ബെർലുസ്കോണി വീണ്ടും സെനറ്റർ
Wednesday, September 28, 2022 12:29 AM IST
റോം: ഇറ്റാലിയൻ പാർലമെന്റിലേക്കു ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിക്കു വിജയം. ഒരുകാലത്ത് ഇറ്റാലിയൻ രാഷ്ട്രീയത്തിലെ അതികായനായിരുന്ന ബെർലുസ്കോണി നികുതിവെട്ടിപ്പു കേസുകളെത്തുടർന്ന് മത്സരവിലക്ക് നേരിട്ടിരുന്നു.
മോൻസാ നഗരത്തിൽനിന്നു സെനറ്റിലേക്കാണ് അദ്ദേഹം ജയിച്ചത്. അതേസമയം, ബെർലുസ്കോണിയുടെ ഫോർസാ ഇറ്റാലിയ പാർട്ടി മങ്ങിയ പ്രകടനമാണു കാഴ്ചവച്ചത്. 2018ൽ 14 ശതമാനം വോട്ട് ലഭിച്ചെങ്കിൽ ഇക്കുറി എട്ടു ശതമാനമായി കുറഞ്ഞു.
നികുതിവെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് 2013ൽ ബെർലുസ്കോണിയെ സെനറ്റിൽനിന്നു പുറത്താക്കിയിരുന്നു. തുടർന്നുള്ള ആറു വർഷം വിലക്ക് നേരിട്ടു. 2019ൽ യൂറോപ്യൻ പാർലമെന്റിലേക്കു മത്സരിച്ചു ജയിച്ചിരുന്നു.
ബെർലുസ്കോണി ഉൾപ്പെട്ട തീവ്ര വലതുപക്ഷ സഖ്യമാണു ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പിൽ മുന്നിലെത്തിയിരിക്കുന്നത്. സഖ്യത്തെ നയിക്കുന്ന ജോർജിയ മെലനി ഇറ്റലിയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.