്രാന്സ്ജെണ്ടര് തുടങ്ങിയ പ്രത്യേകതകള്‍ കരീനുണ്ട്. ഹെയ്തിയില്നിന്നുള്ള ഈ കുടിയേറ്റക്കാരി കമല ഹാരിസിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രമുഖ ചാനലുകളിലും കൊളംബിയ സര്‍വകലാശാലയിലും പ്രവൃത്തിപരിചയമുണ്ട്.
വൈറ്റ്ഹൗസ് പോലെ ലളിതവും സുന്ദരവുമാണ് പ്രസ് റൂം. വൈറ്റ് ഹൗസ് എന്ന് ആലേഖനം ചെയ്തിട്ടുള്ള പോഡിയത്തിനു പിറകില്‍ ഓവല്‍ മാതൃകയില്‍ വൈറ്റ്ഹൗസ് എംബ്ലം. 50 നക്ഷത്രങ്ങളും ഇടവിട്ട് ചുവപ്പും വെള്ളയും വരകളുമുള്ള അമേരിക്കന്‍ പതാക തൊട്ടടുത്ത്. ഏറ്റവും പിറകില്‍ ചാനല്‍ കാമറകള്‍. പ്രസിഡന്റ് റൂസ്വെല്‍റ്റിന് ഫിസിയോ തെറാപ്പി ചെയ്യാന്‍ 1933ല്‍ നിര്‍മിച്ച നീന്തല്‍ക്കുളത്തിനു മുകളിലാണ് 1970ല്‍ പ്രസിഡന്റ് നിക്സണ് പ്രസ് റൂം നിര്‍മിച്ചത്.
പത്രക്കാരെ കുളത്തിലെറിഞ്ഞേക്കൂ എന്ന് ഒരിക്കല്‍ നിക്സണ് പറഞ്ഞത് അച്ചെട്ടായി. സ്വിമ്മിംഗ് പൂളിലേക്കു സ്വാഗതം എന്നു പറഞ്ഞാണ് ബൈഡന് പത്രസമ്മേളനം തുടങ്ങിയത്.
1961ല്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയാണ് ഇവിടെനിന്ന് പത്രസമ്മേളനം ആദ്യമായി സജീവ സംപ്രേഷണം നടത്തി പുതിയൊരു യുഗപ്പിറവിക്കു തുടക്കമിട്ടത്. തുടര്‍ന്ന് ലോകം അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് കാതോര്‍ക്കുന്നത് ഈ ചെറിയ മുറിയില്‍നിന്നാണ്.