റിയോയിൽ ഇന്ത്യക്ക് 120 അംഗ സംഘം ടീം ഇന്ത്യക്ക് ഔദ്യോഗിക യാത്രയയപ്പ് നൽകി
റിയോയിൽ ഇന്ത്യക്ക് 120 അംഗ സംഘം ടീം ഇന്ത്യക്ക് ഔദ്യോഗിക യാത്രയയപ്പ് നൽകി
Tuesday, July 19, 2016 12:12 PM IST
ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ഇന്ത്യ റിയോയിലേക്ക്. ഇന്ത്യൻ സംഘത്തിന് കേന്ദ്ര കായിക മന്ത്രാലയവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും കഴിഞ്ഞദിവസം ഔദ്യോഗിക യാത്രയയപ്പ് നൽകി. ഗുസ്തി, ജിംനാസ്റ്റിക്സ്, ജൂഡോ, ടേബിൾ ടെന്നീസ്, ഹോക്കി, അത്ലറ്റിക്സ്,ബാഡ്മിന്റൺ, ടെന്നീസ് തുടങ്ങിയ ഇനങ്ങളിൽ ഒളിമ്പിക് യോഗ്യത നേടിയ 21 അംഗങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്. കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് എൻ. രാമചന്ദ്രൻ, ഒളിമ്പിക് അമ്പാസഡർമാരായ സൽമാൻ ഖാൻ, എ.ആർ. റഹ്മാൻ തുടങ്ങിയ പ്രമുഖരും ചടങ്ങിനെത്തി. ഇതിനുമുമ്പ് ലണ്ടൻ ഒളിമ്പിക്സിലാണ് ഇന്ത്യ ഏറ്റവും വലിയ സംഘത്തെ അയയ്ക്കുന്നത്. അന്ന് 83 അംഗ ടീമായിരുന്നു പോയത്. ഇത്തവണ 15 കായിക ഇനങ്ങളിലായാണ് ഇന്ത്യ ഇറങ്ങുന്നത്. ഇത്രയധികം ഇനങ്ങളിൽ യോഗ്യത നേടുന്നതും ഇതാദ്യമാണ്. കഴിഞ്ഞ തവണ ഇന്ത്യക്ക് ആറു മെഡലുകൾ ലഭിച്ചിരുന്നു.


ഏഴാം ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ലിയാൻഡർ പെയ്സാണ് ഇത്തവണത്തെ ടീമിലെ ശ്രദ്ധാകേ ന്ദ്രം. ബെയ്ജിംഗിൽ സ്വർണം നേടിയ അഭിനവ് ബിന്ദ്ര തന്റെ അഞ്ചാം ഒളിമ്പിക്സിൽ തോക്കെടുക്കും. ഗഗൻ നരംഗ്, യോഗേശ്വർ ദത്ത്, വികാസ് ഗൗഡ എന്നിവർ നാലാം ഒളിമ്പിക്സിനാണ് പോകുന്നത്. 1996 മുതൽ ഇന്ത്യക്ക് കുറഞ്ഞത് ഒരു മെഡൽ എങ്കിലും കിട്ടിയിട്ടുണ്ട്. ഇത്തവണ മെഡൽ നേട്ടം ഇരട്ട സംഖ്യയിലെത്തുമെന്നാണ് ഐഒഎയുടെ അവകാശവാദം. ഒളിമ്പിക് തയാറെടുപ്പുകൾക്കായി വിവിധ താരങ്ങൾക്ക് ടാർജറ്റ് ഒളിമ്പിക് പോഡിയം(ടോപ്പ്) എന്ന പദ്ധതിയിലൂടെ സർക്കാർ വിദഗ്ധ പരിശീലനം നൽകിയിരുന്നു. കോടിക്കണക്കിനു രൂപ ഇതിനായി ചെലവഴിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.