മുടി കൊഴിച്ചില്‍ തടയാന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. വന്‍തോതില്‍ ഇത്തരം മരുന്നുകള്‍ വിറ്റഴിയപ്പെടുന്നുമുണ്ട്. എന്നാല്‍, കാലങ്ങളായി ചില പൊടിക്കൈകള്‍ മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനുമായി നമ്മുടെ നാടുകളില്‍ പ്രശസ്തമാണ്.
മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഉപകരിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഏറ്റവും പ്രധാനം. മുടിയുടെ വളര്‍ച്ചയും ഉള്ളും പൂര്‍ണമായി മരുന്നിലൂടെയും ഭക്ഷണത്തിലൂടെയും വീണ്ടെടുക്കാമെന്ന വിചാരം തെറ്റാണ്.
കാരണം, ജോലി സമ്മര്‍ദം, ജനിതകശാസ്ത്രം, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയും മുടി കൊഴിച്ചില്‍, വളര്‍ച്ച, ഉള്ള് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
മുടി വളരാനും സംരക്ഷിക്കാനുമുള്ള മരുന്ന് ഉപേക്ഷിച്ച് ആരോഗ്യകരമായ ശീലം വളര്‍ത്താന്‍ നമ്മെ സഹായിക്കുന്ന ആഹാരപദാര്‍ഥങ്ങളെ കുറിച്ച്...
മുടി വളരാര്‍ വിറ്റാമിനുകള്‍
പ്രോട്ടീനുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകള്‍, ബി കോംപ്ലക്സ് വിറ്റാമിനുകള്‍, ഇരുമ്പ് എന്നിവയാണ് മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഏറ്റവും ഉപകരിക്കപ്പെടുന്നത്.
ഫൈബര്‍ നിറഞ്ഞ ഭക്ഷണങ്ങള്‍, 100 ശതമാനം ധാന്യങ്ങള്‍, കൊഴുപ്പ് എന്നിവ നിറഞ്ഞ ഭക്ഷണങ്ങള്‍ മുടിയുടെ സംരക്ഷണത്തിന് ഉത്തമമാണ്.
സാല്‍മണ്‍ മത്സ്യം
സാല്‍മണ്‍ മത്സ്യം മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാകുന്ന ഏറ്റവും പ്രധാന ആഹാരങ്ങളില്‍ ഒന്നാണ്. മുടിയുടെ സംരക്ഷണം മാത്രമല്ല, ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുക, മാനസികാവസ്ഥ മെച്ചപ്പെടുത്തുക, ശരീര വീക്കം തടയുക തുടങ്ങിയ നിരവധി ഗുണങ്ങളുള്ള പോഷകസമൃദ്ധമായ മത്സ്യങ്ങളില്‍ ഒന്നാണ് സാല്‍മണ്‍.
ആരോഗ്യകരമായ മുടിക്ക് പ്രധാന പോഷകമായ ഒമേഗ-3 ഫാറ്റി ആസിഡ് കൂടുതലായി സാല്‍മണില്‍ അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരം സ്വാഭാവികമായി ഒമേഗ-3 ഉത്പാദിപ്പിക്കുന്നില്ല, അതിനാല്‍ നിങ്ങള്‍ അവ ഭക്ഷണത്തില്‍ നിന്നോ സപ്ലിമെന്റുകളില്‍ നിന്നോ നേടേണ്ടതുണ്ട്.
പ്രോട്ടീന്‍, സെലിനിയം, വിറ്റാമിന്‍ ഡി, ബി എന്നിവയാല്‍ സമ്പന്നമാണ് സാല്‍മണ്‍ മത്സ്യം. മുടിയുടെ ആരോഗ്യത്തിന് ഇവ അത്യുത്തമമാണ്.
ബെറികള്‍, മുട്ടകള്‍
ബ്ലാക്ക്ബെറി, സ്ട്രോബെറി, റാസ്ബെറി അല്ലെങ്കില്‍ ബ്ലൂബെറി എന്നിവ മുടിയുടെ വളര്‍ച്ചയ്ക്കും സംരക്ഷണത്തിനും ഉപകാരപ്രദമാണ്. കോശങ്ങളെ സംരക്ഷിക്കുന്നതിലൂടെ ശരീരത്തെയും മുടിയെയും പരിപോഷിപ്പിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ബെറികളില്‍ ഉണ്ട്.
വിറ്റാമിന്‍ സി വന്‍തോതില്‍ ബെറികളില്‍ നിറഞ്ഞിരിക്കുന്നു. സിങ്ക് ഉള്‍കൊള്ളുന്ന മുത്തുച്ചിപ്പി, കക്ക തുടങ്ങിയവ തുടങ്ങിയവ കഴിക്കുന്നതും മുടിക്ക് സംരക്ഷണം നല്‍കും. മുടിയുടെ വളര്‍ച്ചയ്ക്ക് സിങ്ക് നിര്‍ണായകമാണ്.
കോളിന്, ഇരുമ്പ്, വിറ്റാമിന്‍ എ, ഡി, ബി 12 എന്നിവ മുടിയുടെ ആരോഗ്യത്തിന് ആവശ്യമാണ്. ഇതെല്ലാം അടങ്ങിയതാണ് മുട്ട. കണ്ണ്, ചര്‍മം, മുടി എന്നിവയുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഘടകങ്ങളാല്‍ സമ്പന്നമാണ് മുട്ട, പ്രത്യേകിച്ച് മഞ്ഞക്കരു.
പരിപ്പ്, പയര്‍
നിലക്കടല, കശുവണ്ടി, ബദാം, വാല്‍നട്ട് എന്നിവ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ബയോട്ടിന്‍, സിങ്ക് എന്നിവയുടെ മികച്ച ഉറവിടങ്ങളാണ്. മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യാന്‍ ഇവ സഹായകമാണ്.
ബയോട്ടിന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, സിങ്ക് പോലുള്ള ധാതുക്കള്‍ എന്നിവയുടെ പ്രധാന ഉറവിടമാണ് നിലക്കടല, ഇത് മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു.
ബ്രസീല്‍ അണ്ടിപ്പരിപ്പില്‍ 90 ശതമാനം സെലിനിയം അടങ്ങിയിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പ്രോട്ടീന്‍ കഴിക്കുന്നത് മുടി വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ്. വെള്ളക്കടല, പയര്‍, ബീന്‍സ് തുടങ്ങിയ പയര്‍വര്‍ഗങ്ങള്‍ മുടിയുടെ സംരക്ഷണത്തിന് ഉത്തമമാണ്.
മത്തി, മത്തങ്ങ
ഏറെ ഗുണങ്ങളുള്ള മത്സ്യമാണ് മത്തി. മുടി കൊഴിച്ചില്‍ കുറയ്ക്കുകയും മുടിയുടെ സാന്ദ്രത വര്‍ധിപ്പിക്കുകയും ചെയ്യുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍, രോമകൂപങ്ങളുടെ വികാസത്തെ സഹായിക്കുന്ന വിറ്റാമിന്‍ ഡി തുടങ്ങിയവയാല്‍ സമ്പന്നമായ മത്സ്യമാണ് നമുക്കേവര്‍ക്കും സുപരിചിതമായ മത്തി.
ഒരു മത്തിയില്‍ 25 ശതമാനം ഇരുമ്പ് ഉണ്ട് എന്നാണ് കണക്ക്. മുടി കൊഴിച്ചില്‍ തടയാന്‍ ഇരുമ്പ് സഹായകമാണ്. മത്തങ്ങയും ഇരുമ്പ്, ബീറ്റാ കരോട്ടിന്‍ എന്നിവയാല്‍ സമ്പന്നമാണ്. മുടിയുടെ വളര്‍ച്ചയ്ക്കും കരുത്തിനും ഇത് പ്രധാനമാണ്.
നിങ്ങളുടെ ശരീരത്തിലെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി, ഇ എന്നിവയും മത്തങ്ങയില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല മഗ്നീഷ്യത്തിന്റെ ഉറവിടം കൂടിയാണ് മത്തങ്ങ. മുടി വളര്‍ച്ചയ്ക്കും കരുത്തിനും ഇത് ഉപകാരപ്രദമാണ്.
അവോക്കാഡോ, തൈര്
അവോക്കാഡോ ആരോഗ്യകരമായ കൊഴുപ്പ്, ആന്റിഓക്സിഡന്റായ വിറ്റാമിന്‍ ഇ തുടങ്ങിയവ അവോക്കാഡോയില്‍ ഉണ്ട്. മുടി വളര്‍ച്ച വര്‍ധിപ്പിക്കാന്‍ വിറ്റാമിന്‍ ഇ സഹായിക്കുമെന്ന് പഠനം തെളിയിച്ചിട്ടുണ്ട്.
തൈരും മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഉപകാരപ്രദമാണ്. മധുരം ചേര്‍ക്കാത്ത തൈരില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മനോഹരമായ മുടിയുടെ ആവശ്യ ഘടകമാണ്.
ഡയറ്റീഷ്യന്മാരുടെ അറിവോടെ എല്ലാ ഭക്ഷണക്രമങ്ങളും ഉപയോഗിക്കുന്നതാണ് ഉത്തമം. കാരണം, ഓരോരുത്തരുടെയും ശരീരഘടന വ്യത്യസ്ഥമാണെന്നതും ഓരോ ആഹാരത്തിനോടും പ്രതികരിക്കുക വ്യത്യസ്ഥ രീതിയില്‍ ആയിരിക്കുമെന്നതും മറക്കരുത്.