മ്യാൻമർ സൈന്യത്തിന്റെ സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 11 കുട്ടികൾ
Tuesday, September 20, 2022 11:50 PM IST
യാങ്കൂൺ: മ്യാൻമറിലെ പട്ടാളഭരണകൂടം സ്കൂളിനു നേർക്കു നടത്തിയ വ്യോമാക്രമണത്തിൽ 11 കുട്ടികൾ കൊല്ലപ്പെട്ടു. 15 കുട്ടികളെ കാണാതായിട്ടുണ്ട്.
പട്ടാളത്തെ എതിർക്കുന്ന പീപ്പിൾസ് ഡിഫൻസ് ഫോഴ്സ്(പിഡിഎഫ്) ഗറില്ലാ സംഘടനയ്ക്കു സ്വാധീനമുള്ള വടക്കൻ മ്യാൻമറിലെ ലെറ്റ് യെറ്റ് കോണെ ഗ്രാമത്തിലെ സ്കൂളിനു നേർക്ക് വെള്ളിയാഴ്ച ഹെലികോപ്റ്റർ ഉപയോഗിച്ചു വെടിയുതിർക്കുകയായിരുന്നു.
കിൻഡർഗാർട്ടനിലെ മൂന്നു വയസുള്ള കുട്ടികൾ മുതൽ കൗമാരക്കാർ വരെ പഠിക്കുന്ന സ്കൂളാണിത്. കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങൾ പട്ടാളക്കാർ എടുത്തുകൊണ്ടുപോയി.
പ്രായപൂർത്തിയായ ആറു പേരെക്കൂടി പട്ടാളം അന്നു വധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. സ്കൂൾ ഭിത്തിയിൽ വെടിയുണ്ട തറച്ചതിന്റെയും രക്തക്കറയുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
കാണാതായ 15 കുട്ടികളെ പട്ടാളം തട്ടിക്കൊണ്ടുപോയതാണെന്നു സംശയിക്കുന്നു. ഇവരെ ഉടൻ വിട്ടയയ്ക്കണമെന്ന് യുണിസെഫ് ആവശ്യപ്പെട്ടു.
2021 ഫെബ്രുവരിയിലാണ് പട്ടാളം ജനാധിപത്യ നേതാവ് ആംഗ് സാൻ സൂചി നേതൃത്വം നല്കുന്ന സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചത്. ജനകീയ പ്രക്ഷോഭത്തിനു പുറമേ ഗറില്ലാ പോരാട്ടം നടത്തുന്ന വിമതരെയും പട്ടാളത്തിനു നേരിടേണ്ടിവരുന്നു. വിമതരുടെ ശക്തികേന്ദ്രങ്ങളിൽ വ്യോമാക്രമണം പതിവാണ്.