പരാതി നല്കിയത് സ്ത്രീത്വത്തെ അപമാനിച്ചതിനെന്ന് വീണ ജോർജ്; തെളിവ് കാട്ടൂ എന്ന് സോഷ്യൽ മീഡിയ
Sunday, June 10, 2018 5:54 PM IST
പത്തനംതിട്ട ബസ് സ്റ്റാൻഡിന്‍റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയയിലടക്കം വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി ആറന്മുള എംഎൽഎ വീണ ജോർജ്. വികസനപ്രശ്നം ഉന്നയിച്ചതിനെതിരേയല്ല, സ്ത്രീത്വത്തെ അപമാനിക്കുന്നതും മതവിദ്വേഷം പരത്തുന്നതുമായ പോസ്റ്റിട്ടതിനെതിരേയാണ് താൻ കേസ് നല്കിയതെന്ന് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വീണ ജോർജ് പറയുന്നു.

ഐപിസി 153 വകുപ്പ് മതസ്പർധയും മതവിദ്വേഷവും വളർത്താൻ ശ്രമിച്ചതിനെതിരേ ഉള്ളതാണെന്നും എന്നാൽ ഇത് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ ചിലർ ബോധപൂർവം പ്രചരിപ്പിക്കുകയാണെന്നും എംഎൽഎ ആരോപിച്ചു. മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള പത്തനംതിട്ട മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ എംൽഎക്കു അറ്റകുറ്റപ്പണി നടത്താൻ കഴിയില്ലെന്നും ബസ് സ്റ്റാൻഡ് നിർമാണത്തിലെ അപാകതയും അഴിമതിയും അശാസ്ത്രീയതയും ജനങ്ങളുടെ ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി എൽഡിഎഫ് നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു. മുൻസിപ്പൽ ഭരണം കോൺഗ്രസിന്‍റെ കയ്യിലാണെന്നത് വള്ളംകളി നടത്തി അപവാദ പ്രചാരണം നടത്തിയവർക്ക് അറിയാത്തതുമല്ലെന്നും അവർ കുറ്റപ്പെടുത്തി.



അതേസമയം, വീണ ജോർജിന്‍റെ വിശദീകരണ പോസ്റ്റിനെതിരേയും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും മതവിദ്വേഷം വളർത്തുന്നതുമായ പരാമർശം ഏതാണെന്ന് ചൂണ്ടിക്കാട്ടണമെന്നാണ് ചിലർ ആവശ്യപ്പെടുന്നത്. സ്ത്രീകളെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിക്കുന്ന ഒരുപാട് പരാതികൾ നിലവിൽ സൈബർ സെല്ലിന്‍റെ പരിഗണനയിലുണ്ടെന്നും ഇത്തരം പ്രമുഖർക്ക് കിട്ടുന്നതുപോലെ പാവപ്പെട്ടവന്‍റെ നീതി കൂടി പെട്ടെന്ന് കിട്ടിയിരുന്നെങ്കിലെന്ന് ചിലർ അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.