കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു
Friday, April 9, 2021 11:49 PM IST
വാഴ്സ: ലോകത്ത് ഈയാഴ്ച കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. തുടർച്ചയായി ആറാമത്തെ ആഴ്ചയും 40 ലക്ഷം പേർക്ക് പുതുതായി രോഗം റിപ്പോർട്ട് ചെയ്തു. തുർക്കിയിലും പോളണ്ടിലുമാണ് രോഗികളുടെ എണ്ണത്തിൽ വൻവർധന. ഈ രാജ്യങ്ങളിൽ ആശുപത്രികൾ നിറഞ്ഞു. രണ്ടാം തരംഗ സൂചന കണ്ടെത്തിയതിനെത്തുടർന്ന് പാക്കിസ്ഥാൻ ആഭ്യന്തരയാത്രയിൽ നിയന്ത്രണം ഏർപ്പെടുത്തി.
രോഗവ്യാപനം കുറവുണ്ടായിരുന്ന തായ്ലൻഡിലും രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായി. വാക്സിൻ വിതരണം ആരംഭിച്ച രാജ്യങ്ങളിൽ രോഗ വ്യാപനത്തോതിൽ കുറവുണ്ട്. വൈറസിന്റെ പുതിയ വകഭേദങ്ങളാണു രോഗവ്യാപനം വർധിപ്പിക്കുന്നതെന്നു ലോകാരോഗ്യ സംഘടന പറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ച മരണ നിരക്കിലും വർധനയുണ്ടായിട്ടുണ്ടെന്നും വാക്സിൻ വിതരണം ത്വരിതപ്പെടുത്തണമെന്നും ലോകാരോഗ്യ സംഘടനാ വക്താവ് ഡോ. മാർഗരറ്റ് ഹാരീസ് പറഞ്ഞു.13,48,66,044 പേർക്കാണ് ലോകത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചത്. 29,20,203 പേർ മരിച്ചു.