നെ​ല്ല​റ​യി​ലെ ക​ർ​ഷ​ക​ർ​ക്ക​ഭി​മാ​ന​മാ​യി നെ​ൽ​കൃ​ഷി​യു​ടെ വി​സ്തൃ​തി​യി​ൽ വ​ർ​ദ്ധന
Sunday, November 17, 2019 11:11 PM IST
ആലത്തൂർ: സം​സ്ഥാ​ന​ത്തി​ന്‍റെ നെ​ല്ല​റ​യായ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ നെ​ൽ​കൃ​ഷി​യി​ൽ വ​ർ​ദ്ധന​യു​ള്ള​താ​യി ക​ണ​ക്കു​ക​ൾ. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​യും ഈ ​വ​ർ​ഷ​ത്തെ​യും പ്ര​ള​യ കാ​ല​ങ്ങ​ളൊ​ക്കെ അ​തി​ജീ​വി​ച്ചി​ട്ടും ജി​ല്ല​യി​ൽ നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന ഭൂ​മി​യു​ടെ അ​ള​വി​ൽ വ​ർ​ദ്ധന​യു​ണ്ടാ​വു​ന്ന​ത് ക​ർ​ഷ​ക​ർ​ക്കും കൃ​ഷി​മേ​ഖ​ല​ക്കും ത​ന്നെ അ​ഭി​മാ​ന​ക​ര​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ജി​ല്ല​യി​ലാ​ക​മാ​നം 77,196 ഹെ​ക്ട​റി​ലാ​ണ് നെ​ൽ​കൃ​ഷി ചെ​യ്ത​തെ​ന്നി​രി​ക്കെ ഇ​ത്ത​വ​ണ പ്ര​ള​യ​കാ​ല​വും അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യും കാ​ര​ണം ഇ​ത് 71310 ഹെ​ക്ട​റാ​യി കു​റ​യു​ക​യാ​യി​രു​ന്നു​വെ​ങ്കി​ലും നെ​ൽ​ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്ത് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​ണി​പ്പോ​ഴും. ഈ ​വ​ർ​ഷം ഒ​ന്നാം വി​ള​ക്കു ത​ന്നെ 35,453 ഹെ​ക്ട​റിൽ നെ​ൽ കൃ​ഷി​യി​റ​ക്കി​യ​ത് ക​ർ​ഷ​ക​ർ​ക്ക​ഭി​മാ​ന​മാ​ണ്.
2010 മു​ത​ൽ 2015 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ജ​ല​ദൗ​ർ​ല​ഭ്യ​ത​യും വ​ന്യ​മൃ​ഗ​ശ​ല്യ​ത്താ​ലും കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ കൃ​ഷി രീ​തി ഗ​ണ്യ​മാ​യി കു​റ​യു​ക​യും നെ​ൽ​പ്പാ​ട​ങ്ങ​ളെ​ല്ലാം ഇ​ത​ര കൃ​ഷി​രീ​തി​ക​ൾ​ക്കു വ​ഴി​മാ​റു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ ഇ​ട​വേ​ള​ക്കു ശേ​ഷം ക​ഴി​ഞ്ഞ മൂ​ന്നു നാ​ലു വ​ർ​ഷ​ങ്ങ​ളി​ലാ​യി ചൂ​ടി​ന്‍റെ കാ​ഠി​ന്യ​മ​ൽ​പം കൂ​ടു​ത​ലാ​ണെ​ങ്കി​ലും മ​തി​യാ​യ അ​ള​വി​ൽ മ​ഴ ല​ഭി​ച്ച​തും അ​ണ​ക്കെ​ട്ടു​ക​ളി​ൽ നി​ന്നും കാ​ർ​ഷി​ക മേ​ഖ​ല​ക്കു​ള്ള ജ​ല​വി​ത​ര​ണം സു​ഗ​മ​മാ​വു​ന്ന​തു​മാ​ണ് കാ​ർ​ഷി​ക മേ​ഖ​ല​ക്കു പു​തു​ജന്മം ന​ൽ​കി​യ​ത്. ജി​ല്ല​യി​ൽ ര​ണ്ടാം​വി​ള​യും പു​ഞ്ച​കൃ​ഷി​യും കൂ​ടി ക​ഴി​ഞ്ഞാ​ൽ ഇ​ത്ത​വ​ണ​ത്തെ കൃ​ഷി​ഭൂ​മി​യു​ടെ വി​സ്തൃ​തി 78000 ഹെ​ക്ട​റി​ലേ​ക്കു​യ​രും.
2015 വ​ർ​ഷ​ത്തി​ൽ സം​സ്ഥാ​ന​ത്തെ നെ​ൽ​കൃ​ഷി​യു​ടെ വി​സ്തൃ​തി​യി​ൽ 35% വ​രെ കു​റ​വു​ണ്ടാ​യ​ത് ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​രു​ന്നു. സം​സ്ഥാ​ന​ത്തി​നാ​വ​ശ്യ​മാ​യ അ​രി​യു​ത്പാ​ദ​ന​ത്തി​ന്‍റെ 7.5 ശ​ത​മാ​നം മാ​ത്ര​മാ​ണി​വി​ടെ ന​ട​ത്തു​ന്ന​തെ​ന്നി​രി​ക്കെ ഇ​നി​യും ത​രി​ശാ​യി​ട്ടു​ള്ള മൂവായി​ര​ത്തി​ലേ​റെ ഹെ​ക്ട​ർ കൃ​ഷി​ഭൂ​മി​യി​ൽ കൂ​ടി കൃ​ഷി ചെ​യ്താ​ൽ ആ​കെ​യു​ത്പാ​ദ​ന​ത്തി​ന്‍റെ അ​ള​വും മെ​ച്ച​പ്പെ​ടു​ത്താ​നാ​വും. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി​യു​ള്ള വ​ളം വി​ത​ര​ണ​വും സ​പ്ലൈ​കോ​യി​ലൂ​ടെ​യു​ള്ള നെ​ല്ലു സം​ഭ​ര​ണ​വും സ്വ​കാ​ര്യ മി​ല്ലു​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം നി​യ​ന്ത്രി​ച്ച​തു​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യ​തും നെ​ൽ​കൃ​ഷി കൂ​ടു​ത​ൽ ക​രു​ത്തോ​ടെ തി​രി​ച്ചു വ​ന്ന​തും.
സ​പ്ലൈ​കോ വ​ഴി നി​ല​വി​ൽ ക​ർ​ഷ​ക​രി​ൽ നി​ന്നും 26.95 രൂ​പ​ക്കാ​ണ് നെ​ല്ലു സം​ഭ​രി​ക്കു​ന്ന​തെ​ന്നും കാ​ല​താ​മ​സ​മി​ല്ലാ​തെ ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു പ​ണം ന​ൽ​കു​ന്ന​തു​മെ​ല്ലാ​മാ​യ​തോ​ടെ ക​ർ​ഷ​ക​ർ​ക്കും കൂ​ടു​ത​ൽ പ്ര​ചോ​ദ​ന​മാ​വു​ക​യാ​യി​രു​ന്നു.
ജി​ല്ല​യി​ൽ കു​ഴ​ൽ​മ​ന്ദം, ആലത്തൂർ, കൊ​ടു​ന്പ്, ക​ണ്ണാ​ടി, കോ​ട്ടാ​യി, പെ​രി​ങ്ങോ​ട്ടു​കു​ർ​ശ്ശി, പ​റ​ളി, മാ​ത്തൂ​ർ, പൂ​ടൂ​ർ മേ​ഖ​ല​ക​ളി​ലാ​ണ് നെ​ൽ​കൃ​ഷി​ കൂടുതൽ.