പണക്കൊതിയുടെ തീക്കളികൾ
മനുഷ്യനിർമിതമായൊരു അഗ്നിബാധയിൽ കരിഞ്ഞ സ്വപ്നങ്ങളെ വെള്ളപുതപ്പിച്ചാണ് കുവൈറ്റിൽനിന്നു ചാർട്ടേഡ് വിമാനങ്ങളെത്തുന്നത്. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നവരെ ചേർത്തുപിടിക്കാനും ദുരന്തപാഠങ്ങളെ ജാഗ്രതയാക്കാനും നാം കടപ്പെട്ടിരിക്കുന്നു.
ആടുജീവിതത്തിന്റെ പൊള്ളിക്കുന്ന കാഴ്ചകളിൽ ആർദ്രമായ മലയാളിയുടെ കണ്ണുകൾ ഇപ്പോൾ അറേബ്യൻ മരുഭൂമിയുടെ തീക്കാഴ്ചകളിൽ നിറഞ്ഞൊഴുകുന്നു. നജീബ് വെന്തുരുകിയ സൗദിയിലെ അറേബ്യൻ മരുഭൂമിയുടെ പങ്കുപറ്റുന്ന അയൽരാജ്യമാണ് കുവൈറ്റ്. അവിടത്തെ മംഗഫ് പ്രദേശത്ത് ലേബർ ക്യാന്പ് കെട്ടിടത്തിൽ ആളിപ്പടർന്ന തീയിൽ വെന്തുമരിച്ച 49 പേരിൽ 24 മലയാളികൾ..! നിരവധിപ്പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്. കേരളം തേങ്ങുകയാണ്. നെഞ്ചാകെ സ്വപ്നങ്ങളുമായി കുവൈറ്റിൽ പറന്നിറങ്ങിയവർ, അതേ സ്വപ്നങ്ങൾ കണ്ടു
കാത്തിരുന്ന പ്രിയപ്പെട്ടവരുടെ നെഞ്ചിൽ നഷ്ടസ്വപ്നങ്ങളുടെ ഒരുപിടി ചാരമായി ലയിച്ചുചേർന്നിരിക്കുന്നു. അത്യാഗ്രഹം അവഗണിച്ച സുരക്ഷാ ക്രമീകരണങ്ങളുടെ ഇരകളാവാം അകാലത്തിൽ മരണം വരിച്ച നമ്മുടെ സഹോദരങ്ങൾ. അന്വേഷണത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ, പണക്കൊതിയരായ മറ്റു ദുരന്തവ്യാപാരികൾക്കു മുന്നറിയിപ്പുമാകട്ടെ. തീരാനഷ്ടങ്ങൾക്കു പകരം വയ്ക്കാനാവില്ലെങ്കിലും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദനയിൽ ദീപികയും പങ്കുചേരുന്നു.
ബുധനാഴ്ച പുലർച്ചെ നാലരയ്ക്ക് തെക്കൻ കുവൈറ്റിലെ മംഗഫിലുള്ള ഏഴുനിലക്കെട്ടിടത്തിനു തീപിടിക്കുന്പോൾ മിക്കവരും ഉറക്കത്തിലായിരുന്നു. കെട്ടിടം നിറഞ്ഞ പുകയിൽ ശ്വാസം മുട്ടിയും പുറത്തേക്കുള്ള ചാട്ടത്തിൽ പരിക്കേറ്റുമൊക്കെ ആളുകൾ മരിച്ചു. താമസക്കാരായ 200 പേരിൽ 20 പേർ രാത്രി ജോലിയിലായിരുന്നു. ഈജിപ്തുകാരനായ സെക്യൂരിറ്റി ജീവനക്കാരന്റെ താഴത്തെ നിലയിലെ മുറിയിലുണ്ടായിരുന്ന പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു തീപിടിച്ചെന്നാണ് പ്രാഥമിക നിഗമനം.
മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കന്പനിയിലെ ജീവനക്കാരാണ് ഫ്ലാറ്റിലെ താമസക്കാരിലേറെയും. കന്പനിയുടെ സ്പോൺസർകൂടിയാണ് കെട്ടിടത്തിന്റെ ഉടമയായ കുവൈറ്റ് സ്വദേശി. അയാളുടെ അത്യാഗ്രഹമാണ് അപകടത്തിനു വഴിവച്ചതെന്ന ഉപപ്രധാനമന്ത്രി ഫഹദ് യൂസുഫ് സൗദ് അൽ സബാഹിന്റെ വാക്കുകൾ, ഒഴിവാക്കാമായിരുന്ന ദുരന്തമാണ് വെളിപ്പെടുത്തിയത്. പണം ലാഭിക്കാൻ കെട്ടിടം ഉടമ ആവശ്യത്തിനു സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ലെന്നാവാം അതിനർഥം. ആ അത്യാർത്തിയുടെ വിലയാണോ 49 കുടുംബങ്ങളുടെ കണ്ണീരില്നിന്ന് അയാൾ ഈടാക്കിയത്?
ലാഭക്കണ്ണിന്റെ കുതന്ത്രങ്ങൾ കുവൈറ്റിലെ ഒരു കെട്ടിടം ഉടമയിൽ തുടങ്ങുന്നതോ അവസാനിക്കുന്നതോ അല്ല. കേരളം ഉൾപ്പെടെ വിവിധ നാടുകളിൽ അത്തരക്കാരുണ്ട്. അത്തരം ആപത്സാധ്യതകളിലേക്ക് ആഴത്തിൽ നോക്കാൻ കുവൈറ്റിലെ തീപിടിത്തവും ആൾനാശവും നമുക്കൊക്കെ പ്രേരണയാകണം.
താത്കാലിക ലാഭത്തിനുവേണ്ടി സുരക്ഷാ ക്രമീകരണങ്ങൾ ഒഴിവാക്കുന്നവരും കൈക്കൂലി വാങ്ങി അതിനൊക്കെ ഒത്താശ ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരും നമ്മുടെ പരിസരങ്ങളിലുമുണ്ട്. ദുരന്തങ്ങളിൽ മുതലക്കണ്ണീരൊഴുക്കുന്ന അധികാരികൾക്ക് ആത്മാർഥയുണ്ടെങ്കിൽ അത്തരം സുരക്ഷാലംഘനങ്ങൾ കണ്ടെത്തി പരിഹരിക്കുകയാണു വേണ്ടത്. നമ്മുടെ വീടുകളിലും സ്ഥാപനങ്ങളിലും ജാഗ്രത പുലർത്തേണ്ടത് നമ്മുടെ ആവശ്യമാണെന്നു മറക്കരുത്. വയറിംഗും വൈദ്യുതോപകരണങ്ങളുമൊക്കെ യഥാസമയം അറ്റകുറ്റപ്പണികൾ നടത്തണം.
ഫ്ലാറ്റുകളിലും ഇതരസംസ്ഥാനത്തൊഴിലാളികളുടെ ഇടുങ്ങിയ വാടകക്കെട്ടിടങ്ങളിലുമൊക്കെ പരിശോധന നടത്തിയാൽ വരാനിരിക്കുന്ന നിരവധി ദുരന്തങ്ങളെ അകറ്റിനിർത്താം. കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ച് കെട്ടിടനിർമാണത്തിന്റെയും വയറിംഗിന്റെയുമൊക്കെ സാങ്കേതികവിദ്യകളിലും അഴിച്ചുപണിയുണ്ടാകണം. കഴിഞ്ഞ ദിവസം അങ്കമാലിയിൽ വീടിനു തീപിടിച്ച് നാലുപേർ മരിച്ചത് ഷോർട് സർക്യൂട്ടിനെ തുടർന്നുണ്ടായ അഗ്നിബാധയിലാണെന്നാണ് പ്രഥമിക നിഗമനം.
രാജ്യതലസ്ഥാനത്തിനടുത്ത് യുപിയിലെ ഗാസിയാബാദിൽ തീപിടിച്ച് ഒരു വീട്ടിലെ അഞ്ചുപേർ മരിച്ചത് ഇന്നലെയാണ്. ആശുപത്രികളിലെ തീപിടിത്തങ്ങളും ദാരുണമരണങ്ങളും പതിവു വാർത്തയായി. ഇത്തരം മനുഷ്യനിർമിത ദുരന്തങ്ങളിൽ ദിവസവും നൂറുകണക്കിനാളുകളാണ് മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്യുന്നത്. മൃതസംസ്കാരങ്ങൾക്കും അനുശോചനങ്ങൾക്കും പൊള്ളയായ വാഗ്ദാനങ്ങൾക്കും പിന്നാലെ ജനങ്ങളും അധികൃതരും എല്ലാം സൗകര്യപൂർവം മറക്കുന്നു.
കുവൈറ്റിൽ മരിച്ചവരിലേറെയും, മലപ്പുറം തിരൂർ സ്വദേശി നൂഹിനെപ്പോലെ സാന്പത്തിക പരാധീനതകളെത്തുടർന്നു ജോലി തേടി പോയവരാണ്. മത്സ്യത്തൊഴിലാളിയായിരുന്ന അദ്ദേഹം 11 വർഷം അവിടെ ജോലിചെയ്ത് ചെറിയൊരു വീടു പണിതു. പക്ഷേ, അതിനെടുത്ത വായ്പ കുടിശികയുള്ളതിനാൽ ഒന്നുകൂടി പോയി വരാമെന്നു പറഞ്ഞാണ് അടുത്തയിടെ വീണ്ടും കുവൈറ്റിലത്തിയത്. തീയിൽ നൂഹ് മറഞ്ഞെങ്കിലും പുകയടങ്ങിയപ്പോൾ കടം ബാക്കി. അങ്ങനെ, എത്രയോ വീടുകളിൽ കഷ്ടപ്പാടിന്റെ എത്രയെത്ര പറ്റുബുക്കുകൾ ബാക്കിവച്ചിട്ടാകും കുവൈറ്റിലെ കെട്ടിടം തീപ്പന്തമായത്. അവരുടെ ഓരോ കുടുംബങ്ങൾക്കും എൻബിടിസി കമ്പനി ഉടമയും എം.എ. യൂസഫലിയും രവി പിള്ളയുമെല്ലാം വാഗ്ദാനം ചെയ്തിരിക്കുന്ന തുക ആശ്വാസത്തിന്റെ സ്നേഹമഴയാകട്ടെ.
“നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്കു കെട്ടുകഥകളാണ്” എന്ന ‘ആടുജീവിത’ത്തിലെ വാക്യം മറ്റൊരു വിധത്തിലാക്കിയാൽ “നമ്മളുടെ വീട്ടിലേതല്ലാത്ത അത്യാഹിതങ്ങളെല്ലാം നമുക്ക് ആയുസില്ലാത്ത വാർത്തകളാണ്”. അങ്ങനെയല്ലെന്നു തെളിയിക്കേണ്ടത്, ദുരന്തത്തിനിരയായവർക്കു നീട്ടിക്കൊടുക്കുന്ന സഹായഹസ്തവും ദുരന്തപാഠങ്ങളിൽനിന്നുളവാകുന്ന ജാഗ്രതയുമാണ്. കുവൈറ്റിൽനിന്നു മൃതദേഹങ്ങളുമായെത്തുന്ന വിമാനങ്ങളും അതാണു പറയുന്നത്.