മണ്ണാർക്കാട്: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഇഎസ് എ കരട് വിജ്ഞാപനത്തിേൽ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ സമർപ്പിച്ച ഫൈനൽ ഡ്രാഫ്റ്റിൽ ജില്ലയിലെ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉൾപ്പെട്ട പതിമൂന്ന് വില്ലേജുകൾ ഇഎസ് എ വില്ലേജുകളാക്കിയ നടപടി പിൻവലിക്കണമെന്ന് കത്തോലിക്കാ കോണ്ഗ്രസ് പാലക്കാട് രൂപത എക്സിക്യൂട്ടീവ് യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രഫ. ഉമ്മൻ വി.ഉമ്മൻ കമ്മറ്റിയുടേയും പഞ്ചായത്തുതല കമ്മറ്റികളുടേയും ശിപാർശപ്രകാരം കേരളത്തിലെ ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും സർക്കാർ ഭൂമികളും ഇഎസ് എയിൽനിന്ന് ഒഴിവാക്കി, റിസർവ് ഫോറസ്റ്റുകളും സംരക്ഷിത പ്രദേശങ്ങളും ലോക പൈതൃകപ്രദേശങ്ങളും മാത്രം ഉൾപ്പെടുത്തിയാണ് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത് എന്നാണ് കരുതിയിരുന്നത്.
എന്നാൽ 2018 ജൂണിൽ അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച ഫൈനൽ ഡ്രാഫ്റ്റ് പ്രകാരം കേരളത്തിലെ 92 വില്ലേജുകൾ ഇഎസ് എ വില്ലേജുകളാണ്. ഇഎസ് എ നിർണയിക്കാനുള്ള മിനിമം യൂണിറ്റ് റവന്യൂ വില്ലേജാണെന്നും വില്ലേജിന്റെ ഒരു ഭാഗം മാത്രം ഇഎസ്എ ആയി പ്രഖ്യാപിക്കാൻ സാധ്യമല്ലായെന്നും കേന്ദ്ര ഗവണ്മെന്റ് വ്യക്തമാക്കിയിട്ടുള്ളതിനാൽ സ്ഥലപരിശോധന നടത്തി കൃഷിഭൂമികളും ജനവാസമേഖലകളും ഉൾപ്പെടുത്തി പുതിയ വില്ലേജുകൾ രൂപീകരിച്ച് സംസ്ഥാന സർക്കാർ കർഷകരെ സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മണ്ണാർക്കാട് താലൂക്കിലെ ഷോളയൂർ വില്ലേജ് (89.17 സ്ക്വയർ കിലോമീറ്റർ), പുടൂർ വില്ലേജ് (226.92 സ്ക്വയർ കിലോമീറ്റർ), പാടവയൽ വില്ലേജ് (99.67 സ്ക്വയർ കിലോമീറ്റർ), കോട്ടത്തറ വില്ലേജ് (23.58 സ്ക്വയർ കിലോമീറ്റർ), അഗളി വില്ലേജ് (26.06 സ്ക്വയർ കിലോമീറ്റർ), കള്ളമല വില്ലേജ് (31.06 സ്ക്വയർ കിലോമീറ്റർ), പാലക്കയം വില്ലേജ് (73.76 സ്ക്വയർ കിലോമീറ്റർ) സ്ഥലങ്ങൾ ഇഎസ് എ പ്രദേശമാണ്.
പാലക്കാട് താലൂക്കിലെ മലന്പുഴ ഒന്ന് വില്ലേജ് (69.17 സ്ക്വയർ കിലോമീറ്റർ), പുതുപ്പരിയാരം ഒന്ന് വില്ലേജ് (61.01 സ്ക്വയർ കിലോമീറ്റർ), പുതുശേരി ഈസ്റ്റ് വില്ലേജ് (72.56 സ്ക്വയർ കിലോമീറ്റർ) സ്ഥലങ്ങൾ ഇഎസ് എ പ്രദേശമാണ്. കൂടാതെ ആലത്തൂർ താലൂക്കിലെ കിഴക്കഞ്ചേരി വില്ലേജ് ഒന്ന് (6.48 സ്ക്വയർ കിലോമീറ്റർ) സ്ഥലവും ചിറ്റൂർ താലൂക്കിലെ മുതലമട വില്ലേജ് ഒന്ന് (179.80 സ്ക്വയർ കിലോമീറ്റർ), നെല്ലിയാന്പതി വില്ലേജ് (325.83 സ്ക്വയർ കിലോമീറ്റർ) സ്ഥലവും ഇഎസ് എ പ്രദേശങ്ങളാണ്.
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ ന്യായീകരിക്കാനാകാത്തതും കർഷകവിരുദ്ധവും അത്യന്തം വേദനാജനകവുമാണ്. പ്രകൃതിയെയും ജൈവ വൈവിധ്യങ്ങളെയും സംരക്ഷിക്കുന്ന സാധാരണക്കാരായ മലയോര കർഷകജനതയുടെ അതിജീവനം അസാധ്യമാക്കുന്ന വിധത്തിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് തികഞ്ഞ അനീതിയും ക്രൂരതയുമാണ്.
ഇഎസ് എ പ്രദേശങ്ങളിലും മറ്റ് പ്രദേശങ്ങളിലും ജീവിക്കുന്ന ജനങ്ങൾ തമ്മിൽ സാമൂഹ്യ സാന്പത്തിക അസന്തുലിതാവസ്ഥ ഇതുമൂലം സംജാതമാകും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ വനമേഖലമുള്ള കേരളത്തിൽ കൃഷി ഉപജീവന മാർഗമായി സ്വീകരിച്ചിരിക്കുന്ന ജനങ്ങളെ സംരക്ഷിക്കുവാനും അവർക്കുവേണ്ടി വാദിക്കുവാനും സംസ്ഥാന സർക്കാരും വിവിധ രാഷ്ടീയകക്ഷികളും തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കത്തോലിക്കാ കോണ്ഗ്രസ് രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി യോഗം ഉദ്ഘാടനം ചെയ്തു. രൂപത ജനറൽ സെക്രട്ടറി അജോ വട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ സമിതി വൈസ് പ്രസിഡന്റ് ജോസ് മേനാച്ചേരി, ഗ്ലോബൽ സമിതി സെക്രട്ടറി മോഹൻ ഐസക്, വൈസ് പ്രസിഡന്റുമാരായ ജോസ് മുക്കട, സ്വപ്ന ജെയിംസ്, ഷേർളി റാവു, സെക്രട്ടറിമാരായ അഡ്വ. ബോബി പൂവത്തിങ്കൽ, ജോസ് വടക്കേക്കര, എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് ഏബ്രഹാം തെങ്ങുംപള്ളിൽ, സണ്ണി കലങ്ങോട്ടിൽ, സുരേഷ് വടക്കൻ എന്നിവർ പ്രസംഗിച്ചു.