നടുവേദന കാരണം ഒരു രക്ഷയുമില്ല... ഈ പല്ലവി നമുക്കിടയില്‍ സര്‍വസാധാരണമാണ്. നടുവേദന അനുഭവപ്പെടാത്തവര്‍ വളരെ ചുരുക്കം. നടുവേദന യുവജനങ്ങളിലാണെങ്കില് അത് മാറ്റിയെടുക്കാവുന്നതാണ്.
നടുവേദന മാറ്റാന്‍ ശസ്ത്രക്രിയ വളരെ അപൂര്‍വമായി മാത്രമേ ആവശ്യമുള്ളൂ എന്നതാണ് വാസ്തവം. ശരീരത്തിന്റെ ശരിയായ ചലനവും ചില പൊടിക്കൈകളും ഉപയോഗിച്ചാല്‍ ഒട്ടുമിക്ക നടുവേദനയും മാറ്റി എടുക്കാവുന്നതാണെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.
എന്തുകൊണ്ട് നടുവേദന
നടുവിനു പരിസരത്തുള്ള പേശിവേദന മുതല്‍ നട്ടെല്ലിന്റെ പ്രശ്നങ്ങള്‍വരെ നടുവേദനയ്ക്ക് കാരണമാകാറുണ്ട്. ഉളുക്കല്‍, വെട്ടല്‍, അമിതാമായ ജോലിഭാരം, നട്ടെല്ലിന്റെ പരിസരത്തേല്ക്കുന്ന ക്ഷതം, നട്ടെല്ലിനിടയിലെ പേശി വളര്‍ച്ച എന്നിങ്ങനെ പലകാരണങ്ങളാല്‍ നടുവേദന വരാം.
വേദന ഒരു കാലിലൂടെ താഴേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. വളയുക, ഭാരം ഉയര്‍ത്തുക, തുടര്‍ച്ചയായി നില്ക്കുക അല്ലെങ്കില്‍ നടക്കുക എന്നിവയെല്ലാം നടുവേദന കൂടുതല്‍ വഷളാക്കുന്നതാണ്.
മിക്ക നടുവേദനയും സാധാരണയായി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സ്വയം പരിചരണവും ചൂടുപിടിക്കലും മറ്റുമായി ക്രമേണ കുറയാറുണ്ട്. വിശ്രമമാണ് നടുവേദന ഭേദമാകാന്‍ ഏറ്റവും പ്രധാനം.
ഡോക്ടറെ എപ്പോള്‍ കാണണം
ഒട്ടുമിക്ക നടുവേദനയും വീട്ടുപരിചരണം മൂലം മാറ്റി എടുക്കാവുന്നതാണ്. എന്നാല്‍, വിട്ടുമാറാത്ത നടുവേദനയാണെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന വേദനയാണെങ്കില്‍ ഡോക്ടറെ കാണണം.
നട്ടെല് സംബന്ധിച്ച അല്ലെങ്കില്‍ നാഡികളെ സംബന്ധിക്കുന്ന പ്രശ്നങ്ങളും നടുവേദനയ്ക്ക് കാരണമാകാറുണ്ടെന്നതിനാലാണിത്. നടുവേനദന കാലുകളിലേക്കും കാല് മുട്ടിനു താഴേക്കും വ്യാപിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ടിരിക്കണം.
കാലുകള്‍ക്ക് ബലക്കുറവ്, മെലിച്ചില്‍, മരവിപ്പ് എന്നിവ നടുവേദനയ്ക്ക് ഒപ്പം വരുകയാണെങ്കിലും ഡോക്ടറെ സമീപിക്കണം. അപൂര്‍വ സന്ദര്‍ഭങ്ങളില്‍, നടുവേദന ഗുരുതരമായ മെഡിക്കല്‍ പ്രശ്നത്തെ സൂചിപ്പിക്കുന്നു.
മലവിസര്‍ജ്ജനം അല്ലെങ്കില്‍ മൂത്രസഞ്ചി പ്രശ്നങ്ങള്‍ മൂലവും നടുവേദന വരാറുണ്ട്. വീഴ്ചയിലൂടെയും മറ്റും നടുവിന് പരിക്കേല്ക്കുമ്പോഴും ഡോക്ടറെ കാണണം.
കാരണങ്ങള്‍
പ്രത്യേകിച്ച് ഇന്ന കാരണത്താലാണ് സാധാരണയായുള്ള നടുവേദന വരുന്നത് എന്നു പറയുക അസാധ്യമാണ്. പേശി അല്ലെങ്കില്‍ ലിഗമെന്റ് സ്ട്രെയിന്‍, തുടര്‍ച്ചയായി ഭാരം എടുക്കല്‍, പെട്ടെന്നുള്ള തിരിയലും മറിയലും പേശികള്‍ക്കും നട്ടെല്ല് അസ്ഥിബന്ധങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുക, ശാരീരികമായി ദുര്‍ബലര്‍, നടുവിന് തുടര്‍ച്ചയായുള്ള സമ്മര്‍ദ്ദം, നീണ്ട മണിക്കൂര്‍ ഇരുന്നുള്ള ജോലി തുടങ്ങിയ പല കാരണങ്ങളാല്‍ നടുവേദന അനുഭവപ്പെടാം.
ഡിസ്ക് സംബന്ധിച്ചുള്ള പ്രശ്നങ്ങളാലാണ് നടുവേദന വരുന്നതെങ്കില്‍ എക്സ്-റേ, സിടി സ്കാനുകള്‍ അല്ലെങ്കില്‍ എംആര്‍ഐ എന്നിവയിലൂടെ തിരിച്ചറിയാം. ഇതാണെങ്കില്‍ മാത്രമാണ് ചികിത്സ അടുത്ത ഘട്ടത്തിലേക്ക് വിലുപപ്പെടുത്തേണ്ടത്.
സന്ധിവാതം മൂലവും നടുവേദന അനുഭവപ്പെടാം. ചില സന്ദര്‍ഭങ്ങളില്‍, നട്ടെല്ലിലെ സന്ധിവാതം സുഷുമ്നാ നാഡിക്ക് ചുറ്റുമുള്ള ഇടം ചുരുങ്ങുന്നതിലേക്ക് നയിച്ചേക്കാം. നട്ടെല്ലിന്റെ കശേരുക്കള്‍ക്ക് ഉണ്ടാകുന്ന ക്ഷതം മൂലവും നടുവേദന വരാം.
വിഷാദം, പുകവലി
കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും നടുവേദന ഉണ്ടാകാറുണ്ട്. വിഷാദത്തിനും ഉത്കണ്ഠയ്ക്കും സാധ്യതയുള്ള ആളുകള്‍ക്ക് നടുവേദനയ്ക്കുള്ള സാധ്യത കൂടുതലാണ്. മാനസിക സമ്മര്‍ദം പേശികളുടെ പിരിമുറുക്കത്തിന് കാരണമാകും, ഇത് നടുവേദനയ്ക്ക് കാരണമാകും.
വ്യായാമത്തിന്റെ അഭാവം മൂലം നടുവേദന ഉണ്ടാകാറുണ്ട്. പുറകിലും അടിവയറ്റിലും ദുര്‍ബലവും ഉപയോഗിക്കാത്തതുമായ പേശികള്‍ നടുവേദനയ്ക്ക് കാരണമായേക്കാം. പുകവലിക്കുന്നവര്‍ക്ക് നടുവേദന ഉണ്ടാകുന്നത് പതിവായിരിക്കുന്നു.
പുകവലി ചുമയ്ക്ക് കാരണമാകുന്നതിനാലാണിത്. മാത്രമല്ല, പുകവലി നട്ടെല്ലിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും നട്ടെല്ലിന്റെ കശേരുക്കള്‍ക്ക് ക്ഷതമുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ഇതും നടുവേദനയ്ക്ക് കാരണമാകും.
പ്രതിരോധം
സാധാരണ നടുവേദനയാണെങ്കില്‍ കൃത്യമായ വ്യായാമത്തിലൂടെ ഇത് മാറ്റി എടുക്കാവുന്നതാണ്. പുറകിലെ മസിലുകള്‍ക്ക് ബലം നല്‍കുകയും പേശികളെ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുകയാണ് പ്രധാനം.
നടത്തം, സൈക്കിള്‍ ചവിട്ടല്‍, നീന്തല്‍ എന്നിവ നല്ല വ്യായാമങ്ങളാണ്. എത് തരത്തിലുള്ള വ്യായാമം ചെയ്യണമെന്നതിനായി ഡോക്ടറുടെയോ ഫിസിയൊയുടെയോ നിര്‍ദേശം സ്വീകരിക്കുക. അമിതഭാരമുള്ളവര്‍ക്ക് നടുവേദന അനുഭവപ്പെടാറുണ്ട്.
ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുകയാണ് ഇതില്‍ പ്രധാനം. ദീര്‍ഘനേരം നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുന്ന ജോലി ആണെങ്കില്‍ ഇതിനിടെ ചെറിയ ഒരു ബ്രേക്ക് എടുക്കുക. ഇതിനെല്ലാം ഒരു ഡോക്ടറുടെ നിര്‍ദേശം തേടുന്നതാണ് ഏറ്റവും അഭികാമ്യം.