പക്ഷാഘാതത്തെ പ്രതിരോധിക്കാനുള്ള മിനിമലി ഇൻവേസീവ് പ്രക്രിയ കിംസിൽ പ്രാവർത്തികമാക്കി
Wednesday, June 7, 2017 12:05 AM IST
80 വയസുള്ള രോഗിയിൽ പക്ഷാഘാതത്തെ പ്രതിരോധിക്കാനുള്ള അത്യപൂർവ്വമായ മിനിമലി ഇൻവേസീവ് പ്രക്രിയ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വിജയകരമായി നടപ്പാക്കി. പ്രസ്തുത രോഗിക്ക് താളം തെറ്റിയുള്ള ഹൃദയ മിടിപ്പിനെത്തുടർന്ന് എറ്റ്രിയൽ ഫിബ്രിലേഷൻ എന്ന അവസ്ഥയാണെന്ന്് കണ്ടുപിടിക്കപ്പെട്ടു. ഈ അവസ്ഥയിൽ സാധാരണക്കാരേക്കാൾ 5 മുതൽ 7 ഇരട്ടിവരെ ഇത്തരക്കാർക്ക് പക്ഷാഘാതത്തിനുള്ള സാദ്ധ്യത കൂടുതലാണ്. ഈ രോഗിയുടെ കാര്യത്തിലാണെങ്കിൽ പക്ഷാഘാതത്തെ പ്രതിരോധിക്കാനുള്ള മരുന്ന് നൽകിയപ്പോൾ രക്തവാർച്ചയുമുണ്ടായി.

ഹൃദയതാളത്തെ ക്രമീകരിക്കുന്ന വൈദ്യുത പ്രചോദനങ്ങൾ ഈ രോഗിയുടെ കാര്യത്തിൽ ക്രമം തെറ്റിയാണ് സഞ്ചരിച്ചിക്കുന്നത്. അതിനുപകരം, അത്തരം നിരവധി വൈദ്യുത പ്രചോദനങ്ങൾ ഒരേസമയം ഉൽപാദിപ്പിക്കപ്പെടുകയും അവ എട്രിയ ആകമാനം പടരുകയും ചെയ്യുന്ന സ്ഥിതിയായിരുന്നു. ഇവ വേഗത്തിലുള്ളതും, ക്രമരഹിതവുമായിരുന്നതിനാൽ എറ്റ്രിയയ്ക്ക് ചുരുങ്ങാനോ രക്തത്തെ വെൻട്രിക്കിളുകളിലേക്ക് കടത്തിവിടുവാനോ ഉള്ള സമയം ലഭിച്ചിരുന്നുമില്ല. തൽഫലമായി ഹൃദയത്തിലെ ലെഫ്റ്റ് എറ്റ്രിയൽ അപ്പെൻഡേജ് (LAA) എന്ന ചെറിയ അറയിൽ രക്തം കെട്ടിക്കിടക്കുകയും അത് ലെഫ്റ്റ് എട്രിയൽ അപ്പെൻഡേജിലും എറ്റ്രിയയിലും കട്ടിപിടിക്കാനും ഇടവരുന്നു. കട്ടിയായ ഈ രക്തം ഹൃദയത്തിൽ നിന്ന് പന്പ് ചെയ്ത് പുറത്താക്കാൻ ശ്രമിച്ചാൽ അത് പക്ഷാഘാതത്തിന് കാരണമാകുകയും ചെയ്യും.


ഡോ: പ്രവീണ്‍ എസ്.വിയുടെ നേതൃത്വത്തിലുള്ള കിംസ് ഇന്‍റർവെൻഷണൽ കാർഡിയോളജി ടീമിന്‍റെ ദൗത്യം ലെഫ്റ്റ് എട്രിയൽ അപ്പെൻഡേജ് അടയ്ക്കുക എന്നതായിരുന്നു. കാലിലെ ഞരന്പിലൂടെ ഒരു കത്തീറ്റർ കടത്തി അവർ ഇത് സാധിച്ചു. രോഗി സുഖം പ്രാപിക്കുകയും നന്നായി പ്രതികരികുകകയും ചെയ്തു. ഈ പ്രക്രിയ മറ്റ് രാജ്യങ്ങളിൽ സർവ്വസാധാരണമാണെങ്കിലും, ഇൻഡ്യയിൽ വിശേഷിച്ച് കേരളത്തിൽ അത്യപൂർവ്വമാണ്.