പട്ടാമ്പി പുതിയപാലം സ്ഥലമെടുപ്പ് നടപടികൾക്കു തുടക്കമായി
1588187
Sunday, August 31, 2025 7:21 AM IST
ഷൊർണൂർ: പട്ടാമ്പിയിൽ പുതിയപാലം നിർമാണത്തിന് സ്ഥലമേറ്റെടുപ്പ് നടപടികൾ തുടങ്ങി. ഭാരതപ്പുഴയിൽ പുതിയ പാലം നിർമിക്കണമെന്ന ജനകീയാവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ ആവശ്യത്തിനാണ് പരിഹാരമാകുന്നത്. പാലത്തിനും അപ്രോച്ച് റോഡിനും ആവശ്യമായ സ്ഥലമേറ്റെടുപ്പാണ് നടത്തുന്നത്.
പട്ടാമ്പി നഗരസഭയിലെയും തൃത്താല പഞ്ചായത്തിലെയും സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടത്. പട്ടാമ്പി വില്ലേജിലെ 15 ഭൂമി ഉടമകളിൽ നിന്നും തൃത്താല വില്ലേജിലെ 24 ഭൂമി ഉടമകളിൽ നിന്നുമാണ് പാലത്തിനും റോഡിനും ആവശ്യമായ സ്ഥലം ഏറ്റെടുക്കാനുള്ളത്.
ഭൂമിയുടെ ഉടമകൾക്കു ഭൂമിക്ക് ന്യായമായ വില നൽകിയായിരിക്കും സ്ഥലം ഏറ്റെടുക്കുക എന്നു നേരത്തെ മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉടമകൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. പട്ടാമ്പി പട്ടണത്തിന്റെ ഭാഗമായ പട്ടാമ്പി നഗരസഭയെയും തൃത്താല പഞ്ചായത്തിനെയും ബന്ധിപ്പിച്ച് ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പട്ടാമ്പിപാലത്തിനു പകരമായാണ് പുതിയ പാലത്തിന് അനുമതി.
മഴക്കാലത്ത് ഭാരതപ്പുഴ നിറഞ്ഞു നിലവിലെ പട്ടാമ്പി പാലത്തിൽ വെള്ളം കയറി ദിവസങ്ങളോളം ഗതാഗത തടസം നേരിടാൻ തുടങ്ങിയതോടെയാണ് പട്ടാമ്പിയിൽ പുതിയ പാലം വേണമെന്ന ആവശ്യം ശക്തമായതും പുതിയ പാലം നിർമാണത്തിന് സർക്കാർ അനുമതിയും ഫണ്ടും ലഭിച്ചത്. രണ്ട് വർഷത്തിനകം പുതിയ പാലം നിർമാണം നടത്തുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്. പുതിയ പാലം നിർമാണം പൂർത്തിയായാൽ പഴയ പാലം കാൽനട യാത്രക്കാർക്കും ചെറു വണ്ടികൾക്കുമായി നിലനിർത്തും.
ഭൂവുടമകൾക്കു കൃത്യമായ നഷ്ടപരിഹാരം നൽകുമെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നുണ്ട്. പാലത്തിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമാണ പ്രവർത്തനങ്ങൾ മാസങ്ങൾക്ക് മുമ്പ് ആരംഭിച്ചെങ്കിലും മഴ കാരണം രണ്ട് മാസമായി പണി നിർത്തിവച്ചിരിക്കയാണ്. പുഴയിലെ തൂണുകളുടെ പൈലിംഗ് ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് മഴ കനത്തത്. മഴ മാറി പുഴയിലെ വെള്ളം കുറയുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. 50 കോടി രൂപയാണ് പുതിയ പാലം നിർമാണത്തിന് പ്രതീക്ഷിക്കുന്ന ചെലവ്.
30.86 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 370.9 മീറ്റർ നീളത്തിലാണ് പുതിയ പാലം നിർമിക്കുന്നത്. 7.5 മീറ്റർ റോഡും, 1.5 മീറ്റർ വീതിയിൽ നടപ്പാലവും ഉണ്ടാകും. ഇരു ഭാഗത്തേക്കും അനുബന്ധ റോഡുകളും പദ്ധതിയിൽ ഉൾപ്പെടും. കേരളറോഡ്ഫണ്ട് ബോർഡിനാണ് നിർമാണചുമതല.