പതിറ്റാണ്ടിലെ ഏറ്റവും വലിയ സൗരക്കാറ്റ് വീശിത്തുടങ്ങി
Sunday, May 12, 2024 12:56 AM IST
വാഷിംഗ്ടണ്‍: പതിറ്റാണ്ടിലെ ഏറ്റവും വലിയ സൗരക്കാറ്റ് വീശിത്തുടങ്ങിയതായി നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
2003നു ശേഷം ഇത്രയും വലിയ സൗരക്കാറ്റ് ഭൂമിയിലേക്ക് എത്തുന്നത് ആദ്യമായാണ്. സൗരക്കാറ്റ് ഇന്നലെ മുതൽ ഭൂമിയിൽ പതിച്ചുതുടങ്ങി.
2003ലെ കാറ്റിൽ സ്വീഡനിലും സൗത്ത് ആഫ്രിക്കയിലും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. സൗരക്കാറ്റ് മൂലം ട്രാൻസ്ഫോർമറുകൾ തകർന്നതാണു കാരണം.
ഇന്നലെ റഷ്യ, സ്കാൻഡിനേവിയ, സ്പെയിൻ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ ആകാശത്ത് സൗരജ്വാല ദൃശ്യമായി.
കാറ്റിനെത്തുടർന്ന് ഉപഗ്രഹസിഗ്നലുകളും മൊബൈൽ സിഗ്നലുകളും തടസപ്പെടാൻ സാധ്യതയുണ്ട്. പല രാജ്യങ്ങളും വിമാനങ്ങൾ വഴിതിരിച്ചുവിടുന്നുണ്ട്. സൂര്യന്റെ അന്തരീക്ഷത്തിലുള്ള സൗരക്കാറ്റ് പുറത്തേക്കു കടക്കുന്നതാണ് പ്രതിഭാസം.
സൂര്യന്റെ കാന്തികക്ഷേത്രം കറങ്ങിയെത്തുന്ന സൗര്യചക്രം (11 വർഷം) പൂർത്തിയാകുന്പോഴാണ് സൗരക്കാറ്റ് പുറത്തേക്കു കടക്കുന്നത്. ഭൂമിയിലെ ജീവികൾ ഭൂമിയുടെ കാന്തികക്ഷേത്രത്താൽ സൗരക്കാറ്റിൽനിന്നു രക്ഷപ്പെടും. എന്നാൽ വൈദ്യുതി ഗ്രിഡുകൾക്ക് കേടുപാടുകൾ സംഭവിച്ചേക്കാം. ഇന്ന് ഈ പ്രതിഭാസം അവസാനിക്കും.