ഐസിയുവില്‍ നഴ്‌സുമാരുടെ ടിക് ടോക്ക്; ചെവിക്കുപിടിച്ച് ആരോഗ്യവകുപ്പ് Nurses'
നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ ടിക്ക് ടോക്ക് വീഡിയോകള്‍ ഷൂട്ട് ചെയ്ത് നഴ്‌സുമാര്‍. ഒഡീഷയിലെ മാല്‍കാംഗിരിയിലെ ജില്ലാ ആശുപത്രിയിലായിരുന്നു സംഭവം. തീവ്രപരിചരണ വിഭാഗത്തില്‍ യൂണിഫോം ധരിച്ചാണ് നഴ്‌സുമാര്‍ ടിക്ക് ടോക്ക് ചെയ്തത്. നഴ്‌സുമാര്‍ ആടിയും പാടിയും അരങ്ങ് തകര്‍ത്തതോടെ സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.

എന്നാല്‍ ജോലിസ്ഥലത്ത് പ്രത്യേകിച്ച് കുട്ടികളുടെ തീവ്രപരിചരണ വിഭാഗം പോലുള്ള സ്ഥലത്ത് ടിക് ടോക്ക് ചിത്രീകരിച്ച നഴ്‌സുമാരുടെ നിരുത്തരവാദപരമായ നടപടിയില്‍ വ്യാപകവിമര്‍ശവും ഉയര്‍ന്നു. മാത്രമല്ല നവജാത ശിശുക്കളേപ്പോലും തങ്ങളുടെ വീഡിയോയ്ക്കുവേണ്ടി ഇവര്‍ ഉപയോഗിച്ചുവെന്നതു പ്രതിഷേധം ഇരട്ടിയാക്കി. ഇതോടെ നഴ്‌സുമാര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. റൂബി റായ്, നന്ദിനി റായി, ജ്യോതി റായ്, തപ്‌സി ബിശ്വാസ് എന്നീ നഴ്‌സുമാര്‍ക്കെതിരെയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.


നഴ്സുമാര്‍ പാട്ടുപാടുന്നതും ഹിന്ദി ഗാനങ്ങള്‍ക്ക് നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെയും വീഡിയോയില്‍ കാണാം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഉടന്‍തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും ആശുപത്രി ഓഫീസര്‍ ഇന്‍-ചാര്‍ജ് തപന്‍ കുമാര്‍ ഡിന്‍ഡയും അറിയിച്ചു.