കുഞ്ഞൂഞ്ഞിനോട് കുശലവും ആവലാതിയും പറയാനല്ലാതെ പുതുപ്പള്ളിയിലെ കരോട്ടുവള്ളക്കാലിൽ വീട്ടിലേക്ക് ആദ്യമായിട്ടാണ് ജനസാഗരമൊഴുകിയെത്തുന്നത്. കോൺഗ്രസുകാർ രാഷ്ട്രീയ തന്ത്രങ്ങൾ മെനയാനോ ചർച്ചകൾക്കോ അല്ലാതെ സംഘമായെത്തുന്നതും അപൂർവമായൊരു കാഴ്ചയാണ്.
ജനാധിപത്യത്തിന്റെ ജനകീയ മുഖം കണ്ണടച്ചു, പുതുപ്പള്ളിയിലെ ഞായറാഴ്ച ദർബാറും അടഞ്ഞു; ഉമ്മന് ചാണ്ടി വിടവാങ്ങി. ആൾക്കൂട്ടത്തിന്റെ ആരവങ്ങളെ പിന്നിലാക്കി അദ്ദേഹം മടങ്ങുന്പോൾ വെളുത്തൊരു ഖദർ വസ്ത്രത്തിന്റെ മർമരം പോലെ അടക്കിപ്പിടിച്ചൊരു തേങ്ങലുണ്ട് മലയാളക്കരയ്ക്ക്. കേരളത്തിന്റെ ജനപ്രിയനായ മുൻ മുഖ്യമന്ത്രിക്കുള്ള സ്നേഹനിർഭരമായൊരു യാത്രാമൊഴി.
1958ൽ പുതുപ്പള്ളി സെന്റ് ജോർജ് ഗവൺമെന്റ് ഹൈസ്കൂൾ മൈതാനത്ത് 30 വിദ്യാർഥികൾ ചേർന്നു കെഎസ്യു യൂണിറ്റ് തുടങ്ങിയപ്പോൾ സണ്ണിയെന്നും കുഞ്ഞൂഞ്ഞെന്നും ഓസിയെന്നും അറിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയജീവിതവും തുടങ്ങി. പുതുപ്പള്ളിയിൽ 12 തവണ തുടർച്ചയായി എംഎൽഎ ആയിരുന്ന അദ്ദേഹത്തിന്റെ പേരിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്ന വ്യക്തിക്കുള്ള റിക്കാർഡ്.
53 വർഷം പുതുപ്പള്ളിയും ഉമ്മൻ ചാണ്ടിയും പരസ്പരം കൊണ്ടുനടന്നു. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, കോൺഗ്രസ് പ്രവർത്തകസമിതിയംഗം, എഐസിസി സെക്രട്ടറി, പ്രതിപക്ഷ നേതാവ്, സംസ്ഥാന ധനമന്ത്രി, തൊഴിൽമന്ത്രി, ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു. ഏത്ര തിരക്കുണ്ടെങ്കിലും എല്ലാ ഞായറാഴ്ചയിലും പുതുപ്പള്ളിയിലെ വീട്ടിൽ നാട്ടുരാജാവിന്റെ ദർബാർ പോലെ മുടക്കമില്ലാതെ നടന്നിരുന്ന ജനസന്പർക്ക പരിപാടിക്ക് അദ്ദേഹം ഓടിയെത്തുമായിരുന്നു.
അനാരോഗ്യം വലയ്ക്കുന്നുണ്ടായിരുന്നെങ്കിലും 2020 സെപ്റ്റംബറിൽ ദീപികയിലെത്തിയപ്പോൾ കെ.സി. ജോസഫിനും തിരുവഞ്ചൂർ രാധാകൃഷ്ണനുമൊപ്പമിരുന്ന് ഉമ്മൻ ചാണ്ടി രാഷ്ട്രീയവും വ്യക്തിജീവിതവും പറഞ്ഞു. അദ്ദേഹം പുതുപ്പള്ളിയുടെ എംഎൽഎ ആയിട്ട് അപ്പോൾ 50 വർഷമായിരുന്നു.
അര നൂറ്റാണ്ടിനിടെ രാഷ്ട്രീയം വേണ്ടായിരുന്നെന്ന് എന്നെങ്കിലും തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ആഴമേറിയൊരു നിശബ്ദതയ്ക്കുശേഷം അദ്ദേഹം പറഞ്ഞ മറുപടി, വേണ്ടായിരുന്നെന്നു തോന്നിയിട്ടില്ല, പക്ഷേ, വേദന തോന്നിയിട്ടുണ്ട് എന്നായിരുന്നു. 2004 ആദ്യം തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ അമൃത എക്സ്പ്രസിൽ തനിക്കൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നെന്നു പ്രചരിച്ച ആക്ഷേപത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഒരു സ്ത്രീ ഒപ്പമുണ്ടായിരുന്നെന്നതു യാഥാർഥ്യമാണ്.
പക്ഷേ, അവരുടെ പേര് മറിയാമ്മ ഉമ്മൻ എന്നായിരുന്നു. ഇതു പറഞ്ഞപ്പോൾ ഉമ്മൻ ചാണ്ടിയെന്ന കുഞ്ഞൂഞ്ഞ് ചിരിച്ചില്ല. തനിക്കും ഭാര്യക്കുമൊപ്പം ട്രെയിനിൽ പ്രമുഖ കോൺഗ്രസ് നേതാക്കളുമുണ്ടായിരുന്നിട്ടും ഇത്തരമൊരു വ്യാജവാർത്ത ആരൊക്കെയോ പ്രചരിപ്പിക്കുകയായിരുന്നു. ആ സംഭവത്തിനു മൂന്നു മാസത്തിനകം ഉമ്മൻ ചാണ്ടി ആദ്യതവണ മുഖ്യമന്ത്രിയായി. അപ്പോൾ വീണ്ടും ആ നുണക്കഥ ചിലരൊക്കെ കുത്തിപ്പൊക്കി.
ട്രെയിൻ യാത്രയുടെ കഥ പറഞ്ഞ അദ്ദേഹം സോളാർ കേസിലെ സ്ത്രീ വിവാദത്തെക്കുറിച്ചു ചോദിച്ചപ്പോൾ പറഞ്ഞത്: ""ജനങ്ങളുമായുള്ള ബന്ധം എനിക്കു വലിയ ശക്തിയായതിനാൽ എല്ലാത്തിനെയും അതിജീവിച്ചു. അർഹിക്കുന്നതിൽ കൂടുതൽ അവർ എനിക്കു തന്നു. നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ ദോഷമൊന്നും സംഭവിക്കില്ല.
സോളാർ ഉൾപ്പെടെ ഏതൊരു ആരോപണവും താത്കാലികമായിരിക്കും. ഞാൻ പതറിയിട്ടില്ല'' എന്നാണ്. സോളാർ കേസിൽ 2021ൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും 2022 ഡിസംബറിൽ ഉമ്മൻചാണ്ടിക്കു ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിനു റിപ്പോർട്ട് സമർപ്പിച്ചു. 2013ൽ സോളാർ കേസിൽ ജുഡീഷൽ അന്വേഷണം നടത്തിയ കമ്മീഷന്റേതു തട്ടിക്കൂട്ട് റിപ്പോർട്ടായിരുന്നെന്ന് സിപിഐ നേതാവും കമ്മീഷൻ അന്വേഷിച്ചത് സ്ത്രീ-പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രമായിരുന്നെന്ന് കേസന്വേഷിച്ച പോലീസുദ്യോഗസ്ഥനും പറഞ്ഞതൊക്കെ വിവാദമായിരുന്നു.
അതേ, സോളാർ കേസിനെക്കുറിച്ചുള്ള മറുപടിയിൽ ഒരാളെയും പരാമർശിക്കാതെ മാന്യമായിട്ടാണ് ദീപികയിൽവച്ച് ഉമ്മൻ ചാണ്ടി പ്രതികരിച്ചതെങ്കിലും അദ്ദേഹത്തെ അവഹേളിച്ചവർക്ക് കാലം വൈകാതെ കാത്തുവച്ചത് തലകുനിക്കാനുള്ള നിയോഗമായിരുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ ദോഷമൊന്നും സംഭവിക്കില്ലെന്ന തന്റെ വിശ്വാസത്തിനൊത്തവിധം വിജയശ്രീലാളിതനായ ഈ ജനനേതാവിന് ഇനി സമാധാനത്തിൽ വിശ്രമിക്കാം.
കുഞ്ഞൂഞ്ഞിനോട് കുശലവും ആവലാതിയും പറയാനല്ലാതെ പുതുപ്പള്ളിയിലെ കരോട്ടുവള്ളക്കാലിൽ വീട്ടിലേക്ക് ആദ്യമായിട്ടാണ് ജനസാഗരമൊഴുകിയെത്തുന്നത്. കോൺഗ്രസുകാർ രാഷ്ട്രീയ തന്ത്രങ്ങൾ മെനയാനോ ചർച്ചകൾക്കോ അല്ലാതെ സംഘമായെത്തുന്നതും അപൂർവമായൊരു കാഴ്ചയാണ്. എതിർചേരിയിലുള്ള രാഷ്ട്രീയക്കാരും പുതുപ്പള്ളിയിലെ എതിരില്ലാത്ത നേതാവിനെ കാണാനെത്തിയിരിക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ അതിവേഗം ബഹുദൂരം പാഞ്ഞുനടന്ന ഉമ്മൻ ചാണ്ടി അനിവാര്യമായൊരു നിശ്ചലതയിലാണെങ്കിലും കേരളം തിരിച്ചറിയുന്നുണ്ട്, മുഖ്യമന്ത്രി പറഞ്ഞതുപോലെ "നികത്താനാവാത്തൊരു വിടവ്'.
ഒരിക്കൽകൂടി മാത്രം പുതുപ്പള്ളിയിലെത്തുന്ന ഉമ്മൻ ചാണ്ടിയോടു വിടപറയുന്നത് വിഷമമുള്ള കാര്യമാണ്. പക്ഷേ, ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ അവഗണിച്ചും ഊണും ഉറക്കവുമില്ലാതെ നാടുനിരങ്ങിയും ജനസന്പർക്കങ്ങളിൽ അഭിരമിച്ച ഉമ്മൻ ചാണ്ടിക്ക് ജനങ്ങളോടു വിടപറയാൻ അതിലുമെത്രയോ വിഷമമായിരിക്കും. പുതുപ്പള്ളിയിലെ ഈ അവസാന ജനസന്പർക്കം കഴിഞ്ഞാലും ജനഹൃദയങ്ങളിൽനിന്നു വിട പറയില്ല ഈ ജനനായകൻ.
മറക്കാനാവാത്ത സ്മരണകൾക്കുമുന്നിൽ ദീപികയും ആദരാഞ്ജലി അർപ്പിക്കുന്നു.