ആസൂത്രകരെയും പുറത്തു കൊണ്ടുവരണം
നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ വിദേശത്തുനിന്ന് സഹായമെത്തിക്കുന്ന ശക്തികളെക്കൂടി കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്കാകണം. എങ്കിൽ മാത്രമേ ആക്രമണത്തിന് ഇരയായ പ്രഫ. ടി.ജെ. ജോസഫിന് നീതി ലഭ്യമായെന്ന് അവകാശപ്പെടാനാകൂ.
സാക്ഷരകേരളം അപമാനഭാരത്താൽ ശിരസു കുനിച്ച സംഭവമായിരുന്നു മൂവാറ്റുപുഴയിൽ കോളജ് അധ്യാപകന്റെ കൈ വെട്ടിയ കൊടുംക്രൂരത. മതാന്ധതയാൽ മനസുമരവിച്ച ഒരുസംഘം കാപാലികർ, നീതിനിർവഹണത്തിനു കാത്തുനിൽക്കാതെ, നിയമം കൈയിലെടുത്ത് കേരളത്തിൽ താലിബാനിസം നടപ്പാക്കിയ ദിനം. മതേതരത്വവും ബഹുസ്വരതയും ആഘോഷിക്കുന്ന നാട്ടിൽ മതനിന്ദ ആരോപിച്ചായിരുന്നു ഈ ക്രൂരകൃത്യമെന്നത് പ്രബുദ്ധരായ മലയാളികളെ ഞെട്ടിച്ചു.
കാര്യമെന്തെന്ന് നേരാംവണ്ണം മനസിലാക്കാൻ പോലും കാത്തുനിൽക്കാതെ നടത്തിയ ആ ക്രൂരകൃത്യം അറ്റുപോകാത്ത ഓർമകളായി എന്നും മലയാളിയുടെ മനസിൽ അവശേഷിക്കും. സംഭവം നടന്ന് 13 വർഷത്തിനുശേഷം കേസിലെ അന്വേഷണവും കോടതിനടപടികളും ഏറെക്കുറെ പൂർത്തിയായിരിക്കുകയാണ്. എങ്കിലും മുഖ്യപ്രതിയെ ഇനിയും കണ്ടെത്താനാകാത്തതും കൃത്യത്തിൽ പങ്കെടുത്തവർക്കു സാന്പത്തികസഹായം ഉൾപ്പെടെ നൽകിയവരിലേക്ക് അന്വേഷണം എത്താത്തതുമെല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുന്നു.
2010 ജൂലൈ നാലിനു നടന്ന സംഭവത്തിൽ 2011 മാര്‍ച്ച് ഒമ്പതിനാണ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്തു നടപ്പാക്കിയ കൃത്യമെന്നായിരുന്നു എന്‍ഐഎയുടെ കണ്ടെത്തല്‍. ആദ്യഘട്ട വിചാരണ പൂര്‍ത്തിയാക്കി കൊച്ചിയിലെ എന്‍ഐഎ കോടതി 2015 ഏപ്രില്‍ 30ന് വിധി പറഞ്ഞു.
ആദ്യഘട്ട വിചാരണയില്‍ 31 പേരില്‍ 13 പേരെ കോടതി ശിക്ഷിക്കുകയും 18 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. രണ്ടാംഘട്ട വിചാരണ നേരിട്ട 11 പ്രതികളിൽ അഞ്ചുപേരെ വെറുതെ വിടുകയും ആറുപേർക്ക് ഇന്നലെ ശിക്ഷ വിധിക്കുകയും ചെയ്തു. കേസില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞെന്നു വ്യക്തമാക്കിയ കോടതി, ഗൂഢാലോചന, ആയുധം കൈവശം വയ്ക്കല്‍, ഒളിവില്‍ പോകാന്‍ സഹായിക്കല്‍, ആയുധംകൊണ്ട് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളും കണ്ടെത്തി. സംഭവത്തിലെ ആസൂത്രകരെയും അവർക്കു സഹായമേകിയവരെയും കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവന്നാൽ മാത്രമേ അന്വേഷണം പൂർത്തിയാകൂ. നിലവിൽ ശിക്ഷിക്കപ്പെട്ടവർ ഏതോ ആജ്ഞാനുവർത്തികളുടെ ആഹ്വാനമനുസരിച്ച് കൃത്യം ചെയ്ത വെറും കൂലിക്കാർ മാത്രമാണ്.
സംഭവത്തിലെ ഒന്നാം പ്രതി എറണാകുളം ഓടയ്ക്കാലി സ്വദേശി സവാദ് ഇപ്പോഴും കാണാമറയത്താണ്. സംഭവദിവസം ആലുവയിൽനിന്നു ബംഗളൂരു വഴി രക്ഷപ്പെട്ട ഇയാൾ അഫ്ഗാനിസ്ഥാനിലുണ്ടെന്നായിരുന്നു വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഇതേത്തുടർന്ന് രഹസ്യാന്വേഷണ ഏജൻസിയായ റോ അതിന്റെ ശൃംഖലകൾ ഉപയോഗിച്ച് അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും വ്യാപക അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും കാര്യമുണ്ടായില്ല.
ആക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിന് വിദേശത്തുനിന്നടക്കം സാന്പത്തികസഹായം ലഭിച്ചതായി എൻഐഎ കണ്ടെത്തിയിരുന്നു. എന്നാൽ, എന്തുകൊണ്ടോ സഹായം നൽകിയവരിലേക്ക് അന്വേഷണം എത്തിയില്ല. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ വിദേശത്തുനിന്ന് സഹായമെത്തിക്കുന്ന ശക്തികളെക്കൂടി കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്കാകണം. എങ്കിൽ മാത്രമേ ആക്രമണത്തിന് ഇരയായ പ്രഫ. ടി.ജെ. ജോസഫിന് നീതി ലഭ്യമായെന്ന് അവകാശപ്പെടാനാകൂ.
ഭീകരവാദത്തിന്റെ ഇരകളാണ് ഇന്ത്യയുൾപ്പെടെ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും. ഏറെനാളത്തെ ശ്രമഫലമായും ആഭ്യന്തരസുരക്ഷയ്ക്കു വർധിത പ്രാധാന്യം നൽകുന്നതിനാലും നൂതന സാങ്കേതികവിദ്യകൾ ലഭ്യമായതിനാലും ഭീകരതയെയും ഭീകരരെയും അതിന്റെ ആസൂത്രകരെയും തുടച്ചുനീക്കാൻ ഒട്ടുമിക്ക രാജ്യങ്ങൾക്കും ഇന്ന് ഏറെക്കുറെ സാധിക്കുന്നുണ്ട്. എന്നാൽ, ദരിദ്രരാജ്യങ്ങൾ, പ്രത്യേകിച്ച് ആഫ്രിക്കൻ രാജ്യങ്ങൾ ഇന്നും ഭീകരതയുടെ ഇരകളായിക്കൊണ്ടിരിക്കുന്നു.
വികസനത്തിനായി ചെലവഴിക്കേണ്ട സന്പത്തിൽ മുഖ്യഭാഗവും ഭീകരവാദത്തെ ചെറുക്കാനായി ഈ രാജ്യങ്ങൾ ഉപയോഗിക്കുന്പോൾ വികസനം വഴിമുട്ടുന്നു, ദാരിദ്ര്യം രൂക്ഷമാകുന്നു. പ്രണയക്കെണിയായും ലഹരിയായുമൊക്കെ വിവിധ രൂപഭാവങ്ങളിൽ ഭീകരവാദം പ്രത്യക്ഷപ്പെടുന്നുണ്ടെന്ന യാഥാർഥ്യം വിസ്മരിച്ചുകൂടാ. സ്നേഹത്തിലും സൗഹാർദത്തിലും കഴിയുന്നതിനൊപ്പം ഇത്തരം കെണികളിൽ വീഴാതിരിക്കാനുള്ള മുൻകരുതൽകൂടി നാം സ്വീകരിക്കേണ്ടതുണ്ട്. സ്വയം ആർജിച്ചെടുക്കേണ്ടതായ ഈ മുൻകരുതൽ നിതാന്ത ജാഗ്രതയിലൂടെ മാത്രമേ പ്രാപ്യമാകൂ.