കൊളംബോയില്‍ റാലിക്കു നേരേ വെടിവയ്പ്; ഒരാള്‍ മരിച്ചു
Saturday, August 1, 2015 11:42 PM IST
കൊളംബോ: കൊളംബോയില്‍ ഭരണകക്ഷിയായ യുഎന്‍പി സംഘടിപ്പിച്ച തെരഞ്ഞെടുപ്പു റാലിക്കു നേരേ മുഖംമൂടിധരിച്ച തോക്കുധാരികള്‍ നടത്തിയ വെടിവയ്പില്‍ ഒരു സ്ത്രീ മരിക്കുകയും 13 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ധനമന്ത്രി രവി കരുണനായകെ റാലിയില്‍ പങ്കെടുത്തിരുന്നു.

ഓഗസ്റ് 17നു നടക്കുന്ന പാര്‍ലമെന്ററി തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലുണ്ടാവുന്ന ആദ്യത്തെ ശക്തമായ ആക്രമണമാണിത്. രാഷ്ട്രീയ തിരിച്ചുവരവിനു ശ്രമിക്കുന്ന മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ ആളുകളാണ് ആക്രമണത്തിനു പിന്നിലെന്ന് ധനമന്ത്രി കരുണനായകെ ആരോപിച്ചു.

താന്‍ നിന്നിരുന്നതിനു 20 അടി അകലെയാണ് വെടിവയ്പു നടന്നതെന്നും ഇതു രാഷ്ട്രീയ ഭീകരതയാണെന്നും കരുണനായകെ പറഞ്ഞു. റാലിയോടനുബന്ധിച്ച് ചിലര്‍ പടക്കം പൊട്ടിക്കുമ്പോള്‍ പെട്ടെന്ന് കറുത്ത കാറില്‍ വന്നിറങ്ങിയ നാലു മുഖംമൂടിധാരികള്‍ ജനക്കൂട്ടത്തിനു നേര്‍ക്കു വെടിവയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.