വിറ്റാമിൻ എ, സി, ഇ, ബി കോംപ്ലക്സ്, ധാതുക്കളായ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, ഇരുന്പ്, കാൽസ്യം, ബീറ്റാ കരോട്ടിൻ തുടങ്ങിയ പോഷകങ്ങൾ ഇഞ്ചിയിൽ ധാരാളം. ദഹനക്കേടും വയറുവേദനയുമൊക്കെ ഉണ്ടാകുന്പോൾ ഇഞ്ചിയും ഉപ്പും ചേർത്തു ചതച്ചു കഴിച്ചാൽ മതിയെന്നു പഴമക്കാരുടെ ആരോഗ്യപുസ്തകം.
64 തരം കറികൾക്കു പകരം വയ്ക്കാൻ ഇഞ്ചിക്കറി മതിയെന്നു പഴമക്കാരു പറയും. ഇഞ്ചിയുടെ ആരോഗ്യസിദ്ധികളും പോഷക സിദ്ധികളും അമൂല്യം. ഇഞ്ചി ചതച്ചു ചേർത്താൽ ചായയ്ക്കു രുചിയേറും, ഗുണവും. ഇഞ്ചിയിലുളള ആൻറി ഓക്സിഡൻറുകൾ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. മാനസിക പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കുന്നതിനു സഹായകം. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് ആശ്വാസദായകം. യാത്രയ്ക്കു പുറപ്പെടും മുന്പ് ഇഞ്ചി ചേർത്ത ചായ കഴിച്ചാൽ യാത്രയ്ക്കിടയിൽ മനംപിരലും ഛർദിക്കുമുളള സാധ്യത കുറയ്ക്കാം.
ആമാശയ സ്തംഭനം ഒഴിവാക്കാൻ ഇഞ്ചി ഫലപ്രദം. ഗ്യാസും വയറു വീർത്തു വരുന്നതും തടയുന്നു. ബാക്ടീകരിയ മൂലമുണ്ടാകുന്ന അതിസാരത്തിന്റെ ചികിത്സയ്ക്കും സഹായകം. ദഹനം സുഗമമാക്കുന്നതിനു ഭക്ഷണശേഷം ഇഞ്ചി കഴിച്ചാൽ മതി. ഭക്ഷ്യവിഷബാധ തടയുന്നതിനും ഇഞ്ചി ഫലപ്രദമെന്നു പഠനങ്ങൾ. തൊണ്ടവേദന തടയുന്നതിന് ഇഞ്ചി ഇന്നും അടുക്കളയുടെ മെഡിസിൻ. സ്വാഭാവിക വേദനസംഹാരിയാണ് ഇഞ്ചി. തൊണ്ടയിലെ വേദനയും മറ്റ് അസ്വസ്ഥതകളും അകറ്റുന്നതിനു സഹായകം. ജലദോഷത്തെ തുടർന്നുണ്ടാകുന്ന ചുമ അകറ്റുന്നതിന് ഇഞ്ചി ഗുണപ്രദം. ശ്വാസകോശങ്ങളിൽ തങ്ങിനിൽക്കുന്ന കഫം ഇളകി പുറത്തുപോകുന്നതിന് ഇഞ്ചി സഹായകം. ഇഞ്ചി ചതച്ചു നീരെടുത്ത് അതിൽ തേൻ ചേർത്തു കഴിച്ചാൽ ചുമ തടയാം. ചതച്ച ഇഞ്ചിയിൽ തേൻ ചേർത്തു കഴിച്ചാലും നന്ന്. ചതച്ച ഇഞ്ചിയും ഉപ്പും ചേർത്തു തിളപ്പിച്ചതു ചെറു ചൂടോടെ കവിൾക്കൊണ്ടാൽ ചുമയും തൊണ്ടവേദനയും പന്പകടക്കും. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിന് ഇഞ്ചി ഗുണപ്രദം.. അതിനാൽ പനി, ജലദോഷം വിറയൽ എന്നിവയുടെ ചികിത്സയ്ക്കു സഹായകം. വൈറസ്, ഫംഗസ്, വിഷമാലിന്യങ്ങൾ എന്നിവയ്ക്കെതിരേ പ്രവർത്തിക്കാനുളള ശേഷി ഇഞ്ചിക്കുണ്ട്.