കന്നഡ സാഹിത്യകാരന്‍ കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചു
കന്നഡ സാഹിത്യകാരന്‍ കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചു
Monday, August 31, 2015 12:41 AM IST
ബംഗളൂരു: പ്രമുഖ കന്നഡ സാഹിത്യകാരനും ഹംപിയിലെ കന്നഡ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ മല്ലേശപ്പ എം. കല്‍ബുര്‍ഗി (77) വെടിയേറ്റു മരിച്ചു. ഇന്നലെ രാവിലെ 8.40നായിരുന്നു സംഭവം. ധാര്‍വാഡ് നഗരത്തിലെ കല്യാണ്‍ നഗറിലുള്ള വീട്ടില്‍ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണു കല്‍ബുര്‍ഗിക്കു വെടിയേറ്റത്.

ബൈക്കിലെത്തിയ രണ്ടംഗ സംഘം കോളിംഗ് ബെല്ലടിക്കുകയും വാതില്‍ തുറന്ന കല്‍ബുര്‍ഗിയെ തുരുതുരാ വെടിവച്ചശേഷം കടന്നുകളയുകയുമായിരുന്നു. തലയ്ക്കും നെഞ്ചിനും വെടിയേറ്റ അദ്ദേഹത്തെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അക്രമികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി ഹുബ്ബല്ലി- ധര്‍വാഡ് സിറ്റി പോലീസ് കമ്മീഷണര്‍ രവീന്ദ്ര പ്രസാദ് അറിയിച്ചു. കല്‍ബുര്‍ഗിയുടെ മരണത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടുക്കം രേഖപ്പെടുത്തി. കൊലപാതകത്തെ അപലപിച്ച ബിജെപി, കുറ്റവാളികളെ എത്രയുംവേഗം നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.

സംഭവത്തിനു പിന്നില്‍ സംഘപരിവാര്‍ സംഘടനയായ ബജ്രംഗ്ദള്‍ ആണെന്നാണ് അനുമാനം. ബജ്രംഗ്ദള്‍ കോ-കണ്‍വീനര്‍ ഭുവിത് ഷെട്ടി ട്വിറ്ററില്‍ കുറിച്ച സന്ദേശമാണ് ഇത്തരമൊരു അനുമാനത്തിലേക്കു പോലീസിനെ എത്തിച്ചത്. ട്വിറ്റര്‍ സന്ദേശത്തില്‍ ഭുവിത് ഷെട്ടി കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും പിന്നീട് ഈ സന്ദേശം നീക്കം ചെയ്തു. അന്ന് അനന്തമൂര്‍ത്തിയായിരുന്നുവെന്നും ഇപ്പോഴത് എം.എം. കല്‍ബുര്‍ഗിയാണെന്നും അടുത്ത ലക്ഷ്യം യുക്തിവാദിയായ കെ.എസ്. ഭഗവാനാണെന്നും ഇന്നലെ രാവിലെ 10.41ന് ട്വിറ്ററില്‍ കുറിച്ച സന്ദേശത്തില്‍ ഭുവിത് ചൂണ്ടിക്കാട്ടി. ഹിന്ദുമതത്തെ കളിയാക്കുന്നവര്‍ക്കു പട്ടിയെപ്പോലെ ചാകാനായിരിക്കും യോഗമെന്നും സന്ദേശത്തില്‍ പറഞ്ഞു. ഭുവിത് ഷെട്ടിക്കായി പോലീസ് വലവിരിച്ചിട്ടുണ്ട്.


കന്നഡ ഹംപി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറായ കല്‍ബുര്‍ഗി കന്നഡ ഭാഷാപണ്ഡിതനുമായിരുന്നു. 2006ല്‍ മാര്‍ഗ-4 എന്ന പ്രബന്ധത്തിനു കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടി. കൂടാതെ കന്നഡ സാഹിത്യ അക്കാഡമി അവാര്‍ഡ്, പമ്പാ അവാര്‍ഡ്, യക്ഷഗാന അവാര്‍ഡ്, നൃപതുംഗ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ക്കും അദ്ദേഹം അര്‍ഹനായി.

1938ല്‍ ബിജാപുരിലെ യാറഗല്‍ ഗ്രാമത്തിലാണ് കല്‍ബുര്‍ഗിയുടെ ജനനം. വിഗ്രഹാരാധനയ്ക്കും അന്ധവിശ്വാസത്തിനുമെതിരേ ശബ്ദമുയര്‍ത്തിയ സാഹിത്യകാരനായിരുന്നു കല്‍ബുര്‍ഗി. ഇതുസംബന്ധിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതേത്തുടര്‍ന്നു ചില തീവ്രഹിന്ദു സംഘടനകള്‍ അദ്ദേഹത്തിനെതിരേ ഭീഷണി മുഴക്കിയിരുന്നു.

അദ്ദേഹത്തിന്റേതായി എണ്‍പതുകളില്‍ പുറത്തിറങ്ങിയ മാര്‍ഗ-1 എന്ന പുസ്തകത്തില്‍ വീരശൈവ (ലിംഗായത്ത്) സമുദായത്തിനെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ പ്രതിഷേധങ്ങള്‍ക്കു വഴിവച്ചിരുന്നു. സമുദായ നേതാവായിരുന്ന ബസവേശ്വരയെക്കുറിച്ചു പുസ്തകത്തിലെ രണ്ട് അധ്യായങ്ങളിലായി നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യമുയര്‍ന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം ലിംഗായത്ത് സന്യാസിമാരോടു മാപ്പുപറയുകയും ചെയ്തിരുന്നു. എന്നാല്‍, പുസ്തകം നിരോധിക്കണമെന്നു സമുദായ സംഘടനകള്‍ ശക്തമായി ആവശ്യമുന്നയിച്ചു.

പിന്നീടു വിഗ്രഹാരാധനയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരേ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങളും പ്രതിഷേധങ്ങള്‍ക്കു വഴിവച്ചു. ഹൈന്ദവരുടെ വിഗ്രഹാരാധന അപകീര്‍ത്തിപരവും ഈശ്വരനിന്ദയുമാണെന്ന അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ വിഎച്ച്പി, ബജ്റംഗ്ദള്‍ സംഘടനകളെ ചൊടിപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.