വായ്നാറ്റം ഒഴിവാക്കാൻ പല വഴികൾ
Friday, January 6, 2017 6:33 AM IST
വായ്നാറ്റത്തിന്റെ മറ്റു ചില കാരണങ്ങൾ
2. മെഡിക്കൽ
പ്രമേഹം: പ്രമേഹരോഗികളിൽ ഇൻസുലിന്റെ അളവ് വളരെയധികം കുറയുകയും തന്മൂലം ശരീരത്തിലെ പഞ്ചസാര കൊഴുപ്പ് രൂപത്തിൽ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. ഈ കൊഴുപ്പ് വിഘടിച്ച് കീറ്റോൺസിനെ ഉത്പാദിപ്പിക്കുന്നു. അവ ധാരാളം അളവിൽ ഉദ്പാദിപ്പിക്കപ്പെടുന്നത് ശരീരത്തിൽ വിഷാംശം ഉണ്ടാക്കുകയും അസഹ്യമായ ദുർഗന്ധത്തിനു കാരണമാകുകയും ചെയ്യുന്നു.

ആമാശയവും അന്നനാളവും സംബന്ധിച്ചുള്ള രോഗങ്ങൾ:
ഗ്യാസ്ട്രൈറ്റിസ്, കുടൽവ്രണം, കാൻസർ.
ചെവി, മൂക്ക്, തൊണ്ട എന്നിവയ്ക്കുണ്ടാകുന്ന ടോൺസിലൈറ്റിസ് അഥവാ തൊണ്ടമുള്ള്, സൈനസൈറ്റിസ്, തൊണ്ടവീക്കം, മൂക്കിലെ ദശവളർച്ച.
ശ്വാസകോശത്തിനെ സംബന്ധിച്ച – ക്ഷയരോഗം,
ബ്രോങ്കൈറ്റിസ്, ശ്വാസകോശവീക്കം.
വൃക്കരോഗങ്ങൾ.
ഉദരരോഗങ്ങൾ: മലബന്ധം, അൾസർ, ദഹനസംബന്ധമായ പ്രശ്നങ്ങൾ.
അനീമിയ.

3. നോൺമെഡിക്കൽ

വായ് തുറന്നുറങ്ങുന്ന ശീലം.
ഡെന്റൽ അപ്ലയൻസസ്: ദന്തനിരയൊപ്പിക്കാൻ ഇടുന്ന കമ്പികളുടെ ഇടയിൽ ഭക്ഷണപദാർഥങ്ങൾ അടിയുകയും ദുർഗന്ധം വമിക്കുകയും ചെയ്യുന്നു.
പുകവലി, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം.
അസഹ്യമായ മദ്യപാനം.

4. കൺസ്യൂമബിൾസ്

ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ.
മീൻ, ചീസ്, കോഫി മുതലായവ.
ഇവയ്ക്കു പുറമേ സ്വാഭാവികമായി വിശപ്പിന്റെ ആധിക്യത്തിലും വാർധക്യത്തിലും ശൈശവകാലത്ത് കുട്ടികളിലും ഗർഭിണിയായിരിക്കുമ്പോഴും വായ്നാറ്റം അനുഭവപ്പെടാം.

രോഗനിർണയം

ഹാലിറ്റോസിസ് ഒരു വ്യക്‌തിക്ക് സ്വന്തമായോ അല്ലെങ്കിൽ വീട്ടുകാരുടെയോ കൂട്ടുകാരുടെയോ സഹായത്തോടെയോ കണ്ടുപിടിക്കാവുന്നതാണ്. ഇന്ന് ദന്താരോഗ്യ രംഗത്ത് വായ്നാറ്റം ശാസ്ത്രീയമായി നിർണയിക്കാൻ നിരവധി മാർഗങ്ങൾ നിലവിലുണ്ട്.

1. ഹാലിമീറ്റർ (Halimeter )
2. സ്പൂൺ ടെസ്റ്റ് (Spoon test)
3. സലൈവ ഓഡർ ടെസ്റ്റ് (Saliva odor test)
4. ഗ്യാസ് ക്രൊമാറ്റോഗ്രഫി (Gas chromatography)
5. ഓർഗാനോസെപ്റ്റിക് ഓഡർ ടെസ്റ്റ് (Organoceptic odor test)
6. BANA test
7. മെഡിക്കൽ ചരിത്രം (Medical history)

പ്രതിവിധി

വായ്നാറ്റം ചികിത്സിച്ചിട്ടില്ലെങ്കിൽ അത് തുടർന്ന് മോണരോഗം വരുന്നതിനും ദന്തക്ഷയം കൂട്ടുന്നതിനും കാരണമാകുന്നു. വായിൽ പല രോഗങ്ങൾ കൂടുന്നതിനും ബാക്ടീരിയയുടെ അളവ് കൂടുന്നതിനും വായ്നാറ്റം സാഹചര്യമൊരുക്കുന്നു.

1. ഒരു ദന്തഡോക്ടറെ സമീപിച്ച് വായ്നാറ്റത്തിന്റെ കാരണങ്ങൾ കണ്ടുപിടിച്ച് ചികിത്സിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്.

2. ഫ്ളൂറൈഡ് അടങ്ങിയ ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് ദിവസവും പല്ലുകൾ ബ്രഷ് ചെയ്യുക.
3. ഭക്ഷണശേഷം പല്ലുകൾ ബ്രഷ് ചെയ്യുക.
4. എല്ലാ ദിവസവും നാവ് ടങ് സ്ക്രാപ്പർ ഉപയോഗിച്ചോ ടൂത്ത്ബ്രഷിന്റെ പിറകുവശം വച്ചോ വൃത്തിയാക്കുക. എന്നാൽ അമിതമായ ടങ് സ്ക്രാപ്പർ ഉപയോഗം രുചി അറിയാനുള്ള മുകുളങ്ങളെ ഇല്ലാതാക്കുന്നു.
5. ഭക്ഷണശേഷം വായ് നന്നായി കഴുകുകയും വിരലുകൾകൊണ്ട് പല്ലിനെയും മോണയെയും മസാജ് ചെയ്യുന്നതും നല്ലതാണ്.
6. രണ്ടോ മൂന്നോ മാസങ്ങൾക്കു ശേഷം പഴയ ടൂത്ത്ബ്രഷ് മാറ്റി പുതിയത് ഉപയോഗിക്കണം.
7. പല്ലുകളുടെ ഇടയിലുള്ള അഴുക്ക് കളയാൻ പതിവായി ഡെന്റൽ ഫ്ളോസ്, ഇന്റർ ഡെന്റൽ ബ്രഷ് തുടങ്ങിയവ ഉപയോഗിക്കുക.
8. രാത്രി ഉറങ്ങുന്നതിനു മുൻപ് പല്ലുസെറ്റ് ഊരിവയ്ക്കുക. വീണ്ടും രാവിലെ വായിൽ വയ്ക്കുന്നതിനു മുൻപ് നന്നായി വൃത്തിയാക്കണം.
9. വർഷത്തിൽ രണ്ടുപ്രാവശ്യമെങ്കിലും ഡെന്റിസ്റ്റിനെ കണ്ട് വായ് പരിശോധിപ്പിക്കുകയും ക്ലീനിംഗ് ചെയ്യുകയും വേണം.
10. പുകവലി, പുകയില ഉത്പന്നങ്ങൾ, മദ്യപാനം എന്നിവ ഉപേക്ഷിക്കുക.
11. വായ് എപ്പോഴും നനവുള്ളതായിരിക്കാൻ ധാരാളം വെള്ളം കുടിക്കുക. ഷുഗർഫ്രീ ച്യൂയിംഗം ചവയ്ക്കുന്നത് ഉമിനീർ കൂടുതലുണ്ടാകാൻ സഹായിക്കും.
12. അസഹ്യമായ വായ്നാറ്റം ഉള്ളവർ ഭക്ഷണത്തിൽ ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ ഒഴിവാക്കുക.
13. വായ്നാറ്റത്തിനു കാരണം മോണരോഗമാണെങ്കിൽ പേരയ്ക്ക കഴിക്കുന്നത് പ്രയോജനകരം. പേരയ്ക്കായിൽ അടങ്ങിയിരിക്കുന്ന ഓക്സലേറ്റ്, ടാനിക് ആസിഡ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയവ മോണയ്ക്ക് ബലം നൽകുന്നു. കൂടാതെ മോണരോഗം കുറയ്ക്കുന്നു.
14. ഡോക്ടറുടെ നിർദേശപ്രകാരം മൗത്ത്വാഷ് ഉപയോഗിക്കുക.
ഹാലിറ്റോസിസ് പലരുടെയും ജീവിതത്തിൽ ഒരു വില്ലനായി തീരാറുണ്ട്. മറ്റുള്ളവരോടു സംസാരിക്കാനും ഇടപെടാനുമുള്ള ആത്മവിശ്വാസം നഷ്ടപ്പെടുകയും സമൂഹത്തിൽ ഒറ്റപ്പെടാനും ഇടയാകുന്നു. ഇതുമൂലമുള്ള നിരാശയും പരാജയഭീതിയും അവരെ ജീവിതത്തിൽ പിന്നോട്ട് വലിക്കുന്നു. പരിഹരിക്കാൻ കഴിയാവുന്ന ഒരു പ്രശ്നമാണ് ഹാലിറ്റോസിസ് എന്നുള്ളത് ഇത്തരക്കാർക്ക് ആശ്വാസപ്രദമാണ്. ശരിയായ രീതിയിലുള്ള വായ ശുചിത്വം കൊണ്ടും ഒരു ഡെന്റിസ്റ്റിന്റെ സഹായത്തോടെയും വായ്ക്കുള്ളിലെ കാരണങ്ങൾകൊണ്ടുണ്ടാകുന്ന വായ്നാറ്റത്തെ പൂർണമായും മാറ്റാവുന്നതാണ്.

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല.)
മുളമൂട്ടിൽ ദന്തൽ ക്ലിനിക്, പോലീസ് ക്വാർട്ടേഴ്സ് റോഡ്, ഡിവൈഎസ്പി ഓഫീസിനു സമീപം,
തിരുവല്ല. ഫോൺ– 9447219903
[email protected]
www.dentalmulamoottil.com