മണ്ഡപക്കുന്ന്, ചൂരിയോട് ഭാഗത്തെ കരിങ്കൽക്വാറികളിൽ പരിശോധന
1442335
Tuesday, August 6, 2024 12:18 AM IST
മണ്ണാർക്കാട്: അലനല്ലൂർ പഞ്ചായത്തിലെ കോട്ടപ്പള്ള മണ്ഡപക്കുന്ന്, ചൂരിയോട് ഭാഗങ്ങളിൽ കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലും പരിസരത്തെ വീടുകളിലും ജിയോളി, റവന്യു വകുപ്പുകളും പഞ്ചായത്തും സംയുക്തമായി പരിശോധന നടത്തി.
ക്വാറി പ്രവർത്തനത്തെ സംബന്ധിച്ച പരാതികൾ നിലനിൽക്കെ കഴിഞ്ഞദിവസം പ്രദേശത്തുള്ളവരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് അധികൃതർ സ്ഥലങ്ങൾ സന്ദർശിച്ചത്. വീടുകൾക്ക് വിള്ളലുണ്ടാകുന്നതടക്കമുള്ള ആശങ്കകൾ പ്രദേശവാസികൾ അധികൃതരെ ബോധിപ്പിച്ചു.
സുരക്ഷാ ഭീഷണിയുള്ളതിനാൽ ക്വാറികൾ പ്രവർത്തിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. വിള്ളലുകളുണ്ടായതുൾപ്പടെ ഭൂരിഭാഗം വീടുകളിലും ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി.
ജനങ്ങൾ ഉന്നയിച്ച സുരക്ഷാഭീഷണിയടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചു ജില്ലാ കളക്ടർക്ക് റിപ്പോർട്ടു സമർപ്പിക്കുമെന്നു ജില്ലാ ജിയോളജിസ്റ്റ് എം.വി. വിനോദ് പറഞ്ഞു. അനുവദിക്കപ്പെട്ട അളവിൽ കൂടുതൽ ഖനനം നടത്തിയിട്ടുണ്ടോ എന്നതും പരിശോധിച്ചു തുടർനടപടികളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.