ഇസ്രയേലിന് ആയുധവുമായി പോയ കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിൻ
Sunday, May 19, 2024 1:38 AM IST
മാഡ്രിഡ്: ഇസ്രയേലിന് ആയുധവുമായി പോയ കപ്പൽ അടുക്കുന്നതിന് സ്പെയിൻ അനുമതി നിഷേധിച്ചു.
സ്പാനിഷ് സർക്കാർ കപ്പലിന്റെ പേര് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇന്ത്യയിലെ മദ്രാസിൽനിന്ന് 27 ടൺ സ്ഫോടകവസ്തുക്കൾ കയറ്റിയ മരിയാൻ ഡാനിക എന്ന കപ്പലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡെന്മാർക്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കപ്പൽ 21ന് കാർട്ടഹേന തുറമുഖത്ത് അടുക്കാനാണ് അനുമതി തേടിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
ഇസ്രയേലിന് ആയുധവുമായി പോകുന്ന കപ്പൽ സ്പെയിനിൽ അടുക്കുന്നതിന് അനുമതി തേടുന്നത് ആദ്യമാണെന്ന് സ്പാനിഷ് വിദേശകാര്യമന്ത്രി ഹെസെ മാനുവൽ അൽബാരസ് അറിയിച്ചു.
ഇത്തരം കപ്പലുകൾ സ്പെയിനിൽ അടുക്കാൻ സമ്മതിക്കില്ലെന്നതാണ് സർക്കാർ നയം. പശ്ചിമേഷ്യയിൽ കൂടുതൽ ആയുധങ്ങളല്ല, സമാധാനമാണ് ആവശ്യമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഗാസാ യുദ്ധത്തിന്റെ പേരിൽ ഇസ്രയേലിനെ ഏറ്റവും കൂടുതൽ വിമർശിക്കുന്ന രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാൻ ഒരുങ്ങുന്ന സ്പെയിൻ മറ്റു യൂറോപ്യൻ രാജ്യങ്ങൾക്കുമേലും ഇതിനു സമ്മർദം ചെലുത്തുന്നുണ്ട്.