പട്ടാമ്പി നേർച്ച മാർച്ച് രണ്ട്, മൂന്ന് തീയതികളിൽ; ആഘോഷ കമ്മിറ്റി യോഗം നടത്തി
1396390
Thursday, February 29, 2024 6:48 AM IST
ഷൊർണൂർ: മാർച്ച് രണ്ട്, മൂന്ന് തീയതികളിലായി നടക്കുന്ന പട്ടാമ്പി നേർച്ചയുടെ നടത്തിപ്പ് ക്രമീകരണങ്ങൾ നിശ്ചയിച്ചു. പട്ടാമ്പി സിഐയുടെ നേതൃത്വത്തിൽ കേന്ദ്ര ആഘോഷ കമ്മിറ്റിയുടെയും അറുപതോളം വരുന്ന ഉപ ആഘോഷ കമ്മിറ്റികളുടെയും പ്രസിഡന്റ് സെക്രട്ടറിമാർ പോലീസ് സ്റ്റേഷനിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. നേർച്ചയുടെ നടത്തിപ്പ് ചിട്ടയായും ഭംഗിയായും പൂർത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
രാവിലത്തെ കൊടികയറ്റവും വൈകുന്നേരത്തെ വർണ്ണാഭമായ നഗര പ്രദക്ഷിണ ഘോഷ യാത്രയുടെയും പുലർച്ചെ നടക്കുന്ന അപ്പപ്പെട്ടി വരവിന്റെയും സമയ ക്രമീകരണവും ഉറപ്പുവരുത്തി.
മുൻ വർഷത്തേക്കാൾ കൂടുതൽ പോലീസിനെ നിയോഗിക്കുന്നതിന് പുറമേ മഫ്ടി പോലീസിന്റെയും സ്പെഷൽ ബ്രാഞ്ച് പോലീസിന്റെയും നൂറോളം സ്പെഷ്യൽ പോലീസിന്റെയും സുരക്ഷയും നഗരത്തിൽ ഉണ്ടാവും. അക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. സിസിടിവി നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു. പട്ടാമ്പി സിഐ എൻ.ബി. ഷൈജു, ഉപ ആഘോഷ കമ്മിറ്റികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.
കേന്ദ്ര നേർച്ച ആഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.ആർ. നാരായണസ്വാമി, സെക്രട്ടറി അലി പൂവത്തിങ്കൽ, എസ്ഐ എസ്.കെ. പ്രിയൻ, ടി.എം. കശ്യപൻ, സിവിൽ പോലീസ് ഓഫീസർ ടി.വി. ഷമീർ, നേർച്ച കമ്മിറ്റി ഭാരവാഹികളായ എ.വി അബു, പി.നസീം തുടങ്ങിയവർ പ്രസംഗിച്ചു.