ഷോ​ക്കേ​റ്റ് മ​ര​ണം: കണ്ണീരോടെ തെ​ക്കു​ഞ്ചേ​രി ഗ്രാ​മം
Friday, February 28, 2020 10:44 PM IST
വ​ട​ക്ക​ഞ്ചേ​രി: പ്രാ​യാ​ധി​ക്യ​ത്തി​ലും കു​ടും​ബ​ത്തി​നു താ​ങ്ങാ​കാ​നു​ള്ള ഓ​ട്ട​പ്പാ​ച്ചി​ലി​നിടെ അ​മ്മ​മാരെ മ​ര​ണം ത​ട്ടി​യെ​ടു​ത്ത​തി​ന്‍റെ വേ​ദ​ന​യി​ലാ​ണ് മു​ട​പ്പ​ല്ലൂ​ര്‍ തെ​ക്കു​ഞ്ചേ​രി ഗ്രാ​മം. ഇ​രി​ങ്ങാ​ല​ക്കു​ട​യ്ക്ക​ടു​ത്ത് മൂ​ര്‍​ക്ക​നാ​ട് പാ​ട​ത്തെ പ​ണി​ക്കി​ടെ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ല്‍നിന്നു ഷോ​ക്കേ​റ്റുമ​രി​ച്ച കു​ഞ്ച (66)യും ​ദേ​വു(65)വും ​തെ​ക്കുഞ്ചേ​രി​യി​ലെ അ​യ​ല്‍​വാ​സി​ക​ളാ​ണ്.

പ​ണി​സ്ഥ​ല​ത്താ​യാ​ലും നാ​ട്ടി​ലാ​യാ​ലും വി​ട്ടു​പി​രി​യാ​ത്ത കൂ​ട്ടു​കാ​രാ​യി​രു​ന്നു ഇ​വ​ര്‍. മ​ര​ണ​ത്തി​ലും ഒ​ന്നി​ച്ചാ​യി. കു​ടും​ബ പ്രാ​ര​ബ്ധ​ങ്ങ​ള്‍​ക്കു താ​ങ്ങാ​കാ​നാ​ണ് ഇ​വ​ര്‍ പ്രാ​യാ​ധി​ക്യം വ​ക​വ​യ്ക്കാ​തെ പ​ണി​ക്കു പോ​യി​രു​ന്ന​ത്. തൃ​ശൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ കൂ​ലി കി​ട്ടു​മെ​ന്ന​തി​നാ​ലാ​ണ് ദൂ​ര​യാ​ത്ര ചെ​യ്തും ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ഗ​ങ്ങ​ളി​ല്‍ പ​ണി​ക്കു പോ​യി​രു​ന്ന​ത്.

പ​ണി​സ്ഥ​ല​ത്തുത​ന്നെ താ​മ​സ​വും ഭ​ക്ഷ​ണ​വും കി​ട്ടു​മെ​ന്ന​തി​നാ​ല്‍ ദി​വ​സ​വും കി​ട്ടു​ന്ന കൂ​ലി വീ​ട്ടു​ചെ​ല​വു​ക​ള്‍​ക്കു മാ​റ്റി​വ​യ്ക്കാ​നാ​കും. പ​ണി​ക്കുപോ​യാ​ല്‍ ഒ​ന്നോ ര​ണ്ടോ ആ​ഴ്ച ക​ഴി​ഞ്ഞാ​ലേ വീ​ട്ടി​ലേ​ക്കു വ​രൂ. ദി​വ​സ​വും വ​ന്നു​പോ​യാ​ല്‍ ബ​സ് ചാ​ര്‍​ജും മ​റ്റു​മാ​യി വ​രു​മാ​നം കു​റ​യു​മെ​ന്ന​തി​നാ​ലാ​യി​രു​ന്നു സൗ​ക​ര്യ​ങ്ങ​ളു​ടെ പ​രി​മി​തി​ക​ളി​ലും പ​ണി​സ്ഥ​ല​ങ്ങ​ളി​ല്‍ത​ന്നെ ക​ഴി​ഞ്ഞി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​രു​വ​രും പ​ണി​ക്കാ​യി ഇ​രി​ങ്ങാ​ല​ക്കു​ട​യ്ക്കു പോ​യ​ത്. പാ​ല​ക്കാ​ട് ഭാ​ഗ​ത്തെ നി​ര​വ​ധി​പേ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ വ​യ​ലി​ലെ പ​ണി​ക​ള്‍​ക്കും കെ​ട്ടി​ട​നി​ര്‍​മാ​ണ ജോ​ലി​ക​ള്‍​ക്കു​മാ​യി പോ​കു​ന്നു​ണ്ട്.

പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇന്നലെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു തെ​ക്കുഞ്ചേ​രി​യി​ല്‍ കൊ​ണ്ടു​വ​ന്നു. സ​മു​ദാ​യ ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നുവ​ച്ച മൃ​ത​ദേ​ഹ​ങ്ങ​ളി​ല്‍ കെ.​ഡി.​പ്ര​സേ​ന​ന്‍ എം​എ​ല്‍​എ തു​ട​ങ്ങി നി​ര​വ​ധി​പേ​ര്‍ അ​ന്തി​മോ​പ​ചാ​ര​മ​ര്‍​പ്പി​ച്ചു.

തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്കു കൊ​ണ്ടുപോ​യി. കു​ഞ്ച​യു​ടെ മൃ​ത​ദേ​ഹം തി​രു​വി​ല്വാ​മ​ല ഐ​വ​ര്‍​മ​ഠം ശ്മ​ശാ​ന​ത്തി​ലും ദേ​വു​വി​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ലും സം​സ്‌​ക​രി​ച്ചു.