നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
‘നവകേരളം’ നിർമിച്ചുകഴിഞ്ഞാലും വീരാൻകുടി ഊരുനിവാസികളുടെയും സമാനഅനുഭവക്കാരുടെയും ദുരിതത്തിന് അറുതിവരുമെന്ന് കരുതാൻ നിർവാഹമില്ല. നെൽകർഷകരുടെ രോദനം കേൾക്കാൻ ആർക്കാണു സമയം? വന്യമൃഗശല്യത്താൽ ജീവിതം വഴിമുട്ടിയ മലയോരകർഷകർക്ക് കൈത്താങ്ങാകാൻ ആരാണുള്ളത്?
തൃശൂർ ജില്ലയിലെ മലക്കപ്പാറ വീരാൻകുടി ആദിവാസി കോളനിയിൽ 90 വയസുള്ള കമലമ്മ പാട്ടി വേണ്ടത്ര ചികിത്സ കിട്ടാതെ പുഴുവരിച്ച നിലയിൽ കഴിയുകയും കഴിഞ്ഞദിവസം മരിക്കുകയും ചെയ്തത് വലിയ വാർത്താപ്രാധാന്യമൊന്നും നേടിയില്ല.
എന്നാൽ, മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത മനുഷ്യസ്നേഹികളെ നൊമ്പരപ്പെടുത്തുന്നതായിരുന്നു കമലമ്മയുടെ ദൈന്യജീവിതത്തെക്കുറിച്ചുള്ള വാർത്ത. നവകേരളം കെട്ടിപ്പടുക്കാൻ രാപകൽ വിശ്രമമില്ലാതെ കേരളം മുഴുവൻ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്ന ഭരണാധികാരികൾക്കോ, പൗരപ്രമുഖർക്ക് പ്രാതലൊരുക്കുന്ന തിരക്കിൽ ഉദ്യോഗസ്ഥർക്കോ കമലമ്മയെ ശ്രദ്ധിക്കാനായില്ല.
അതിനവരെ കുറ്റംപറയാനാവുമോ? നവകേരള നിർമിതിയിൽ ആദിവാസികളുടെ സ്ഥാനം പ്രദർശനസ്റ്റാളിലെ കാഴ്ചവസ്തുകണക്കെയാണെന്ന് തലസ്ഥാനത്തു നടത്തിയ കേരളീയം തെളിയിച്ചതാണല്ലോ. ആദിവാസിക്ഷേമം എന്നത് പതിറ്റാണ്ടുകളായി കോടിക്കണക്കിനു രൂപ ബജറ്റിൽ വകയിരുത്താനും അതു കൃത്യമായി തട്ടിയെടുക്കാനുമുള്ളതാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കമലമ്മ പാട്ടി.
കേരളത്തിന്റെ ഇതുവരെയുള്ള ബജറ്റുകളിൽ ആദിവാസികൾക്കായി ചെലവഴിച്ച പണത്തിന്റെ കണക്കു പരിശോധിച്ചാൽ നിലവിലുള്ളവർ മാത്രമല്ല, ഇനി പത്തു വർഷത്തേക്കു ജനിക്കാനുള്ള കുട്ടികൾപോലും കോടീശ്വരന്മാരാണെന്നു കണ്ടെത്തിയേക്കാം. ഈ പണത്തിന്റെ ഒരംശമെങ്കിലും ആദിവാസി ഊരുകളിൽ എത്തിയിട്ടുണ്ടെങ്കിൽ കമലമ്മയെപ്പോലെ ആർക്കും പുഴുവരിച്ചു മരിക്കേണ്ടിവരില്ലെന്നുറപ്പ്.
വീരാൻകുടി ആദിവാസി ഊരിൽ ഒറ്റയ്ക്കായിരുന്നു കമലമ്മ പാട്ടി താമസിച്ചിരുന്നത്. കിടപ്പുരോഗിയായ കമലമ്മയുടെ ദേഹം പൊട്ടിയുണ്ടായ മുറിവിൽ പുഴുവരിച്ചിരുന്നുവെന്നും അടിയന്തരചികിത്സ ലഭ്യമാക്കണമെന്നും സനീഷ് കുമാർ ജോസഫ് എംഎൽഎ മന്ത്രി കെ. രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ട്രൈബൽ ഓഫീസറും ആരോഗ്യപ്രവർത്തകരും ഊരിലെത്തി ചികിത്സ നൽകിയിരുന്നു.
ഒമ്പതു കുടുംബങ്ങൾ താമസിക്കുന്ന വീരാൻകുടി ഊരിലേക്ക് റോഡ് സൗകര്യമില്ല. ഇതുമൂലം ബന്ധുക്കൾക്ക് കമലമ്മയെ ആശുപത്രിയിലെത്തിക്കാനായില്ല. ഊരിലേക്ക് റോഡുണ്ടാക്കാൻ പൊതുമരാമത്ത് വകുപ്പ് ചെലവു കണക്കാക്കിയെങ്കിലും തുടർനടപടിയുണ്ടായില്ലെന്നാണ് എംഎൽഎ പറയുന്നത്. മലക്കപ്പാറ ട്രൈബൽ ക്ലിനിക്കിൽ ഡോക്ടറുടെ സേവനമില്ല. ഇത്തരം പ്രതിസന്ധികളുടെയും അവഗണനയുടെയും ഇരയാണ് കമലമ്മ പാട്ടി.
‘നവകേരളം’ നിർമിച്ചുകഴിഞ്ഞാലും വീരാൻകുടി ഊരുനിവാസികളുടെയും സമാനഅനുഭവക്കാരുടെയും ദുരിതത്തിന് അറുതിവരുമെന്ന് കരുതാൻ നിർവാഹമില്ല. കാരണം, ആദിവാസികളും കർഷകരും തുടങ്ങി "പുറമ്പോക്കിൽ' കഴിയുന്നവരെയൊന്നും ഉദ്ദേശിച്ചല്ല പദ്ധതികൾ ആസൂത്രണം ചെയ്യപ്പെടുന്നത്.
നെൽകർഷകരുടെ രോദനം കേൾക്കാൻ ആർക്കാണു സമയം? വന്യമൃഗശല്യത്താൽ ജീവിതം വഴിമുട്ടിയ മലയോരകർഷകർക്ക് കൈത്താങ്ങാകാൻ ആരാണുള്ളത്? ആദിവാസി ഊരുകളിൽ ചികിത്സയും ഭക്ഷണവുമെത്തിക്കാൻ എവിടെയാണു സമയം? ആദിവാസി മേഖലകളിൽ നിയമിക്കപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥർ കൃത്യമായി ജോലിക്കെത്തുന്നില്ലെന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ, അവരൊരിക്കലും പിടിക്കപ്പെടില്ല. അഥവാ പിടിക്കപ്പെട്ടാൽത്തന്നെ രക്ഷിക്കാൻ യൂണിയൻ നേതാക്കളെത്തും.
സംസ്ഥാനത്തെ ആദിവാസി മേഖലകളിൽ കഴിഞ്ഞ 25 വർഷം ചെലവഴിച്ച തുകയുടെയെല്ലാം ഓഡിറ്റിംഗ് സ്വതന്ത്ര ഏജൻസിയെക്കൊണ്ട് സത്യസന്ധമായി നടത്താൻ ഏതെങ്കിലും സർക്കാർ തയാറായാൽ പാവപ്പെട്ടവന്റെ പേരിൽ നടത്തുന്ന പകൽക്കൊള്ളയുടെ ആഴമെങ്കിലും മനസിലാകും. പലപ്പോഴും ഇത്തരത്തിൽ അവശരായവരെ ഏതെങ്കിലും സ്ഥാപനങ്ങളിൽ എത്തിക്കുകയാണ് പോലീസ് അടക്കമുള്ളവർ ചെയ്യുന്നത്.
കന്യാസ്ത്രീകളോ മറ്റു സേവനതത്പരരോ നടത്തുന്ന സ്ഥാപനങ്ങളായിരിക്കും അതിനായി തെരഞ്ഞെടുക്കുക. തത്കാലത്തേക്ക് കുറച്ചു സാധനങ്ങളൊക്കെ എത്തിച്ചു നൽകി കൊണ്ടുചെന്നാക്കുന്നവർ തടിതപ്പുകയും ചെയ്യും. പിന്നീട് ഈ അശരണരുടെ ഉത്തരവാദിത്വം സ്ഥാപന നടത്തിപ്പുകാർക്കു മാത്രമാകും. അതേസമയം, ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നവരെ സഹായിക്കുന്നതിനു പകരും എന്തെല്ലാം തരത്തിൽ ദ്രോഹിക്കാമെന്നും സർക്കാർ വകുപ്പുകൾ ഗവേഷണം ചെയ്യും.
2011ലെ സെൻസസ് പ്രകാരം കേരളത്തിൽ പട്ടികവർഗക്കാർ (എസ്ടി) വിഭാഗക്കാർ 1,19,788 ഭവനങ്ങളിലായി 4,84,839 പേരാണുള്ളത്. 2021-22 ബജറ്റ് രേഖകൾ പ്രകാരം ഷെഡ്യൂൾഡ് ട്രൈബ്സ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിൽ 1,168 സ്ഥിരം ജീവനക്കാരുണ്ട്. ഇവരുടെ സേവനം കൃത്യമായി അർഹതപ്പെട്ടവർക്കു കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണു വേണ്ടത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക ശ്രദ്ധയാണ് ആദിവാസി മേഖലയിൽ ഏറ്റവും ഫലപ്രദമായി ഉണ്ടാവേണ്ടത്. ജനപ്രതിനിധികൾ അവരെ മുഖ്യധാരയിലെത്തിക്കാൻ ആത്മാർഥമായി പരിശ്രമിക്കുകയും വേണം. പട്ടിണിയും രോഗങ്ങളും ഒഴിയാത്തവയാണ് മിക്ക ആദിവാസി ഭവനങ്ങളും.
സ്ത്രീകളും കുട്ടികളും വൃദ്ധരുമായിരിക്കും അതിന്റെ മുഖ്യ ഇരകൾ. അതിനാൽത്തന്നെ ആദിവാസി ഊരുകളിൽ കൂടെക്കൂടെയുള്ള പരിശോധനകൾ അനിവാര്യമാണ്. നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ ഊരുകളിലെത്തി ആദിവാസികളുടെ ക്ഷേമകാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലാ കളക്ടർമാരുടെയും ജനപ്രതിനിധികളുടെയും പരിശോധനകളും ആവശ്യമാണ്.
ബജറ്റിൽ ഫണ്ട് വകയിരുത്തിയതുകൊണ്ടോ ഉദ്യോഗസ്ഥ തസ്തികകൾ സൃഷ്ടിച്ചതുകൊണ്ടോ ആദിവാസി ക്ഷേമം ഉറപ്പാക്കാനാവില്ല. കമലമ്മ പാട്ടിയെപ്പോലെ പലരും ഇപ്പോഴും ഊരുകളിൽ നരകയാതന അനുഭവിക്കുന്നുണ്ടാവും. അവർക്കെല്ലാം എത്രയും പെട്ടെന്ന് ആശ്വാസമെത്തിക്കുന്നതിനുകൂടി കമലമ്മയുടെ മരണവാർത്ത ഉപകരിച്ചിരുന്നെങ്കിൽ!