എംഎൽഎ മാപ്പ് പറയണമെന്ന് വ്യാപാരികൾ
1300704
Wednesday, June 7, 2023 12:35 AM IST
മണ്ണാർക്കാട് : കാഞ്ഞിരപ്പുഴ റോഡ് വികസനവുമായി ബന്ധപ്പെട്ട് കെ. ശാന്തകുമാരി എംഎൽഎ കാഞ്ഞിരപ്പുഴയിലെ വ്യാപാരികളെ അടച്ച് ആക്ഷേപിച്ചതായി വ്യാപാരികൾ ആരോപിച്ചു. വ്യാപാരികൾ കേസ് കൊടുത്തതിന്റെ ഫലമായിട്ടാണ് കഴിഞ്ഞ ഒന്നര കൊല്ലമായി കാഞ്ഞിരപ്പുഴ റോഡ് പണി മുടങ്ങാൻ കാരണമെന്ന് കോങ്ങാട് എംഎൽഎ ആരോപിക്കുകയുണ്ടായി.
എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് വ്യാപാരികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. റോഡ് പണി മുടങ്ങി വർഷങ്ങൾ കഴിഞ്ഞ് ഗതാഗതം ദുഷ്കരമായ അവസ്ഥയിൽ ആയപ്പോഴാണ് വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
റോഡ് പണി ഉടൻ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു വ്യാപാരികൾ ഹൈക്കോടതിയിൽ സമീപിച്ചത്. ഹൈക്കോടതി റോഡ് പണി ഉടൻ പുനരാരംഭിക്കണം എന്നാണ് നിർദേശിച്ചതെന്നും നേതാക്കൾ പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞിരപ്പുഴ യൂണിറ്റ് പ്രസിഡന്റ് ജോർജ് നന്പുശേരിൽ, ജനറൽ സെക്രട്ടറി ബിജുമോൻ ടി.ഇലവുങ്കൽ, എക്സിക്യൂട്ടീവ് മെന്പർ ഖാലിദ് പൈക്കാടൻ, ബാലചന്ദ്രൻ കൊറ്റിയോട് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.