സ്വര്‍ണപ്രഭയില്‍ കേരളം
സ്വര്‍ണപ്രഭയില്‍ കേരളം
Wednesday, November 25, 2015 11:08 PM IST
റാഞ്ചി: കേരളം ട്രാക്കിലായി. 31-ാമത് ദേശീയ ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ മൂന്നാം ദിനം സ്വര്‍ണ മഴ പെയ്തപ്പോള്‍ റാഞ്ചിയില്‍ കേരളനടനം. ഇന്നലെ മാത്രം എട്ടു സ്വര്‍ണവും അഞ്ചു വെള്ളിയും എട്ടു വെങ്കലവുമാണ് കേരളം കൂടയിലാക്കിയത്. ഇതോടെ പോയിന്റ് നിലയില്‍ തലപ്പത്തെത്താനും കേരളത്തിനായി. മീറ്റ് ഒരു ദിവസം മാത്രം അവശേഷിക്കേ കേരളവും തമിഴ്നാടും 240 പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. രണ്ടാം സ്ഥാനത്തുള്ള ഹരിയാനയ്ക്ക് 236 പോയിന്റുണ്ട്.

അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം നേടിയ ഉഷ സ്കൂളിലെ ജിസ്ന മാത്യുവാണ് ഇന്നലത്തെ താരം. 53.85 സെക്കന്‍ഡിലാണ് ജിസ്ന 400 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. പിങ്കി പ്രാമാണിക്കിന്റെ പേരിലുള്ള 54.92 സെക്കന്‍ഡ് എന്ന റിക്കാര്‍ഡാണ് ജിസ്ന പഴങ്കഥയാക്കിയത്. ജിസ്നയുടെ പേരില്‍ത്തന്നെയാണ് ഈയിനത്തില്‍ ദേശീയ റിക്കാര്‍ഡ്. തുടര്‍ച്ചയായ രണ്ടാം സ്വര്‍ണത്തോടെ പി.എസ് പ്രഭാവതി താന്‍ ഭാവി താരമാണെന്നു തെളിയിച്ചു. ട്രയാത്തലണില്‍ സ്വര്‍ണം നേടിയ പ്രഭാവതി ഇന്നലെ അണ്ടര്‍ 14 പെണ്‍കുട്ടികളുടെ വിഭാഗം ലോംഗ് ജംപിലും(5.40 മീറ്റര്‍) സ്വര്‍ണം സ്വന്തമാക്കി.

ഇന്നലെ രാവിലെ നടന്ന അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ എ. ദിവ്യ നേടിയ സ്വര്‍ണത്തോടെയാണ് കേരളം മെഡല്‍ വേട്ട ആരംഭിച്ചത്. സമയം 16: 09.36.

അണ്ടര്‍ 20 ട്രപ്പിള്‍ ജംപില്‍ പ്രതീക്ഷിച്ചതുപോലെ ആതിര സുരേന്ദ്രന്‍ സ്വര്‍ണം സ്വന്തമാക്കി. 12.41 മീറ്റര്‍ കണ്െടത്തിയ ആതിരയ്ക്കായിരുന്നു കഴിഞ്ഞ സീസണിലും സ്വര്‍ണം. അതേസമയം, ഈയിനത്തില്‍ മത്സരിച്ച എം. അനുവിനു നാലാമതെത്താനേ കഴിഞ്ഞുള്ളൂ.

അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ടി. സൂര്യ മോള്‍ (59.20 സെക്കന്‍ഡ്) വെള്ളി നേടിയപ്പോള്‍ സ്വര്‍ണം പശ്ചിമ ബംഗാളിന്റെ സുമിത ഭൌമിക് (58.93) സ്വര്‍ണത്തില്‍ മുത്തമിട്ടു. ജൂണിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററിലും കേരളം വെള്ളിയിലൊതുങ്ങി. 55.47 സെക്കന്‍ഡിലാണ് ജറിന്‍ ഓട്ടം പൂര്‍ത്തിയാക്കിയത്. ഹരിയാനയുടെ രജനി നഗര്‍(55.39) സ്വര്‍ണം നേടിയപ്പോള്‍ വെങ്കലം കേരളത്തിന്റെ തന്നെ ശഹര്‍ബാന സിദ്ദിഖിനാണ്. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ കെ. ആല്‍ഫി ലൂക്കോസ്(5.95 മീറ്റര്‍) കേരളത്തിനു വെള്ളി നേടിയപ്പോള്‍ സ്വര്‍ണം അതേ ദൂരം കണ്െടത്തിയ ജാര്‍ഖണ്ഡിന്റെ പ്രിയങ്ക കെര്‍കേട്ടയ്ക്കാണ്. നൂറു മീറ്റര്‍ മത്സരങ്ങളില്‍ കേരളം അമ്പേ നിരാശപ്പെടുത്തിയപ്പോള്‍ ലഭിച്ചത് ഒരു സ്വര്‍ണം മാത്രമാണ്. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ എം. അഖില സ്വര്‍ണം നേടി മീറ്റിലെ വേഗമേറിയ താരമായി. 12.21 സെക്കന്‍ഡിലാണ് അഖില ഫിനിഷിംഗ് ലൈനില്‍ തൊട്ടത്. ഈയിനത്തില്‍ എ.പി. ഷില്‍ബി(12.30) വെങ്കലവും നേടി.

അണ്ടര്‍ 20 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിനു വേണ്ടി മത്സരിച്ച എം. ജോസഫ് (10.84) ജോയ്ക്കു വെങ്കലമാണു ലഭിച്ചത്. യുപിയുടെ ഗൌരവ് കുമാറാണ് (10.66) മീറ്റലെ വേഗമേറിയ താരം. ഹരിയാനയുടെ മോഹിത് വെള്ളിയും നേടി. അണ്ടര്‍ 20 ആണ്‍, പെണ്‍ വിഭാഗത്തിലെ 4-100 മീറ്റര്‍ റിലേയിലെ രണ്ടു സ്വര്‍ണവും കേരളത്തിനാണ്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡി. ശ്രീകാന്ത്, നിധിന്‍, ജ്യോതിപ്രസാദ്, എം. ജോസഫ് എന്നിവരുടെ സംഘമാണ് കേരളത്തിനു സ്വര്‍ണം സമ്മാനിച്ചത്. സമയം-41.65 സെക്കന്‍ഡ്. പെണ്‍കുട്ടികളുടെ —ിഭാഗത്തില്‍ സൌമ്യ വര്‍ഗീസ്, രമ്യ രാജന്‍, എ.പി. ഷില്‍ബി, എം. അഖില എന്നിവരുടെ സംഘം 47.83 സെക്കന്‍ഡില്‍ ഓടിയെത്തി സ്വര്‍ണം സ്വന്തമാക്കി.

അതേസമയം, അണ്ടര്‍ 18 മെഡ്ലെ റിലേ റിലേയില്‍ പെണ്‍കുട്ടികള്‍ സ്വര്‍ണം നേടിയപ്പോള്‍ ആണ്‍കുട്ടികള്‍ വെള്ളിയിലൊതുങ്ങി. ആണ്‍കുട്ടികള്‍ 1 മിനിറ്റ് 56.03 സെക്കന്‍ഡിലാണ് ഓടിയെത്തിയത്. സ്വര്‍ണം ഹരിയാന സ്വന്തമാക്കി. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 1000 മീറ്റര്‍ മെഡ്ലെ റിലേയിലും കേരളത്തിനു വെള്ളിയാണു ലഭിച്ചത്. ഈയിനത്തില്‍ ബംഗാളിനാണ് സ്വര്‍ണം.

കേരളത്തിന്റെ മറ്റ് വെങ്കല ജേതാക്കള്‍

അഞ്ജലി സാബു(അണ്ടര്‍ 18 5000 മീറ്റര്‍ നടത്തം), പി. അഞ്ജലി ഫ്രാന്‍സിസ് (അണ്ടര്‍ 18 പോള്‍ വോള്‍ട്ട്), ബിസ്മി ജോസഫ് (അണ്ടര്‍ 16, 400 മീറ്റര്‍), സഞ്ജു സാജന്‍ (ജൂണിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.